മാപ്പിളസാഹിത്യത്തെ നെഞ്ചോട് ചേര്‍ത്തുവെച്ച മഹാമനുഷ്യനായിരുന്നു വിബി വള്ളിക്കുന്ന്

എഴുത്ത്:  റഷീദ് പരപ്പനങ്ങാടി

ഒരു സമുദായത്തിന്റേതെന്ന നിലയില്‍ പലപ്പോഴും ആത്മീയതയുടെ പരിവേഷത്തോടെ ചുരുങ്ങിപ്പോവുമായിരുന്ന ഒരു സാഹിത്യ ശാഖയെ -മാപ്പിള സാഹിത്യത്തെ അടിവേരോടെ പിഴുതെടുത്ത് സമ്പൂര്‍ണ്ണ സാഹിത്യ മേഖലയുടെ കണ്ണിയായി ചേര്‍ത്ത് വെച്ച മഹാമനുഷ്യനായിരുന്നു വി ബി എന്ന ചുരുക്കപേരില്‍ അറിയപ്പെട്ടിരുന്ന ബാലകൃഷ്ണന്‍ വള്ളിക്കുന്ന്.

മാലയും പടപ്പാട്ടുകളും മാപ്പിളപ്പാട്ടുകളും കല്യാണപ്പാട്ടുകളും വരികള്‍ക്കിടയിലൂ ചികഞ്ഞെടുത്ത് ദേശീയതയുടെയും അധിനിവേശ വിരുദ്ധ പോരാളികളുടെ ഉള്ളിലെ ഊര്‍ജ്ജ്മായി പരിണമിക്കുന്നതിന്റെയും ചരിത്രം സാഹിത്യ ലോകത്തിന് പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു ബാലകൃഷ്ണന്‍ മാഷ്.

മാപ്പിള സാഹിത്യ മേഖലയില്‍ മാത്രമല്ല സര്‍വ്വ മേഖലകളിലും ചരിത്ര വിദ്യാര്‍ത്ഥികളുടെ അന്വേഷണങ്ങള്‍ക്കുള്ള പൂര്‍ണ്ണവിരാമമായിരുന്നു വി ബിയുടെ വാക്കുകള്‍.

പലപ്പോഴും പല സംശയങ്ങള്‍ക്കും മറ്റുള്ളവരില്‍ നിന്നുകിട്ടുന്ന ഉത്തരങ്ങള്‍ ‘ഇങ്ങിനെയായിരിക്കാനാണ് സാധ്യത’ ‘എന്നോ’ ‘ഇങ്ങനെയാണെന്നു തോന്നുന്നു’എന്നോ’ എന്നാണെങ്കില്‍ വി ബി പറയുന്നത് ‘ഇങ്ങനെയാണ്’ എന്നായിരിക്കും’. പരന്ന വായനയും വിഷയത്തിലൂന്നി നിന്നുള്ള പഠനവുമാണ് ഇത് സാധ്യമാക്കുന്നത്. ഒരു സര്‍വ്വ വിജ്ഞാന കോശം പോലെ വിദ്യാര്‍ത്ഥികള്‍ക്കു മുമ്പില്‍ അദേഹം തലയുയര്‍ത്തി നിന്നു.

എട്ട് ഗവേഷണ കൃതികള്‍ ആയിരത്തിലേറെ ലേഖനങ്ങള്‍, ഒരു നോവല്‍, നിരവധി കവിതകള്‍ തുടങ്ങി സാഹിത്യ ലോകത്തിന് എക്കാലവും തന്നെ അടയാളപ്പെടുത്തുന്ന രേഖകള്‍ ബാക്കിവെച്ചാണ് ബാലകൃഷ്ണന്‍ മാഷ് വിട പറഞ്ഞത്.

കേരളത്തിലെ സ്‌കൂള്‍ കലോത്സവ വേദികളില്‍ ഉപജില്ല മുതല്‍ സംസ്ഥാനം വരെ മാപ്പിള കലകളുടെ വിധികര്‍ത്താവായി എത്താറുണ്ട് മാഷ്. അപ്പോഴെല്ലാം സംഘാടകര്‍ക്കും കൂടെയിരിക്കുന്നവര്‍ക്കും ഏറെ ആശ്വാസം, വി ബിയുടെ അഭിപ്രായത്തിന് മറുവാക്കില്ല എന്നതിനാല്‍. അത്രമാത്രം വിഷയത്തിലൂന്നി നിന്നുള്ള അവഗാഹം അദ്ദേഹത്തിനുണ്ടായിരുന്നു, അസുഖ ബാധിതനായി കിടക്കും വരെ.

നിരവധി അവാര്‍ഡുകള്‍ വിദേശത്തു നിന്നും സ്വദേശത്തുനിന്നുമായി അദേഹത്തെ തേടിയെത്തി. മികച്ച അധ്യാപകന്‍, ഉജ്ജ്വാല വാഗ്മി, എഴുത്തുകാരന്‍ എന്നീ നിലകളില്‍ മാഷ് ചെയ്തുവെച്ച പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പില്‍ തൊഴുകയ്യോടെ.

Related Articles