ശബരിമല മണ്ഡലപൂജയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു

ശബരിമല മണ്ഡലപൂജയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ഡിസംബര്‍ 26, 27 തീയതികളിലേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗാണ് ആരംഭിച്ചിരിക്കുന്നത്.
ഡിസംബര്‍ 26 ന് 30,000 പേര്‍ക്കും, ഡിസംബര്‍ 27 ന് 35,000 പേര്‍ക്കും അവസരം ലഭിക്കും.
സ്‌പോട്ട് ബുക്കിംഗ് വഴി 5,000 ഭക്തരെ വീതം ഈ ദിവസങ്ങളില്‍ അനുവദിക്കും.sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെയാണ് ദര്‍ശനത്തിനുള്ള സ്ലോട്ടുകള്‍ ബുക്ക് ചെയ്യേണ്ടത്.

ഇന്നും ശബരിമലയില്‍ വലിയ ഭക്തജന തിരക്കാണ്. മരക്കൂട്ടം മുതല്‍ വലിയ തിരക്കാണ് രാവിലെ ഉണ്ടായത്. തിരക്ക് കണക്കിലെടുത്ത് ഘട്ടം ഘട്ടമായാണ് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രം ദര്‍ശനം നടത്തിയത് 92,041 ഭക്തരാണ്.

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹൈക്കോടതി വിധിപ്രകാരമുള്ള വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് സന്നിധാനം എഡിഎം ഡോ. അരുണ്‍ എസ് നായര്‍ ഐഎഎസ്. സന്നിധാനം ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നാലാമത് ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം.
ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, വയോധികര്‍, ചെറിയ കുട്ടികളുമായി വരുന്നവര്‍ എന്നിവര്‍ പരമ്പരാഗത കാനനപാത ഒഴിവാക്കി നിലയ്ക്കല്‍-പമ്പ റൂട്ട് വഴി സന്നിധാനത്തെത്തണമെന്ന് എഡിഎം നിര്‍ദ്ദേശിച്ചു. കാനനപാതയില്‍ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര വൈദ്യസഹായവും ആംബുലന്‍സ് സൗകര്യവും ലഭ്യമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണിത്. നിലവില്‍ വനപാലകരും അഗ്‌നിശമനസേനയും എന്‍ ഡി ആര്‍ എഫും ഏറെ പണിപ്പെട്ടാണ് കാനനപാതയില്‍ അവശരാകുന്നവരെ ആശുപത്രികളിലേക്ക് മാറ്റുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top