
കൊച്ചി: വനിതാ നിര്‍മാതാവിന്റെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ ഡബ്ല്യൂസിസി. സംഘടനാ നേതാക്കള്‍ക്കെതിരായ വനിത നിര്‍മാതാവിന്റെ ആരോപണം ഗുരുതരമാണ്. ആരോപണവിധേയര്‍ തല്‍സ്ഥാനത്ത് നിന്ന് മാറാതെയാണ് അന്വേഷണം നേരിടുന്നത് എന്നത് സംഘടന കുറ്റാരോപിതര്‍ക്ക് ഒപ്പമാണെന്നതിന്റെ തെളിവാണെന്നും ഡബ്ല്യൂസിസി ഫേസ്ബുക്കില്‍ കുറിച്ചു. വനിത നിര്‍മാതാവിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഡബ്ല്യൂസിസി കുറിപ്പ്:-
‘സിനിമയിലെ തൊഴിലുടമകള്‍’ എന്നാണ് കേരളത്തിലെ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്. അതായത് നിയമപരമായി അവര്‍ക്കൊപ്പവും അവരുടെ കീഴിലും ജോലി ചെയ്യുന്ന ഓരോരുത്തര്‍ക്കും അച്ചടക്കവും സുരക്ഷയും ഉറപ്പാക്കേണ്ടവരാണ് തൊഴിലുടമകള്‍. ഈ സാഹചര്യത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് എതിരെ തന്റെ വ്യക്തിത്വത്തെ ഹനിക്കുന്നതും, സത്രീ വിവേചനത്തോടെയുമുള്ള പെരുമാറ്റം ഉണ്ടായി എന്ന് വനിതാ നിര്‍മ്മാതാവ് പരാതികള്‍ ഉയര്‍ത്തുന്നത് വളരെ ഗുരുതരവും ആശങ്കാജനകവുമാണ്.
പരാതികള്‍ ഉന്നയിക്കപ്പെട്ടപ്പെട്ടിരിക്കുന്നത് സംഘടനാ നേതാക്കളെ കുറിച്ചാണ്. അവരിപ്പോഴും സംഘടനയുടെ തലപ്പത്തിരുന്നു കൊണ്ടാണ് കേസ് കൈകാര്യം ചെയ്യുന്നത്. സംഘടന ഈ കാര്യത്തില്‍ കുറ്റാരോപിതര്‍ക്കൊപ്പമാണ് നില്‍ക്കുന്നത് എന്നതിന്റെ തെളിവുകൂടിയാണിത്. കേസിന്റെ ധാര്‍മികമായ ഉത്തരവാദിത്തം പങ്കിട്ടുകൊണ്ട് താല്‍കാലികമായി സ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ പോലും ഇതുവരെ നേതാക്കന്‍മാര്‍ മിനക്കെട്ടിട്ടില്ല. മലയാള ചലച്ചിത്ര വ്യവസായത്തെ നയിക്കേണ്ടത് കൃത്യമായ പ്രൊഫഷണല്‍ മൂല്യങ്ങളാണ് എന്നും കാലഹരണപ്പെട്ട ഏതെങ്കിലും അധികാര സമവാക്യങ്ങള്‍ക്കുള്ളില്‍ ഈ മേഖല തളച്ചിടപ്പെടേണ്ടതല്ലെന്നും ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
തന്റെ മേഖലയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ വനിതാ നിര്‍മ്മാതാവിന് പൂര്‍ണമായ ഐക്യദാര്‍ഢ്യം അറിയിക്കുന്നു. ഇവിടെ സ്വന്തം വഴി വെട്ടിത്തെളിക്കുന്നതിന് അസാമാന്യമായ ധൈര്യം ആവശ്യമാണ്. ഹേമകമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന ‘നിശബ്ദതയുടെ സംസ്‌കാരം’ പ്രതിഷേധിക്കുന്ന സ്വരങ്ങളെ എങ്ങനെ അടിച്ചമര്‍ത്തുന്നു എന്നതിന്റെ സാക്ഷ്യമാണ്.
അതേസമയം, വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ നിര്‍മാതാക്കളായ ആന്റോ ജോസഫ്, ബി രാകേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെയാണ് അന്വേഷണം. അസോസിയേഷന്‍ യോഗത്തിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുമെന്നുമാണ് വനിതാ നിര്‍മ്മതാവിന്റെ പരാതി. എസ്‌ഐടിക്ക് നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



