വന്യജീവി ആക്രമണം: വയനാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിനോട് അനുബന്ധിച്ച് യുഡിഎഫിന്റെ പ്രതിഷേധ മാര്‍ച്ചും ഇന്ന് നടക്കും.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ സര്‍വീസ് നടത്തേണ്ടതില്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ തീരുമാനം. അതേസമയം കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്.

രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറുവരെയാണ് യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പാല്‍, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങള്‍ക്കായുള്ള യാത്രകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. അതേസമയം രാവിലെ ബത്തേരി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്.

അതേസമയം ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു. ഹര്‍ത്താല്‍ നടത്തി ജനജീവിതം സ്തംഭിപ്പിക്കുന്ന രീതിയോട് യോജിക്കാന്‍ കഴിയില്ല. വന്യമൃഗങ്ങളുടെ ആക്രമണത്തിന്നിരയായി അടുത്ത് മരണപ്പെട്ട എല്ലാ സംഭവങ്ങളിലും സംഘടനയുടെ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. എന്നാല്‍ അതിന്റെ പേരില്‍ വയനാട് ജില്ല സ്തംഭിപ്പിക്കുന്ന സമര രീതികളോട് യോജിക്കാന്‍ കഴിയില്ല. അര്‍ഹമായ നഷ്ടപരിഹാരവും മറ്റു സംവിധാനങ്ങളും ആണ് വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കേണ്ടതെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top