ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുമായി പ്രതി അസ്ഫാഖ് മാര്‍ക്കറ്റിനു പിന്നിലേക്ക് പോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷി. കുഞ്ഞിന്റെ കൈപിടിച്ചാണ് അസ്ഫാഖ് വന്നത്. കുഞ്ഞിന്റെ കയ്യില്‍ മിഠായി ഉണ്ടായിരുന്നു, അത് കഴിക്കുന്നുണ്ടായിരുന്നു സംശയം തോന്നി ചോദിച്ചപ്പോള്‍ മകളാണെന്നു മാര്‍ക്കറ്റ് കാണീക്കാന്‍ കൊണ്ടുവന്നതാണെന്നും പറഞ്ഞെന്നും ആലുവ മാര്‍ക്കറ്റിലെ ചുമട്ടു തൊഴിലാളിയായ താജുദീന്‍ വെളിപ്പെടുത്തി.
വെള്ളിയാഴ്ച മൂന്നേകാലോടെയാണ് അസ്ഫാഖ് കുട്ടിയുമായി വന്നത്. കുട്ടിയുമായി മാലിന്യക്കൂനയ്ക്ക് അരികിലേക്ക് പോകുന്നത് കണ്ടപ്പോള്‍ സംശയം തോന്നി. ചോദിച്ചപ്പോള്‍ മദ്യപിക്കാനാണ് വന്നതെന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടു മൂന്നു പേര്‍ കൂടി അങ്ങോട്ടേക്ക് പോയി. ഇവര്‍ തിരികെ പോയത് കണ്ടില്ല. വൈകീട്ടായാല്‍ ഇവിടെ മദ്യപാനം സ്ഥിരമാണ്. പിന്നീട് അങ്ങോട്ടേക്ക് ശ്രദ്ധിച്ചില്ല. തട്ടിക്കൊണ്ടുപോയതിന്റെ വാര്‍ത്തയും സിസിടിവി ദൃശ്യങ്ങളും കണ്ടപ്പോഴാണ് പൊലീസിനെ വിവരം അറിയിച്ചതെന്നും താജുദീന്‍ പറഞ്ഞു.
സ്ഥിരമായി മദ്യപസംഘങ്ങള്‍ ഇവിടെ എത്താറുണ്ട്. കുട്ടിയെ കാണാതായ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ ശനി രാവിലെ എട്ടരയോടെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി തലേന്നത്തെ സംഭവങ്ങള്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് മാര്‍ക്കറ്റിലെ സിസിടിവി കാമറകള്‍ പരിശോധിച്ച പൊലീസ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ആലുവയില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പത്ത് മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. അതിനു മുന്നോടിയായി മൃതദേഹം കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ ആദരാഞ്ജലി അര്‍പ്പിക്കും. അതിനിടെ, കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ന് ആണെന്ന് പ്രതി അസഫാക്ക് മൊഴി നല്‍കി.
കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവുകളുള്ളതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകള്‍ ബലപ്രയോഗത്തിനിടെ സംഭവിച്ചതാണെന്നാണ് കണ്ടെത്തല്‍. പ്രതിയെ 11 മണിയോടെ മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആലുവ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ് അഞ്ചു വയസുകാരിയുടെ മൃതദേഹമുള്ളത്. ഏഴരയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഏഴരയോടെ വിട്ടുകിട്ടുന്ന മൃതദേഹം ആലുവയിലെ വീട്ടിലെത്തിക്കും.
ഒന്നര വര്‍ഷം മുന്‍പാണ് അസ്ഫക് ആലം കേരളത്തില്‍ എത്തിയത്. ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍മാണ ജോലികള്‍ ചെയ്തിട്ടുണ്ട്. കൂടാതെ മൊബൈല്‍ മോഷണ കേസിലും ഇയാള്‍ മുന്‍പ് പ്രതി ആയിട്ടുണ്ട്. പ്രതി അസ്ഫാഖ് ആലം തനിച്ചാണ് കൊലപാതകം നടത്തിയത് എന്ന് ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫാക് ആലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയില്‍ അസഫാക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ രാത്രി ഒമ്പതര മണിയോടെ തൊട്ടക്കട്ട് കരയില്‍ നിന്ന് പിടികൂടിയിരുന്നു. എന്നാല്‍ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇയാളില്‍ നിന്നും പൊലീസിന് വിവരങ്ങളൊന്നും ശേഖരിക്കാനായില്ല. രാത്രി റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചും തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തിയെങ്കിലും പൊലീസിന് കുട്ടിയെ കണ്ടെത്താനായില്ല.
ആലുവയില്‍ നിന്ന് വെള്ളിയാഴ്ട തട്ടിക്കൊണ്ടുപോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്നാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. കുട്ടിയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് പിടിയിലായ അസഫാക് അലം പൊലീസിനോട് സമ്മതിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




