വേടന്‍ ഇന്ന് ഇടുക്കിയില്‍ സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തില്‍ പാടും

കൊച്ചി: റാപ്പര്‍ വേടന്‍ കഞ്ചാവ് കേസില്‍ പ്രതിയായതിനു പിന്നാലെ ഒഴിവാക്കിയ പരിപാടി വീണ്ടും നടത്താന്‍ തീരുമാനം. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ദിവസമായ തിങ്കളാഴ്ചയാണ് വേടന്റെ സംഗീത പരിപാടി തീരുമാനിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ വേടനു പിന്തുണയുമായി സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരും രംഗത്തെത്തി. വേടനെ കേരളം സംരക്ഷിക്കുമെന്നും വനംവകുപ്പ് ഇരട്ടത്താപ്പ് വകുപ്പാകരുതെന്നും ഇവര്‍ പ്രതികരിച്ചു.

ഇടുക്കി വാഴത്തോപ്പ് സ്‌കൂള്‍ ഗ്രൗണ്ടില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന ദിവസമായ ഏപ്രില്‍ 29നായിരുന്നു വേടന്റെ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ 28ന് വേടന്‍ അറസ്റ്റിലായി. ഇതോടെ പരിപാടി തന്നെ വേണ്ടെന്നു വയ്ക്കുകയായിരുന്നു. പുലിപ്പല്ലു കേസില്‍ വനംവകുപ്പ് അറസ്റ്റ് ചെയ്തതോടെ പൊതുജനാഭിപ്രായം വേടന് അനുകൂലമായി തിരിഞ്ഞിരുന്നു. ഇതിനു പിന്നാലെ വനംമന്ത്രിയും ഉദ്യോഗസ്ഥരെ പഴിചാരി രംഗത്തെത്തി. പുലിപ്പല്ലു കേസില്‍ നടപടികള്‍ കൃത്യമായി ചെയ്‌തെന്നും എന്നാല്‍ വേടന്റെ അമ്മയുടെ ശ്രീലങ്കന്‍ ബന്ധം പോലുള്ള പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടാണ് വകുപ്പു മേധാവി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.

റദ്ദാക്കിയ പരിപാടി വീണ്ടും നടത്താന്‍ തീരുമാനിച്ചതിനോട് പ്രതികരിച്ചു കൊണ്ടായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വേടന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്. വേടന്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള കലാകാരനാണെന്നും ദളിത് വിഭാഗങ്ങളുടെയും അരികുവത്ക്കരിക്കപ്പെട്ടവരുടെയും താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് വേടന്റെ പാട്ടുകളെന്നും ഗോവിന്ദന്‍ പറഞ്ഞു. താന്‍ തെറ്റായ നിലപാട് സ്വീകരിച്ചിട്ടുണ്ട് എന്ന് വേടന്‍ സമ്മതിക്കുകയും അത് തിരുത്തുമെന്നും പറഞ്ഞിട്ടുണ്ട്. ആ തിരുത്തലിനുള്ള ഇടപെടലായി സര്‍ക്കാരിന്റെ നടപടിയെ കണ്ടാല്‍ മതിയെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ”വേടനെ വേട്ടയാടാനുള്ള ഒരു നടപടിയും കേരളീയ സമൂഹം അംഗീകരിക്കില്ല. വേടന് കേരളത്തിന്റെ പരിരക്ഷയും സംരക്ഷണവുണ്ട്”. ഗോവിന്ദന്‍ പറഞ്ഞു.

വനംവകുപ്പ് ഇരട്ടത്താപ്പിന്റെ വകുപ്പാകാന്‍ പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വേടന്‍ സ്വന്തം അനുഭവച്ചൂളയില്‍ കൈവച്ചുകൊണ്ടായിരിക്കാം പാടിയതും പറഞ്ഞതുമെന്നും വേടന്റെ താന്‍ കേട്ട എല്ലാ പാട്ടുകളിലും മുഴങ്ങുന്നത് ആ ശബ്ദമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. മലയാളി എന്ന നിലയില്‍ തനിക്ക് വേടനോട് ബഹുമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വേടന്‍ തെറ്റു പറ്റിയത് സമ്മതിച്ചു. സര്‍ക്കസ് കാണിച്ചും തെറ്റല്ലെന്ന് സ്ഥാപിച്ചും പലരും വെള്ളപൂശിന് ശ്രമിക്കുമ്പോള്‍ വേടന്‍ പറഞ്ഞത് തനിക്കൊരു വീഴ്ച പറ്റി എന്നാണ്. ധീരമാണ് ആ നിലപാട്. സത്യസന്ധമായ പ്രസ്താവനയാണ് വേടന്‍ നടത്തിയത് എന്നും ബിനോയ് വിശ്വം പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top