മലപ്പുറം: പൊതുവിതരണ സമ്പ്രദായം താഴേക്കിടയില്‍ ഫലപ്രദമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ റേഷന്‍ കടകളുടെ തലത്തില്‍ രൂപീകരിച്ച വിജിലന്‍സ് കമ്മിറ്റികള്‍ കൃത്യമായ ഇടവേളകളില്‍ യോഗം ചേരണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷനംഗം സബീത ബീഗം. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ജില്ലാതല ഭക്ഷ്യ കമ്മീഷന്‍ സിറ്റിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമ്മീഷനംഗം. പതിനഞ്ചു ദിവസത്തിനകം ഈ കമ്മിറ്റികള്‍ ചേരുകയും റിപ്പോര്‍ട്ട് ലഭ്യമാക്കുകയും വേണം. പൊതുവിതരണ സമ്പ്രദായത്തിലെ പരാതികള്‍ താഴെക്കിടയില്‍ നിന്നു തന്നെ പരിഹരിച്ചു പോകണം. അതിനായി രൂപീകരിച്ച റേഷന്‍കടതല വിജിലന്‍സ് കമ്മിറ്റികള്‍ കൃത്യമായി യോഗം ചേരുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വേണം. ഐസിഡിഎസ് മുഖേന നടപ്പിലാക്കുന്ന ഗര്‍ഭിണികള്‍ക്കും മൂന്നു വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്കും നല്‍കിവരുന്ന പോഷകാഹാരപദ്ധതി, സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി, പൊതുവിതരണ സമ്പ്രദായം എന്നിവ ജില്ലയില്‍ കുറ്റമറ്റ രീതിയിലാണ് നടക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് സബീത ബീഗം നിര്‍ദ്ദേശിച്ചു. അങ്കണവാടികളിലും സ്‌കൂളുകളിലും പുതുതായി ഏര്‍പ്പെടുത്തിയ ഭക്ഷണമെനു കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
2013ലെ ഭക്ഷ്യ സുരക്ഷാ നിയമം കൃത്യമായി ജില്ലയില്‍ നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ഇവ സംബന്ധിച്ച പരാതികള്‍ ഡി ജി ആര്‍ ഒ (ജില്ലാതല പരാതി പരിഹാര ഓഫിസര്‍) കൂടിയായ എ.ഡി.എമ്മിന് നല്‍കണം. ജില്ലാതലത്തില്‍ പരിഹരിക്കാനാവാത്ത പരാതികള്‍ അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള ഭക്ഷ്യ കമ്മീഷന് കൈമാറണം.
ജില്ലയില്‍ ഭക്ഷ്യ പൊതുവിതരണ സമ്പ്രദായം കൃത്യമായി നടക്കുന്നുണ്ടെന്നും ഓണക്കാലത്ത് പരാതികള്‍ക്കിടയില്ലാത്ത വിധം സംഭരണവും വിതരണവും പൂര്‍ത്തീകരിച്ചെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. ആദിവാസി മേഖലകളില്‍ പൊതുവിതരണ സമ്പ്രദായം സുഗമമാക്കുന്നതിനായി ആരംഭിച്ച സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ ഫലപ്രദമായി നടക്കുന്നു. പുതുതായി നാലു മാവേലി സ്റ്റോറുകള്‍ കൂടി ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ട്.
എ ഡി എം എന്‍ എം മെഹറലി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, ഡെപ്യൂട്ടി കളക്ടര്‍ കെ.ലത, ജില്ലാ സപ്ലൈ ഓഫീസര്‍ എ സജാദ്, വിവിധ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




