
കേരള സംസ്ഥാനം 2031 ല്‍ 75 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തിന്റെ കഴിഞ്ഞകാല വളര്‍ച്ചയെ വിലയിരുത്താനും ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യാനും വനിതാ ശിശുദിന വകുപ്പ് നേതൃത്വം നല്‍കുന്ന സംസ്ഥാനതല സെമിനാര്‍ തിരൂരില്‍ നടക്കും. ‘വിഷന്‍ 2031’ ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വിവിധ വകുപ്പുകളുടെ നേതൃത്തില്‍ നടക്കുന്ന 33 സെമിനാറുകളില്‍ ഒന്നാണ് ഒക്ടോബര്‍ 16ന് തിരൂരില്‍ നടക്കുന്നത്.
സെമിനാറിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. തിരൂര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളില്‍ കുറുക്കോളി മൊയ്തീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ആരോഗ്യ- വനിതാ -ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാല വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനോടൊപ്പം 2031 ല്‍ കേരളം എങ്ങനെയായിരിക്കണം, വികസന മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം എന്നുള്ള ചര്‍ച്ചകളും സെമിനാറിന്റെ ഭാഗമായി നടക്കും. സെമിനാറില്‍ നിന്നു ലഭിക്കുന്ന വകുപ്പുതല കാഴ്ചപ്പാടുകള്‍ ക്രോഡീകരിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ജനുവരിയില്‍ നടത്തുന്ന കോണ്‍ക്ലെവിലേക്ക് കൈമാറുമെന്ന് മന്ത്രി വിശദീകരിച്ചു.
ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യ രക്ഷാധികാരിയും ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ ചെയര്‍മാനും കുറുക്കോളി മൊയ്തീന്‍ എം.എല്‍ എ, ജില്ലയിലെ മറ്റ് എം എല്‍ എമാര്‍, എം.പിമാര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ ജനറല്‍ കണ്‍വീനറും ജില്ലാ കളക്ടര്‍ വി. ആര്‍ വിനോദ് കണ്‍വീനറുമായ വിപുലമായ സംഘാടകസമിതിയാണ് രൂപീകരിച്ചത്.
യോഗത്തില്‍ വനിതാ ശിശു വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ് സ്വാഗതം പറഞ്ഞു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ടി ഗോപകുമാര്‍ സംഘാടകസമിതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍. പി. ലില്ലിസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ലിങ്കില്‍ ക്ലിക്ക് ചെയ്യു



