വിജയ് ബാബു ദുബായിലാണെന്ന് സ്ഥിരീകരിച്ചു; കീഴടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അന്വേഷണ കമ്മീഷണര്‍

ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ നിര്‍മാതാവും നടനുമായ വിജയ് ബാബു ദുബായില്‍ ആണെന്ന് സ്ഥിരീകരിച്ചു. ഈ മാസം 24 നാണ് ബെംഗളൂരുവില്‍ നിന്നാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്.

വിജയ് ബാബു കീഴടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചിരുന്നു. നടന് മുന്നില്‍ മറ്റ് വഴികളില്ലെന്നും കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കഴമ്പുള്ളതെന്ന് ഓരോ നിമിഷവും തെളിയുന്നെന്നും കമ്മിഷണര്‍ പറഞ്ഞു.

വിജയ് ബാബുവും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പീഡനപരാതി ബലപ്പെടുത്തുന്ന തരത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലില്‍ നിന്നാണ് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള തീയതികളില്‍ അഞ്ച് സ്ഥലത്ത് വച്ച് ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ ഉള്ളത്. മയക്കുമരുന്നും മദ്യവും നല്‍കി അര്‍ധബോധാവസ്ഥയില്‍ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നും പരാതിയിലുണ്ട്. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലും എന്നതടക്കമുള്ള ഭീഷണി വിജയ് ബാബുവില്‍ നിന്നും തനിക്കുണ്ടായെന്നും നടിയുടെ പരാതിയിലുണ്ടായിരുന്നു.
നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് ശേഖരിച്ചത്.

ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താന്‍ പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പരാതിയില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു കഴിഞ്ഞ ദിവസവും അറിയിച്ചിരുന്നു. അറസ്റ്റ് അനിവാര്യമാണ്. യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ കിട്ടിയതായും നേരത്തെ കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top