വിജയിയുടെ അവസാനചിത്രം; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

നടന്‍ വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജന നായകന്റെ റിലീസ് പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായാണ് ജനനായകന്‍ റിലീസ് ചെയ്യുക. 2026 ജനുവരി 9 ആണ് റിലീസ് തിയതി. ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രഖ്യാപന വേളയില്‍ 2025 ഒക്ടോബറില്‍ ജന നായകന്‍ റിലീസ് ചെയ്യാന്‍ പദ്ധതി ഇട്ടിരുന്നു.

വിജയിയുടെ കരിയറിലെ അവസാന ചിത്രമാണ് ജന നായകന്‍. ശേഷം മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി വിജയ് മാറ്റിവയ്ക്കും. അതുകൊണ്ട് തന്നെ വിജയിയെയും ആരാധകരെയും സംബന്ധിച്ച് ഏറെ സ്‌പെഷ്യലായിട്ടുള്ളൊരു ചിത്രം കൂടിയാണ് ജന നായകന്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ റിപ്പബ്ലിക് ഡേയില്‍ ആയിരുന്നു പുറത്തുവിട്ടത്. ‘നാന്‍ ആണൈ ഇട്ടാല്‍..’ എന്ന ചെറു ക്യാപ്ഷനുമായി ചാട്ട ചുഴറ്റി നില്‍ക്കുന്ന വിജയിയുടെ ഫസ്റ്റ് ലുക്കും ഇതോടൊപ്പം പുറത്തുവിട്ടിരുന്നു.

പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഉള്ളതാണെന്ന് ഫസ്റ്റ് ലുക്കില്‍ നിന്നും വ്യക്തമായിരുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബോബി ഡിയോള്‍, പൂജാഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിര ജന നായകന്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

ഛായാഗ്രഹണം സത്യന്‍ സൂര്യന്‍, ആക്ഷന്‍ അനില്‍ അരശ്, ആര്‍ട്ട് : വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി ശേഖര്‍, സുധന്‍, ലിറിക്‌സ് അറിവ്, കോസ്റ്റിയൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വീര ശങ്കര്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

Share news
error: Content is protected !!
Scroll to Top