HIGHLIGHTS : What is proper dieting?
സോഷ്യല്‍ മീഡിയയിലൂടെ ഡയറ്റ് പിന്തുടര്‍ന്ന് 18കാരി മരിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. ഭക്ഷണപ്രിയരായ മനുഷ്യര്‍ ഡയറ്റ് എന്ന പ്രക്രിയയെ തന്നെ പരിഹസിക്കുകയും എന്നാല്‍ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ ശരിയായ ഡയറ്റിങ്ങിന്റെ ആവശ്യകതയെ കുറിച്ച് വാദിക്കുന്നതും ഈ ദിവസങ്ങളില്‍ നമ്മള്‍ കാണാന്‍ ഇടയായി.
എന്താണ് ശരിയായ ഡയറ്റിംഗ് അഥവാ ഭക്ഷണക്രമം?
ഒരു അംഗീകൃത ന്യൂട്രീഷനിസ്റ്റ് അഥവാ ഡയറ്റീഷ്യന്‍ എന്നിവര്‍ക്ക് മാത്രമേ നിങ്ങളുടെ ശരീരത്തിന്റെ ആവശ്യകതകള്‍ അനുസരിച്ച് ശാസ്ത്രീയമായ ഭക്ഷണരീതി നിര്‍ദ്ദേശിക്കാന്‍ സാധിക്കുകയുള്ളൂ എന്നത് ആദ്യം ഉള്‍ക്കൊള്ളണം.
ശരീരഭാരം കുറയ്ക്കുവാനുള്ള എളുപ്പവഴികളില്‍ ഒന്നുമാത്രമാണ് ഡയറ്റിംഗ് എന്നുള്ള മിഥ്യാധാരണ നമ്മുടെ സമൂഹത്തില്‍ വലിയൊരു വിഭാഗം ജനങ്ങളിലുമുണ്ട്.
ഒരു അസുഖത്തിന് മരുന്ന് എന്നത് എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നുവോ അത്രത്തോളം പ്രാധാന്യം ഭക്ഷണക്രമം ചിട്ടപ്പെടുത്തുന്നതിലും ഉണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു മനുഷ്യന്റെ ആരോഗ്യസ്ഥിതിയെ വിലയിരുത്തി, അതൊരു രോഗിയാവട്ടെ ഗര്‍ഭിണിയാവട്ടെ തടി കൂടിയവരോ കുറഞ്ഞവരോ ആകട്ടെ ഒരു ഭക്ഷണക്രമം ചിറ്റപ്പെടുത്തേണ്ടത് അനിവാര്യമാണ്.
ഒരു വ്യക്തിയുടെ ജെന്‍ഡര്‍, ഉയരം, ഭാരം ബോഡി മാസ് ഇന്‍ഡക്‌സ്, ബയോ കെമിക്കല്‍ വാല്യൂസ്, ഡയറ്റ് ഹിസ്റ്ററി, അവരുടെ പ്രവര്‍ത്തനം മേഖല ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് വേണം അവര്‍ക്ക് ആവശ്യമായ ഭക്ഷണ ക്രമം ചിട്ടപ്പെടുത്താന്‍.
സത്യത്തില്‍ കണ്ണൂരില്‍ സംഭവിച്ചത് സ്വന്തം ശാരീരികാവസ്ഥ എന്താണെന്ന് ശാസ്ത്രീയമായി മനസ്സിലാക്കാതെ, ശരീരഭാരം കുറയണം എന്ന ഒറ്റ ലക്ഷ്യം വെച്ച് പൊതുവായി പറയുന്ന ഒന്നോ അതിലധികമോ അശാസ്ത്രീയമായ ഡയറ്റ് പ്ലാനുകള്‍ പിന്തുടര്‍ന്നു എന്നതാണ്.
ശരീരഭാരം കുറയ്ക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ ആദ്യം ഉള്‍ക്കൊള്ളേണ്ട കാര്യം അത് കേവലം ദിവസങ്ങള്‍ കൊണ്ട് മാത്രം സംഭവിക്കുന്ന ഒരു അത്ഭുതമല്ല എന്നതാണ്. ശരിയായ വ്യായാമരീതിയും ബാലന്‍സ്ഡ് ഡയറ്റ് അഥവാ സമീകൃത ഭക്ഷണക്രമവും കൃത്യമായ രീതിയില്‍ പിന്തുടരുക എന്നതാണ് ശരീരഭാരം കുറയ്ക്കുവാനുള്ള ശാസ്ത്രീയമായ രീതി. ഒരു ബാലന്‍സ്ഡ് ഡയറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍- കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍, ഫാറ്റ് വൈറ്റമിന്‍സ്, മിനറല്‍സ് തുടങ്ങിയവ കൃത്യമായ അളവില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഭക്ഷണക്രമം എന്നതാണ്.
അംഗീകൃത ഡയറ്റീഷ്യന്മാര്‍ നമുക്ക് ചുറ്റും ഒരുപാടുള്ള ഈ കാലത്ത് അശാസ്ത്രീയമായ രീതിയില്‍ ഡയറ്റ് പ്ലാന്‍ സ്വയം തയ്യാറാക്കുന്നത്, മഹാരോഗങ്ങള്‍ക്ക് സ്വയം ചികിത്സിക്കുന്നതിന് തുല്യമാണ്. നമ്മുടെ ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന ബോധ്യത്തോടെ ഇത്തരം കാര്യങ്ങളെ സമീപിക്കുക.