വാട്ട്‌സആപ്പ് ഹര്‍ത്താല്‍ മുഖ്യസൂത്രധാരനടക്കം 5 പേര്‍ അറസ്റ്റില്‍ : പിടിയിലായത് സംഘപരിവാര്‍ ബന്ധമുള്ളവര്‍

മഞ്ചേരി:  സമൂഹ്യമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യസൂത്രധാരനടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. കൊല്ലം തെന്‍മല സ്വദേശി അമര്‍നാഥ് ബൈജുവാണ് അപ്രഖ്യാപിത ഹര്‍ത്താലിന്റെ മുഖ്യസൂത്രധാരന്‍. ഇയാളെ കൂടാതെ തിരുവനന്തപുരം കുന്നപ്പുഴ സ്വദേശി എംജെ സിറില്‍, നെല്ലിവിള സ്വദേശി സുധീഷ്, അഖില്‍, നെയ്യാറ്റിന്‍കര സ്വദേശി ഗോകുല്‍ ശേഖര്‍ എന്നിവരേയും പോലസ് അറസ്റ്റ് ചെയ്തിട്ടുണ്ട് മുഖ്യപ്രതി അമര്‍നാഥ് ബൈജു സംഘപരിവാര്‍ പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ട്.

ജസ്റ്റിസ് ഫോര്‍ സിസ്‌റ്റേഴ്‌സ്, വോയ്‌സ് ഓഫ് യുത്ത് എന്നീ രണ്ട് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഓരോ ജില്ലയിലും ഇവര്‍ക്ക് വോയ്‌സ് ഓഫ് എന്ന പേരില്‍ തുടങ്ങുന്ന ഗ്രൂപ്പുകളുണ്ട്. ഒരോ സ്ഥലപ്പേര് ചെര്‍ത്ത് അതത് ജില്ലകളിലുള്ള ആളുകള്‍ അംഗങ്ങളായ ഗ്രൂപ്പാണിത്. ഇത് വഴി നടത്തിയ ആഹ്വാനം ശരവേഗത്തില്‍ പ്രചരിക്കുകയായിരുന്നു.

ഇവരുടെ ഹര്‍ത്താല്‍ ആഹ്വാനം പല തീവ്രമതനിലപാടുകളുളള സംഘടനകളും ഗ്രൂപ്പുകളും ഏറ്റെടുക്കുകയും കലാപ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

പ്രതികളെ ഇന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കും.