വ്യവസായവളര്‍ച്ചക്കൊപ്പം പരിസ്ഥിതിസംരക്ഷണവും ഉറപ്പാക്കുന്ന കേരളവികസനമാതൃക സൃഷ്ടിക്കും : മുഖ്യമന്ത്രി

വ്യവസായ വളര്‍ച്ചക്കൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന കേരള വികസന മാതൃകയുടെ പുതിയൊരു പതിപ്പ് സൃഷ്ടിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക ജലദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്‍ ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച ദ്വിദിന പരിസ്ഥിതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ശാസ്ത്രീയ മാലിന്യ സംസ്‌കരണം, നെറ്റ് സീറോ കാര്‍ബണ്‍ കേരളം എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനം മുന്നോട്ട് പോവുകയാണ്. ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ ദ്വിദിന ശില്‍പ്പശാലയുടെ ഭാഗമായുള്ള ചര്‍ച്ചകളില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തെ ലോക ജലദിനത്തിന്റെ പ്രതിപാദ്യവിഷയം ഹിമാനികളുടെ സംരക്ഷണമാണ്. ഹിമാനികള്‍ ഉരുകുന്ന വെള്ളം നമ്മുടെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു വരുന്നതാണ്. എന്നാല്‍ അനിയന്ത്രിമായ ഹിമാനികളുടെ ഉരുകല്‍ കാരണം പരിസ്ഥിതിക്ക് വലിയ ദുരന്തം സംഭവിക്കും. ജലവിതാനം ഉയരുന്നത് പ്രളയമടക്കമുള്ള ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു. ഈ വിഷയത്തില്‍ ബോധവത്കരണം നടത്തുന്നതിന് വേണ്ടിയാണ് ഹിമാനികളുടെ സംരക്ഷണം എന്ന പ്രമേയം ചര്‍ച്ച ചെയ്യുന്നത്. കേരളത്തെ സംബന്ധിച്ചു ഈ വിഷയം വളരെ പ്രാധാന്യമുള്ളതാണ്. നദികളും കായലുകളും സമുദ്രതീരവുമുള്ള നമ്മുടെ നാടിന്റെ ജലവിതാനം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് അപകടകരമാണ്.
പരിസ്ഥിതി മലിനീകരണത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ദൂഷ്യവശം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആഗോളതാപനം കുറയ്ക്കുന്നതിനുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം. കേരളം വലിയതോതിലുള്ള വികസനത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഐടി, ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ നിരവധി സംരംഭങ്ങളാണ് കേരളത്തില്‍ ആരംഭിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖവും അനുബന്ധ റോഡ് റെയില്‍വേ വികസനമടക്കം വേഗത്തില്‍ പൂര്‍ത്തിയാവുകയാണ്. പുതിയ സംരംഭങ്ങള്‍ക്ക് ആവശ്യമായ ജല ലഭ്യത, കുറ്റമറ്റ രീതിയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കണം. വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് സാങ്കേതികമായി മാലിന്യ സംസ്‌കരണത്തിലടക്കം സാങ്കേതികസഹായം ഉറപ്പാക്കുന്നതിന് ഹരിത കേരളം മിഷന്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജലബജറ്റ് പാസാക്കുകയും അതനുസരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക ജല സ്രോതസ്സുകള്‍, പുല്‍മേടുകള്‍, കനാലുകള്‍ ഇവയെല്ലാം ജല ലഭ്യത ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഇവയുടെ സംരക്ഷണം പ്രാദേശിക തലത്തില്‍ ഉറപ്പാക്കുകയും വെള്ളം കെട്ടിക്കിടന്ന് മലിനീകരണമുണ്ടാകുന്നത് തടയാനും കഴിയണം. വാണിജ്യ സ്ഥാപനങ്ങളുടെയടക്കം ജലദുരുപയോഗം തടയുകയും പുനരൂപയോഗം പ്രോല്‍സാഹിപ്പിക്കുകയും വേണം. ഓടകള്‍ മഴവെള്ളം ഒഴുകി പോകുന്നതിന് നിര്‍മ്മിച്ചവയാണ് ഇതിലേക്ക് മലിനജലം ഒഴുക്കി വിടുന്നത് കര്‍ശനമായി തടയണം.

ജലലഭ്യത പ്രാദേശിക തലം വരെ ഉറപ്പു വരുത്തി ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കുന്ന രീതി അടുത്ത മൂന്നു വര്‍ഷത്തില്‍ പൂര്‍ണ്ണമായി നിര്‍ത്തലാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാവര്‍ക്കും ആവശ്യത്തിന് ജലം ലഭ്യമാക്കുന്നതിനുള്ള കര്‍മ്മ പരിപാടിയാണ് ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നത്. ഉപയോഗിക്കപ്പെടാത്ത പാറമടകള്‍, മഴവെള്ള സംഭരണികള്‍, മറ്റു ജലസ്രോതസ്സുകളടക്കമെല്ലാം ഇത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കും. നവകേരളത്തിനായി പരിസ്ഥിതി സംരക്ഷണത്തോടൊപ്പം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ള ജല ലഭ്യത ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണത്തോടെ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ശില്‍പ്പശാലക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരളത്തിനായി ജലസുരക്ഷാ സമീപന രേഖ മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചടങ്ങില്‍ ആദരവ് നല്‍കി. നവകേരളത്തിന്റെ പരിസ്ഥിതി മികവുകള്‍’ പ്രബന്ധ സമാഹാരം പ്രകാശനവും മാപത്തോണിന്റെ ഭാഗമായി തയ്യാറാക്കിയ ഭൂപടം പ്രകാശനവും ആസൂത്രണ ബോര്‍ഡംഗം ജിജു പി അലക്‌സ് നിര്‍വഹിച്ചു. നവകേരളം ന്യൂസ് ലെറ്ററിന്റെ 50-ാം പതിപ്പ് പ്രകാശനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ നിര്‍വഹിച്ചു.

ഐ ബി സതീഷ് എം എല്‍ എ, കെ.എസ്.ഡബ്യു.എം.പി. പ്രോജക്ട് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. സുരേഷ്, ചേംബര്‍ ഓഫ് മുനിസിപ്പല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ എം കൃഷ്ണദാസ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ബി.പി. മുരളി, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. മിഷന്‍ ഡയറക്ടര്‍ രവിരാജ് ആര്‍, ക്ലീന്‍കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജി. കെ. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നവകേരളം കര്‍മ പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ സ്വാഗതവും പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ രജത്ത് നന്ദിയും അറിയിച്ചു. ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യപരിപാലനം എന്നീ മേഖലകളില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളില്‍ നടന്ന മികച്ച പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തിയാണ് സംഗമം സംഘടിപ്പിച്ചത്.

 

Share news
error: Content is protected !!
Scroll to Top