HIGHLIGHTS : Tamil Nadu government appoints committee to study states' rights

ചെന്നൈ: ഭാഷയും വിദ്യാഭ്യാസവും ഉള്‍പ്പെടെ തമിഴ്നാടിന് കൂടുതല്‍ വിഷയങ്ങളില്‍ സ്വയംഭരണാവകാശം നേടാനുള്ള നീക്കവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇതുസംബന്ധിച്ചുള്ള പ്രമേയം അദ്ദേഹം തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ഉന്നതതല കമ്മിറ്റിയെയും നിയോഗിച്ചു.
ഗവര്‍ണര്‍ ആര്‍ എന്‍ രവിയുമായുള്ള അഭിപ്രായഭിന്നതകളും കേന്ദ്രസര്‍ക്കാരുമായുള്ള സ്വരച്ചേര്‍യില്ലായ്മയും തുടരുന്നതിനിടെയാണ് സ്റ്റാലിന്റെ നീക്കം. ”സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവരുന്നതിനെതിരായ പോരാട്ടം ശക്തമാക്കും. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉന്നതതല സമിതി രൂപവത്കരിക്കും. സമിതി 2026 ജനുവരിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കും.” – എം കെ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു.
സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കന്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റിയത് പിന്‍വലിക്കാനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിരമിച്ച ഉദ്യോഗസ്ഥരായ അശോക് ഷെട്ടി, എം നാഗരാജന്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.