എടപ്പാള്‍ : ബ്ലഡ് ഡോണേഴ്സ് കേരള [BDK] പൊന്നാനി താലൂക്ക് കമ്മറ്റിയും ഫോറം സെന്റര്‍ എടപ്പാളും സംയുക്തമായി തൃശൂര്‍ അമല മെഡിക്കല്‍ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ എടപ്പാള്‍ ഫോറം സെന്ററില്‍ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സന്നദ്ധ രക്തദാന ക്യാമ്പില്‍ 104 പേര്‍ രജിസ്റ്റര്‍ ചെയ്യുകയും 65 പേര്‍ സന്നദ്ധ രക്തദാനം നിര്‍വ്വഹിക്കുകയും ചെയ്തു. താലൂക്കിലെ ഏറ്റവും അടുത്ത ആശുപത്രി നഗരിയായ തൃശൂരിലെ രക്ത ദൗര്‍ലഭ്യം ഒരു പരിധി വരെ പരിഹരിക്കുന്നതിന് അമല ബ്ലഡ് സെന്ററിന്റെ ശീതീകരിച്ച മൊബൈല്‍ രക്ത ശേഖരണ വാഹനത്തില്‍ വെച്ച് നടത്തിയ ക്യാമ്പിലൂടെ സാധിക്കുന്നുണ്ടെന്ന് ബി ഡി കെ പൊന്നാനി ഭാരവാഹികള്‍ പറഞ്ഞു. സമൂഹത്തിന് നന്മയാര്‍ന്ന സന്ദേശം കൈമാറുന്ന രക്തദാന ക്യാമ്പില്‍ 32 പേര്‍ അവരുടെ ആദ്യ രക്തദാനവും കൂടെ 3 വനിതകളും രക്തദാനം നിര്‍വ്വഹിച്ചു.
ഫോറം സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ സിദ്ധീഖ്, ജനറല്‍ മാനേജര്‍ ലിജോ ഡേവിഡ്, അമല ഹോസ്പിറ്റല്‍ ട്രാന്‍സ്ഫ്യൂഷന്‍ ഓഫീസര്‍ ഡോ.വിനു വിപിന്‍ തുടങ്ങിയവരും ബിഡികെ ജില്ലാ താലൂക്ക് ഭാരവാഹികളും ചേര്‍ന്ന് രക്തദാനം നിര്‍വ്വഹിച്ച ദാതാക്കള്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ കൈമാറി.
ക്യാമ്പിന് ഫോറം സെന്റര്‍ എടപ്പാള്‍ ജീവനക്കാരും ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് & ഏയ്ഞ്ചല്‍സ് വിങ്ങ് കോര്‍ഡിനേറ്റര്‍മാരും ചേര്‍ന്ന് നേതൃത്വം നല്‍കി. ഷോപ്പിംഗിനും ഉല്ലസിക്കാനുമായി വരുന്നവര്‍ക്ക് മുമ്പില്‍ രക്തദാനം മഹാദാനമാണെന്ന് കാണിച്ചു കൊണ്ട് ക്യാമ്പിന് ആതിദേയത്വം വഹിക്കുകയും മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്ത ഫോറം സെന്റര്‍ എടപ്പാള്‍ മാനേജ്‌മെന്റിന് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.




