മാലിന്യമുക്തം നവകേരളം, കെ-സ്മാര്‍ട്ട്;എം.എല്‍.എമാര്‍ക്കായി ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

HIGHLIGHTS : Waste-free New Kerala, K-Smart; Orientation program organized for MLAs

malabarinews

എം.എല്‍.എമാരുടെ കാര്യക്ഷമമായ ഇടപെടല്‍ കൊണ്ട് മാത്രമേ മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സാധിക്കുകയുള്ളുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്. ‘മാലിന്യമുക്തം നവകേരളം’, ‘കെ-സ്മാര്‍ട്ട്’ പദ്ധതികളുമായി ബന്ധപ്പെട്ട് എം.എല്‍.എമാര്‍ക്ക് വേണ്ടി നിയമസഭ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ സംഘടിപ്പിച്ച ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

sameeksha

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ലക്ഷ്യം കൈവരിച്ചാലും നമ്മള്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ നിലനിര്‍ത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക എന്നുള്ളത് ശ്രമകരമാണ്. തുടര്‍ന്നും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നേതൃത്വവും മാര്‍ഗ്ഗനിര്‍ദേശങ്ങളും ആവശ്യമായിട്ടുള്ള എല്ലാ പിന്‍തുണയും ഇടപെടലും എം.എല്‍.എമാരില്‍ നിന്നും ഉണ്ടാകണം എന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഏപ്രില്‍ 9 മുതല്‍ 12 വരെയാണ് ‘വൃത്തി’ ക്ലീന്‍ കേരള കോണ്‍ക്ലെവ് സംഘടിപ്പിക്കുന്നത്. മാലിന്യ സംസ്‌കരണ രംഗത്ത് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ വ്യക്തമാക്കുന്ന പ്രദര്‍ശനങ്ങളും വിവിധ സെഷനുകളും കോണ്‍ക്ലെവിന്റെ ഭാഗമായി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.കയ്യില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കില്‍ കേരളത്തില്‍ ഏതു തദ്ദേശ സ്ഥാപനത്തിന്റെയും ഏത് സേവനവും ലോകത്ത് എവിടെയിരുന്നും ലഭിക്കും എന്നതാണ് ‘കെ-സ്മാര്‍ട്ട്’ കൊണ്ട് സാധ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു.

കോര്‍പറേഷന്‍, പഞ്ചായത്ത് ഓഫീസുകളില്‍ ഒരാള്‍ക്കും ഇനി കയറി ഇറങ്ങേണ്ട സ്ഥിതി ഉണ്ടാകരുത് എന്നതാണ് കെ-സ്മാര്‍ട്ട് കൊണ്ട് ലക്ഷ്യമിടുന്നത്. നഗരസഭകളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇത് കുറ്റമറ്റ നിലയില്‍ തന്നെ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. തുടക്കത്തില്‍ ചില ആശങ്കകള്‍ ഉണ്ടായെങ്കിലും ഇപ്പോള്‍ അത് കാര്യക്ഷമമായി തന്നെ പ്രവര്‍ത്തിക്കുന്നു.ഏപ്രില്‍ 10 മുതല്‍ കേരളത്തിലെ എല്ലാ പഞ്ചായത്തിലും കെ-സ്മാര്‍ട്ട് ലോഞ്ച് ചെയ്യുകയാണ്. നഗരസഭകളിലും പഞ്ചായത്തുകളിലും ഒരുപോലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയിട്ട് മാറുകയാണ്. അത് സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും, സമയബന്ധിതമായിട്ട് സേവനം ലഭ്യമാക്കാനും, അഴിമതി ഗണ്യമായി കുറയ്ക്കാനും സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു, സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, സാംസകാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഡയറക്ടര്‍ സന്തോഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!