തവനൂര്‍:അദാലത്തുകളില്‍ സ്തീധനം സംബന്ധിച്ച് പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നതായി വനിതാ കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാമണി. കേരള വനിതാ കമ്മീഷനും തവനൂര്‍ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയും സംയുക്തമായി ‘സ്ത്രീ സുരക്ഷ’ എന്ന പേരില്‍ സംഘടിപ്പിച്ച സബ് ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ലഭിച്ച സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ വീട്ടുകാരില്‍ നിന്നും കൂടുതല്‍ സ്വര്‍ണ്ണം വാങ്ങിയെടുക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കുന്ന ഭര്‍ത്താവും വീട്ടുകാരും ഇന്നും നിലനില്‍ക്കുന്നുണ്ട്. പലയിടത്തും സ്ത്രീധനത്തിന്റെ പേരിലുള്ള അക്രമവും കൊലപാതകവും ഇപ്പോഴും തുടരുന്നുണ്ട്. വിദ്യാഭ്യാസത്തേക്കാള്‍ വലുതല്ല വിവാഹം എന്ന ചിന്ത മാതാപിതാക്കള്‍ ഉയര്‍ന്നുവരണമെന്നും വലിയ സ്ത്രീധനം നല്‍കി നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഒരു കൊലയാളിയെ വാങ്ങി നല്‍കേണ്ടതുണ്ടോയെന്ന് മാതാപിതാക്കളും ആലോചിക്കണം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കൊപ്പം പൊതുസമൂഹത്തില്‍ അവബോധം വളര്‍ത്തിയെടുക്കാനും ജാഗ്രതാ സമിതികള്‍ക്ക് കഴിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തവനൂര്‍ കെ.സി.എ.ഇ.ടി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ കില ഫാക്കല്‍റ്റി കെ.ജി ശശികല, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. ഗായത്രി എന്നിവര്‍ ക്ലാസെടുത്തു. തവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശിവദാസ്, പൊന്നാനി ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ എ.കെ പ്രേമലത, ബ്ലോക്ക് അംഗം ഷീജ, തവനൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിഷ മോഹന്‍, പഞ്ചായത്തംഗം ബാലകൃഷണന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ മാനസ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജേഷ്,ആശാ പ്രവര്‍ത്തകര്‍ അങ്കണവാടി അധ്യാപകര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



