
യുഎഇ:ദുബായിലെ സൈക്കിള്‍, ഇ-സ്‌കൂട്ടര്‍ യാത്രക്കാരുടെ നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഒരു പ്രത്യേക യൂണിറ്റ് തന്നെ ആരംഭിക്കുകയാണ് ദുബായ് പോലീസ്. സൈക്ലിംഗ്, ഇ-സ്‌കൂട്ടര്‍ ട്രാക്കുകളിലെ ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനൊപ്പം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് പുതിയ യൂണിറ്റിന്റെ പ്രധാന ലക്ഷ്യം.
അതിനാല്‍ പേര്‍സണല്‍ മൊബിലിറ്റി മോണിറ്ററിംഗ് യൂണിറ്റ് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും,ദുബായ് പൊലിസും തമ്മിലുള്ള സഹകരണത്തിലൂടെ ആരംഭിച്ച ഈ യൂണിറ്റ്, സൈക്ലിംഗ്, ഇ-സ്‌കൂട്ടര്‍ ട്രാക്കുകളിലെ ഗതാഗത നിയമങ്ങള്‍ പാലിക്കല്‍, സൈക്ലിംഗ് പാതകളിലെ ഗതാഗതം നിയന്ത്രിക്കല്‍, സുരക്ഷിതമായ റൈഡിംഗ് രീതികളെക്കുറിച്ചുള്ള പൊതുജന അവബോധം പ്രോത്സാഹിപ്പിക്കല്‍ എന്നിവയ്ക്കാകും മേല്‍നോട്ടം നല്‍കുക.
നിലവിലെ ചട്ടങ്ങള്‍ പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് കൃത്യമായ പിഴ ചുമത്തും. പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുമായി പ്രധാന സൈക്കിള്‍ പാതകളിലും സോഫ്റ്റ് മൊബിലിറ്റി സോണുകളെ ബന്ധിപ്പിക്കുന്ന പ്രധാന തെരുവുകളിലും യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ സാധാസമയ നിരീക്ഷണവും ഉറപ്പ് വരുത്തും. യുഎഇ സര്‍ക്കാര്‍ സൈക്കിള്‍ യാത്രയെ ഒരു ആരോഗ്യകരമായ ജീവിതശൈലിയായും പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗ്ഗമായും പ്രോത്സാഹിപ്പിക്കുന്നതിനാല്‍ രാജ്യത്തുടനീളം മികച്ച സൈക്കിള്‍ ട്രാക്കുകള്‍ തന്നെ നിരവധി നിര്‍മ്മിച്ചിട്ടുണ്ട്.
അതിനാല്‍ ദുബായിലെ സൈക്കിള്‍ യാത്രകള്‍ 2023 ല്‍ 44 ദശലക്ഷത്തില്‍ നിന്ന് 2024 ല്‍ 46.6 ദശലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ട് മാത്രം കൈവരിച്ചത് 5% വളര്‍ച്ചയാണ്. അതേസമയം ഇ-സ്‌കൂട്ടര്‍ യാത്രകളും 30 ദശലക്ഷത്തില്‍ നിന്ന് 32.3 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. 8 ശതമാനമാണ് ഒരു വര്‍ഷത്തില്‍ ഉണ്ടായ വര്‍ദ്ധനവ്. ഇ-സ്‌കൂട്ടര്‍, സൈക്കിള്‍ ഉപയോഗത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയതിനാലാണ് പുതിയ യൂണിറ്റ് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യുഎഇയില്‍ ഇ-സ്‌കൂട്ടര്‍, സൈക്കിള്‍ യാത്രകള്‍ കൂടുന്നതിന് അനുസരിച്ച് നിരവധി അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
2024ല്‍ മാത്രം ദുബായില്‍ 254 ഇ-സ്‌കൂട്ടര്‍,സൈക്കിള്‍ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 10പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 259 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ 17 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഫെബ്രുവരിയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ യുഎഇയില്‍ ഇ-സ്‌കൂട്ടര്‍ അപകടങ്ങളിലായി രണ്ടു മരണങ്ങള്‍ സംഭവിച്ചതോടെയാണ് അധികൃതര്‍ നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇ-സ്‌കൂട്ടര്‍ ഉപയോഗത്തിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണമെന്ന് റോഡ് സുരക്ഷാ വിദഗ്ധരും ആവശ്യപ്പെട്ടിരുന്നു. അതേസമയം ദുബായിലെ സ്‌കൂളുകളില്‍ നിര്‍ബന്ധിത റോഡ് സുരക്ഷാ പാഠ്യപദ്ധതി അവതരിപ്പിക്കണന്ന് റോഡ്സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ തോമസ് എഡല്‍മാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ദുബായില്‍ മാത്രം 40,000 ഇ-സ്‌കൂട്ടര്‍,സൈക്കിള്‍ നിയമലംഘനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




