മലപ്പുറം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നിലും ജലീലിന്റെ വീട്ടിന് മുന്നിലും കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്കും യൂത്ത് ലീഗ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിനിടയാക്കി. ഇതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ പോലീസിന് നേരെ പ്രതിഷേധം ശക്തമാക്കിയതോടെ ചെറിയ തോതിലുള്ള ലാത്തി ചാര്‍ജ്ജും നടത്തി.
കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വെച്ച് പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.
മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. വന്‍ പോലീസ് സന്നാഹം ബാരിക്കേഡ് വെച്ച് പ്രവര്‍ത്തരെ ഇവിടെ തടഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലും സംഘര്‍ഷം. രാവിലെ ബിജെപിയുടെ പ്രതിഷേധവും ഇവിടെ നടന്നിരുന്നു.
പലയിടത്തും ബിജെപി, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധവും നടത്തുന്നുണ്ട്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നത്.



