ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു; മന്ത്രി പി രാജീവ്

തിരുവനന്തപുരം: ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ്. കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്റ്റിന് കീഴില്‍ അല്ലാത്തതിനാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിലപാട് എടുത്തിട്ടില്ല. ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. താനുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യം പറഞ്ഞിരുന്നു. ഇത് ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. രഹസ്യ സ്വഭാവത്തിലാണ് എല്ലാവരും മൊഴി നല്‍കിയത്. ഇത് പരസ്യമാക്കാന്‍ പലരും താത്പര്യപ്പെടുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു. ഡബ്ല്യുസിസി നിലപാട് മാറ്റിയോ എന്നറിയില്ലെന്നും പി രാജീവ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ട്. നടപടിക്രമം പാലിച്ച് മാത്രമേ ഇക്കാര്യം ചെയ്യാനാകൂ പി രാജീവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പി രാജീവിന്റെ പ്രതികരണം തള്ളി ഡബ്ല്യുസിസി രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യുസിസി അവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍ പറഞ്ഞു. സിനിമ സംഘടനകളില്‍ നിന്ന് ഒരു കാലത്തും നീതി കിട്ടിയിട്ടില്ലെന്നും ദീദി ദാമോദരന്‍ പ്രതികരിച്ചു. വിജയ് ബാബുവിനെതിരെ ഒരു പ്രസ്താവന പോലും അമ്മ ഇറക്കിയില്ല. ഈ രംഗത്തെ പലരും മൗനം തുടരുകയാണ്. ഇത് കുറ്റവാളിക്കൊപ്പം നില്‍ക്കുന്നതിന് തുല്യമാണ്. ഇത്രയും ഹീനമായ കാര്യം നടന്നിട്ടും നിശബ്ദമായി ഇരിക്കാം എന്ന് ആര് തീരുമാനിച്ചാലും അത് തെറ്റിന് കൂടെ നില്‍ക്കുന്നതിന് തുല്യമാണെന്ന് ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.

 

Share news
error: Content is protected !!
Scroll to Top