പരപ്പനങ്ങാടി:തീരദേശ മേഖലയിൽ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന , പുത്തൻകടപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന പരപ്പനങ്ങാടി വോൾക്കാനോ ക്ലബ് നിർധനരായ രോഗികൾക്ക് സൗജന്യമായി ആശുപത്രികളിലേക്കും മറ്റും യാത്ര ചെയ്യാനായി ആംബുലൻസ് നൽകി.
ആംബുലൻസിൻ്റെ സമർപ്പണം കെ.പി.എ മജീദ് എം.എൽ.എ നിർവ്വഹിച്ചു. എം.പി ഹംസക്കോയ, എം.പി അബ്ബാസ്, പി.പി കുഞ്ഞിമോൻ, എം.പി ഹുസൈൻ എന്നിവർ എം.എൽ.എയിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി. ക്ലബ് പ്രസിഡന്റ് എൻ.പി സക്കീർ അധ്യക്ഷനായി. മുഖ്യാഥിതിയായി പങ്കെടുത്ത കഥാകൃത്ത് റഷീദ് പരപ്പനങ്ങാടി ലോഗോ പ്രകാശനം നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ എം.എൽ.എ ആദരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി ഷാഹുൽഹമീദ്, കൗൺസിലർമാരായ ടി കാർത്തികേയൻ, കുന്നുമ്മൽ ജുബൈരിയത്ത്, കെ ഫൗസിയാബി, എസ്.എൻ.എം കായികധ്യാപകൻ എ.പി മുഹമ്മദ് ഫാസിൽ, ക്ലബ് ഭാരവാഹിളായ ഇഖ്ബാൽ കുഞ്ഞിക്കമ്മാലി, കെ ഇസ്മായിൽ, പി.പി ജംഷീർ, പി.പി ശിഹാബ്, പി.കെ അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും കെ.എച്ച് താനൂർ അവതരിപ്പിച്ച സൂഫി കവാലിയും അരങ്ങേറി.




