ഇലക്കറികളില്‍ ഏറ്റവും കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ ഒന്നാണ് മുരിങ്ങയില. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ ഗുണം നല്‍കുന്ന ഒന്നാണ് മുരിങ്ങയില. മുരിങ്ങയിലയില്‍ ധാരാളം പോഷകങ്ങള്‍ ഒത്തിണങ്ങിയിട്ടുണ്ട്, കാല്‍സ്യവും ധാതുക്കളും ധാരാളം അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ എല്ലിന്റെ ആരോഗ്യത്തിനും മുരിങ്ങയില നല്ലതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മുരിങ്ങ. വിറ്റാമിന്‍ സിയും ബീറ്റആ, കരോട്ടിന്‍ തുടങ്ങിയവും മുരിങ്ങയില്‍ ധാരാളമാണ്. അതുകൊണ്ടു തന്നെ അകാലനരയേയും പ്രായാധിക്യം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളേയും മുരിങ്ങ ഇല്ലാതാക്കുന്നു.എന്നാല്‍ കര്‍ക്കിടകത്തില്‍ ഇലക്കറികള്‍ ഗുണം നല്‍കുമെങ്കിലും മുരിങ്ങയില കര്‍ക്കിടകത്തില്‍ നിഷിദ്ധമാണ് എന്നു പൊതുവേ പറയുന്നത്. കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിയ്ക്കരുതെന്ന് പഴമക്കാര്‍ മുതല്‍ കൈ മാറി വരുന്ന ആരോഗ്യ നിര്‍ദേശമാണ്.
വിഷം വലിച്ചെടുക്കാന്‍ കഴിയുന്ന ഒന്നാണ് മുരിങ്ങ. വലിച്ചെടുക്കുന്ന വിഷം തടിയില്‍ സൂക്ഷിച്ചു വയ്ക്കും. ഇതുകൊണ്ട് പണ്ടു കാലത്ത് മുരിങ്ങ കിണറ്റിന്‍ കരയിലാണ് നട്ടിരുന്നത്. കിണറ്റിലെയും പരിസരത്തെയും വിഷാശം ഇതു വലിച്ചെടുക്കുമെന്നതിനാലാണ് ഇത്. തടിയിലൂടെ തന്നെ വിഷാംശം കളയുകയും ചെയ്യുന്നു.എന്നാല്‍ മഴക്കാലത്ത് തടിയിലേയ്ക്ക് ജലം കൂടുതല്‍ കയറുന്നതു കൊണ്ട് വിഷാംശം തടിയിലൂടെ പുറന്തള്ളാന്‍ മുരിങ്ങയ്ക്കു സാധിയ്ക്കാതെ വരുന്നു. അപ്പോള്‍ അത് വിഷാംശം ഇലയിലൂടെ പുറന്തള്ളുന്നു. ഇതു കാരണം ഇലയില്‍ ചെറിയ തോതില്‍ വിഷാംശം നില നില്‍ക്കാന്‍ സാധ്യത ഏറെയാണെന്നാണ് പറയുന്നത്. മാത്രമല്ല, ഇലയ്ക്കു ചെറിയ തോതില്‍ കയ്പുമുണ്ടാകും. ഇതു കൊണ്ടാണ് മഴ കനക്കുന്ന കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിയ്ക്കരുതെന്നു പറയുന്നത്. അതെസമയം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം.




