
ദില്ലി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്ന്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷന്‍ പൂര്‍ണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സര്‍ക്കാര്‍ ജാമ്യാഹര്‍ജിയെ എതിര്‍ത്തത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഒന്‍പത് ദിവസമായി കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോഴാണ് ബിലാസ്പൂര്‍ എന്‍ ഐഎ കോടതി കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷയില്‍ ഇന്ന് ഉത്തരവ് പറയുന്നത്. ജാമ്യം കിട്ടിയാല്‍ ഇന്ന് തന്നെ കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകും.
മനുഷ്യക്കടത്ത്, മതപരിവര്‍ത്തന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു കന്യാസ്ത്രീകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമൃതോ ദാസ് വാദിച്ചത്. അഞ്ചാമത്തെ വയസ്സില്‍ മതപരിവര്‍ത്തകയാണ് യുവതി. ജോലിക്ക് കൊണ്ടുപോയതിന് പൂര്‍ണമായ രേഖകളും ഉണ്ട്. അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകന്‍ അമൃതോ ദാസ് അറിയിച്ചത്. വാദം പൂര്‍ത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയത്.
ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കന്യാസ്ത്രീകളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണോ എന്ന് ചോദിച്ചപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. കന്യാസ്ത്രീകളുടെ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദങ്ങളിലും പ്രോസിക്യൂഷന്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ ഭാഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യ കടത്തും കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്തത്. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി നേതാക്കളും കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ഛത്തീസ്ഗഡില്‍ തുടരുകയാണ്.
കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷയില്‍ കേസ് ഡയറി ഹാജരാക്കിയതിന് പിന്നാലെയാണ് ഇന്നലെ കോടതി വാദം കേട്ടത്. കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കിയാല്‍ മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്ന് ബജ്രംഗദല്‍ അഭിഭാഷകന്‍ വാദിച്ചു. ബജ്റങ്ദള്‍ ആരോപണത്തിന് എതിരായ തെളിവുകള്‍ കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ ഹാജരാക്കി. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായവര്‍ എന്ന് തെളിയിക്കുന്ന രേഖകളും, ക്രിസ്തീയ വിശ്വാസികള്‍ ആണെന്ന രേഖകളും, മാതാപിതാക്കളുടെ മൊഴിയും നല്‍കി. അന്വേഷണം പ്രാരംഭഘട്ടത്തിലാണ് അതിനാല്‍ ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പിന്നാലെയാണ് ജാമ്യപേക്ഷയില്‍ വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയത്.
ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത് ചതിയാണെന്നായിരുന്നു പ്രതിപക്ഷ എംപിമാരുടെ പ്രതികരണം. ജാമ്യം കിട്ടിയാലും എഫ്‌ഐആര്‍ റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും എംപിമാര്‍ പറഞ്ഞു. എന്നാല്‍, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നത് സ്വാഭാവികമാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു. പ്രോസിക്യൂഷന്‍ ഇടപെടല്‍ ജാമ്യത്തെ ബാധിക്കില്ലെന്നും ഷോണ്‍ ജോര്‍ജ് ഛത്തീസ്ഗഡില്‍ പറഞ്ഞു. അതിനിടെ കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പ്രതിഷേധിച്ചു. റായ്പൂരിലെ പ്രതിഷേധ യോഗത്തില്‍ കോലം കത്തിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




