കാലാവസ്ഥാവ്യതിയാനത്തിനെതിരെ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ നാട് നേരിടേണ്ടിവരുന്നതായും അതേപ്പറ്റി സമൂഹം വലിയതോതിലുള്ള ജാഗ്രത കാണിക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനു പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടത് ഏറെ പ്രധാനമാണ്. പല രീതിയിലുള്ള പ്രകൃതിദുരന്തങ്ങള്‍, ഭൗമാന്തര്‍ഭാഗ പ്രതിഭാസങ്ങള്‍ ഇതെല്ലാം നാം നേരിടേണ്ടിവരുന്നു. കൂടുതല്‍ ആപത്തിലേക്കു പോകാതിരിക്കാന്‍ ഇതു സംബന്ധിച്ച് ഒട്ടേറെ വിവരങ്ങള്‍ പൊതുജനങ്ങളിലേക്കു എത്തിക്കേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം പോലൊരു ആപത്ത് ഉണ്ടായപ്പോള്‍ ആരുടേയും നിര്‍ദേശം കാത്തുനില്‍ക്കാതെ സഹജീവികളെ രക്ഷിക്കാനുള്ള ഇടപെടല്‍ നാടിന്റെ ഭാഗത്തുനിന്നുണ്ടായി. അവര്‍ക്ക് ഒരു ദുരന്തസമയത്ത് എങ്ങനെ ഇടപെടണം എന്നതിനുള്ള സാമൂഹികസന്നദ്ധതാ പരിശീലനം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നല്‍കുന്നുണ്ട്. തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റുണ്ടായപ്പോള്‍ ഈ വിദഗ്ധരാണ് സന്നദ്ധപ്രവര്‍ത്തനം നടത്തിയത്. ദുരന്തങ്ങളുണ്ടായാല്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ എല്ലാ പ്രദേശത്തും ഇത്തരം സന്നദ്ധപ്രവര്‍ത്തകരുണ്ടാവുക പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാപ്രളയം നാടിനെ വിഴുങ്ങാന്‍ ശ്രമിച്ചപ്പോള്‍ വലിയ പ്രവര്‍ത്തനമാണ് ദുരന്തനിവാരണ അതോറിറ്റി നടത്തിയത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോറിറ്റിയുടെ പ്രവര്‍ത്തനം എല്ലാ സീമകളും കടന്ന് വലിയ തോതിലുള്ള പ്രശംസ പിടിച്ചുപറ്റി. പ്രളയത്തിനുശേഷം നാടിന്റെ പുനര്‍നിര്‍മാണത്തിലാണ് ശ്രദ്ധിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ മികവോടെ പുതിയ കേരളം സൃഷ്ടിച്ചെടുക്കുന്നതും നാടിനെ വികസിപ്പിക്കുന്നതും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ, ദുരന്തനിവാരണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. വരുംകാലങ്ങളില്‍ ഏതൊരു പ്രതിസന്ധിയെയും പ്രതിരോധിക്കാനാവശ്യമായ ഇടമായി അതോറിറ്റി മാറുമെന്ന് മന്ത്രി പറഞ്ഞു. ഏതുതരം ദുരന്തത്തെയും നേരിടാന്‍ അതോറിറ്റിക്കു കഴിയും. അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കും. അതോറിറ്റി ഓഫീസ് ഉദ്ഘാടനം കൃഷിമന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഏതു ദുരന്തത്തെയും അതിജീവിക്കാനുള്ള കെല്പ് കേരളത്തിനുണ്ട് എന്ന് അതോറിറ്റി തെളിയിച്ചതായി മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍മാര്‍ക്കുള്ള ഉപഗ്രഹഫോണ്‍ വിതരണം ഇടുക്കി കളക്ടര്‍ കെ.ജീവന്‍ബാബുവിന് ഫോണ്‍ നല്‍കി ചീഫ് സെക്രട്ടറി ടോം ജോസ് നിര്‍വഹിച്ചു. റവന്യൂ ദുരന്തനിവാരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ വി.കെ.പ്രശാന്ത്, ദേശീയദുരന്തനിവാരണ അതോറിറ്റി അംഗം കമല്‍കിഷോര്‍, ദക്ഷിണവ്യോമസേന മേധാവി അഡ്മിറല്‍ ബി.സുരേഷ്, പാങ്ങോട് മിലിട്ടറി സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സി.ജി.അരുണ്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഡോ. ശേഖര്‍ എല്‍.കുര്യാക്കോസ്, എന്നിവര്‍ സംസാരിച്ചു. ദുരന്തനീവാരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, മന്ദിരത്തിന്റെ രൂപകല്പന നിര്‍വഹിച്ച് ജി.ശങ്കര്‍, നിര്‍മാണപ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ചവര്‍ക്കും മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉപഹാരം നല്‍കി.

Related Articles