ലഹരിമുക്ത കേരളത്തിനു വേണ്ടി ഒറ്റക്കെട്ടായി പോരാടും ;മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: ലഹരിമുക്ത കേരളത്തിനുവേണ്ടി ഒറ്റക്കെട്ടായി പോരാടുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തീരദേശ മേഖലയിലെ യുവതി യുവാക്കള്‍ക്കുള്ള സൗജന്യ പി എസ് സി പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന ക്യാമ്പയിനുകളാണ് നടക്കുന്നത്. ദിശാബോധമുള്ള യുവജനങ്ങളെ വളര്‍ത്തിയെടുക്കുന്നതിലൂടെ ലഹരി ഉപയോഗത്തെ പൂര്‍ണ്ണമായി തുടച്ചുനീക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് മുന്‍പന്തിയിലുള്ള കേരളത്തിലെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള പരിശീലന പദ്ധതികള്‍ മാതൃകപരമാണ്. വിമുക്തി മിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ പി എസ് സി പരിശീലന പദ്ധതികള്‍ എല്ലാ ജില്ലകളിലും അതിവേഗത്തില്‍ നടപ്പാക്കാന്‍ സാധിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പും വിമുക്തി മിഷനും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും കോര്‍പ്പറേഷന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് തീരദേശ മേഖലയിലെ യുവതക്കായി സൗജന്യ പി എസ് സി പരിശീലന പദ്ധതി ആരംഭിച്ചത്. ജില്ലയിലെ തീരദേശ മേഖലയിലുള്‍പ്പെട്ട വിവിധ വാര്‍ഡുകളില്‍നിന്ന് തെരഞ്ഞെടുത്ത 50 യുവതീ യുവാക്കള്‍ക്കാണ് 26 ആഴ്ച നീളുന്ന സൗജന്യ പി എസ് സി പരിശീലനം. വെള്ളയില്‍ ഫിഷറീസ് വകുപ്പിന്റെ ഓഫീസില്‍ എല്ലാ ഞായറാഴ്ചയുമാണ് പരീശീലനം നടക്കുക. പഠനോപകരണങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ നല്‍കും.

കുറ്റിച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എം എല്‍ എ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ കെ മൊയ്തീന്‍ കോയ, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എം സുഗുണന്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ബി കെ സുധീര്‍ കിഷന്‍, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ഡോ. ടി അബ്ദുല്‍ നാസര്‍, വിമുക്തി ജില്ലാ മാനേജര്‍ ടി എം ശ്രീനിവാസന്‍, കെ എസ്ഇഎസ്എ സെക്രട്ടറി ബൈജു എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top