കാത്തിരിക്കുന്ന കണ്ണുകള്‍ നനയാതിരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ജാഗ്രത

തിരൂരങ്ങാടി: പെരുന്നാള്‍ തിരക്കില്‍ റോഡുകള്‍ കുരുതിക്കളമാവാതിരിക്കാന്‍ ജാഗ്രതാ സന്ദേശവുമായി തിരൂരങ്ങാടി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. കാത്തിരിക്കുന്ന കണ്ണുകളെ കരയിക്കരുത് എന്നും ആഘോഷവേളകളെ ദുരന്തവേദിയാക്കരുത് എന്നുമുള്ള സന്ദേശങ്ങളുയര്‍ത്തി നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയാണ് ശ്രദ്ധേയമാവുന്നത്. റമദാന്‍ മാസത്തില്‍ നോമ്പ്തുറ സമയത്ത് അപകടങ്ങള്‍ പതിവാകുന്നതിന്റെ അനുഭവത്തില്‍ ഇത്തവണ മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യത്തിലും ശക്തമായ ബോധവല്‍ക്കരണം നടത്തിയിരുന്നു. ഏറെ ജനപിന്തുണയാര്‍ജ്ജിച്ച ആ പരിപാടിക്ക് ശേഷമാണ് പുതിയ പദ്ധതിയുമായിഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങിയിട്ടുള്ളത്.

ആരാധനാലയങ്ങളില്‍ ഭക്തരുടെ സാന്നിധ്യം അധികരിക്കുകയും ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കം ആരംഭിക്കുകയും വിപണിസജീവമാവുകയും ചെയ്ത സാഹചര്യത്തില്‍ വാഹനത്തിരക്കും അനിയന്ത്രിതമായിട്ടുണ്ട്. അമിത വേഗതയും അശ്രദ്ധയും നിയമലംഘനങ്ങളും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതിന്റെ ഓര്‍മ്മപ്പെടുത്തലുകളും അപകടങ്ങളുടെ ബാക്കിപത്രങ്ങളായ തീരാനഷ്ടങ്ങളുടെ ചിത്രങ്ങളും വരച്ച് കാട്ടുന്ന ബോധവല്‍ക്കരണം ഏറെ ഗുണംചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.റോഡ് സുരക്ഷാ സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും ഡ്രൈവര്‍മാര്‍ക്ക് വിതരണംചെയ്തു.

തിരൂരങ്ങാടി ജോയിന്റ് ആര്‍ ടി ഒ എം പി അബ്ദുല്‍ സുബൈര്‍ എം വി ഐമാരായ പി എച്ച് ബിജുമോന്‍, എം കെ പ്രമോദ് ശങ്കര്‍ എ എം വി ഐ മാരായ കെ സന്തോഷ് കുമാര്‍, കെ അശോക് കുമാര്‍, ടി മുസ്തജാബ്, എന്‍ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് കക്കാട്, യൂണിവേഴ്‌സിറ്റി, ചേളാരി, തലപ്പാറ, കൊളപ്പുറം, പൂക്കിപ്പറമ്പ്, കോട്ടക്കല്‍, പരപ്പനങ്ങാടി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണം നടത്തിയത്.

Share news
error: Content is protected !!
Scroll to Top