പരപ്പനങ്ങാടിയിലെ ബീഡി തൊഴിലാളികളുടെ വായന വിപ്ലവത്തിന്റെ വിത്തുവിതച്ചു.

എഴുത്ത് ഹംസ കടവത്ത്
പരപ്പനങ്ങാടി: കാലം പുകച്ചു തീര്‍ത്ത ബീഡി കുറ്റികള്‍ക്ക് വായനയുടെയും വിപ്ലവത്തിന്റെയും കഥ പറയാനുണ്ട്.

നാടിറങ്ങിയ നാടന്‍ ബീഡി വ്യവസായത്തിന് ഒരു ഗ്രാമത്തിന്റെ തൊഴില്‍ ശാക്തീകരണത്തിന്റെയും ചെറുകിട കുടില്‍ വ്യവസായത്തിന്റെയും കഥകള്‍ മാത്രമല്ല വായന കേട്ട് ഗര്‍ഭം ധരിച്ച വിപ്ലവ ബോധത്തിന്റെ തിളക്കമാര്‍ന്ന ചരിത്രം കൂടി ഓര്‍ക്കാനുണ്ട്.

സ്വര്‍ണത്തിനും മത്സ്യത്തിനും പേരുകേട്ട പരപ്പനങ്ങാടി യുടെ വിപണിക്ക് മുകളില്‍ നാടിനും സമൂഹത്തിനും കാവലാളായി നൂറു കണക്കിന് ബീഡി തൊഴിലാളികള്‍ സമരവും സേവനവും ജീവിതത്തിന്റെ ഭാഗമാക്കി നിലയുറപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു.
അന്നോളം ജന്മിമാരുടെ ചോദ്യംചെയ്യാനാവാത്ത താന്തോന്നിത്തങ്ങളെ ശീലങ്ങളെ നേരിട്ട വിപ്ലവ പോരാളികള്‍ക്ക് ജന്മം നല്‍കിയത് വായനയായിരുന്നെന്ന അപ്രിയ സത്യം അധികമാരും ചര്‍ച്ച ചെയ്തിട്ടില്ല. പരപ്പനങ്ങാടിയിലെ നവോത്ഥാന ചരിത്രത്തില്‍ തുന്നിചേര്‍ക്കേണ്ട വായനക്ക്് ബീഡി തെറുപ്പ് തൊഴില്‍ സംസ്‌ക്കാരവുമായുള്ള ബന്ധം അഭേദ്യമാണ്.

മലബാറിലുടനീളം പ്രസിദ്ധി നേടിയ മല്ലികശ്ശേരി ബീഡി ,സിത്താര ബീഡി മുതല്‍ ബാബു ദര്‍ബാര്‍ ബീഡി, ഈയടുത്ത കാലം വരെ നിലനിന്നിരുന്ന ചോട്ട ബീഡി, അഞ്ചപ്പുരയിലെ കെ .വി . ബീഡി, സി.വി. ബീഡി, ടി. വി. ബീഡി, ചുരുട്ടു കമ്പനികള്‍ തുടങ്ങി വ്യത്യസ്ത കോണുകളില്‍ നൂറുകണക്കിന് തൊഴിലാളികള്‍ അന്നവും അറിവും തിരിച്ചറിവും നേടിയ തൊഴിലിടങ്ങളിലെ വായന ഇന്ന് ചരിത്രത്തിന്റെ ഭാഗമായി. തങ്ങളുടെ അസ്ഥിത്വം തിരിച്ചറിയാനും അവകാശങ്ങള്‍ പിടിച്ചു വാങ്ങാനും അവര്‍ അന്ന് ആയുധമാക്കിയത് വായന സമ്മാനിച്ച അവബോധമൊന്നുമാത്രമാണന്ന് അക്കാലത്ത് അവര്‍ക് നേതൃത്വം നല്‍കിയ പഴയ കാല കമ്യൂണിസ്റ്റ് നേതാവ് സി. കെ. ബാലന്‍ ഓര്‍ക്കുന്നു.
നൂറു കണക്കിന് ബീഡി തൊഴിലാളികള്‍ വാടക കെട്ടിട മുകളില്‍ പ്രത്യേക ഗ്രൂപ്പുകളായി വേറിട്ടിരുന്ന് തൊഴിലില്‍ വ്യാപ്രതരാവുന്നു. കൂട്ടത്തില്‍ അക്ഷരജ്ഞാനവും ശബ്ദസ്ഫുടതയുമുള്ള ഒരു യുവാവിന്റെ ജോലി ഉറക്കെ പത്ര പാരായണം, വായനക്കാരനും ബീഡി തെരപ്പുകാര്‍ക്കുമെല്ലാം തുല്യ വേതനം,
വായനയുടെ ഓളം വൈകുന്നേരം ജോലി തീരുന്നത് വരെ അലയടിക്കും, ചര്‍ച്ചയില്‍ സ്വന്തം ചുറ്റുപാടിലെ സാമൂഹ്യ അനീതികള്‍ മുതല്‍ ആഗോള രാഷ്ട്രീയം വരെ കടന്നു വരും, എല്ലാറ്റിനും തിരി കൊളുത്തുന്നത് അതാത് ദിവസം വായിച്ചു തീര്‍ത്ത ഏതെങ്കിലും ഒരു വാര്‍ത്തയായിരിക്കും, വായനയെക്കാള്‍ വലിയ ചര്‍ച്ച, ചര്‍ച്ചയെക്കാള്‍ വലിയ ഇടപെടല്‍ ,ഇതായിരുന്ന വായനയിലൂടെ ബീഡി തൊഴിലാളികള്‍ സമൂഹത്തിന് സമര്‍പ്പിച്ച രാഷ്ട്രീയം, വായന തീര്‍ത്ത രാഷ്ട്രീയമാകട്ടെ ജന്മികള്‍ക്ക് മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന അടിസ്ഥാന ജന വിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഇന്ധനമാവുകയും ചെയ്തു.
ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലായ സമയം, പൊരുത്തമില്ലാത്ത ഭൂമി വാങ്ങരുതെന്നും അവിടെ വെച്ച് നടത്തുന്ന പ്രാര്‍ത്ഥന, നമസ്‌ക്കാരം ശരിയാവില്ലന്നും മത പ്രഭാഷണം നടക്കുന്ന കാലം, ഒരു പിടി കമ്യൂണിസ്റ്റുകളും ബീഡി തൊഴിലാളികളും കുടിലുകള്‍ കയറി കുടിയിറങ്ങരുതെന്ന് വിപ്ലവ ധൈര്യം പകരാന്‍ അവര്‍ മാത്രം, അതിനിടയില്‍ പരപ്പനങ്ങാടിയിലെ ജന്മി കുടുംബത്തിലെ രണ്ടു കമ്യൂണിസ്റ്റ് നേതാക്കളായ കെ. പി. എച്ച് നഹയും , കോയ കുഞ്ഞിനഹയും നിയമം നടപ്പിലാക്കുന്നതിന് മുമ്പെ തങ്ങളുടെ പറമ്പിലെ കുടിയാന്മാര്‍ക്ക് ഭൂമി അളന്നു കൊടുത്തതോടെ ബീഡി കമ്പനികളില്‍ ആഹ്ലാദം അലയടിച്ചു.

ആ വാര്‍ത്ത നൂറുവട്ടം വായിച്ചു തീര്‍ത്ത തൊഴിലാളികള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് പത്തു സെന്റ് നല്‍കാതെയും കുടിയാന്മാരെ തിരക്കിട്ട് കുടിയിറക്കിയും ധൃതി വെച്ച ധിക്കാരത്തെ കയ്യോടെ നേരിടാന്‍ അക്കാലത്ത് കളത്തിലിറങ്ങിയ കമ്യൂണിസ്റ്റു നേതാക്കളായ വിളക്കീരി അബ്ദുറഹിമാന്‍ കുട്ടി, സി. കെ. ബാലന്‍ തുടങ്ങി ഒരു പടി കമ്യൂണിസ്റ്റുകള്‍ക്ക് കരുത്തായി ബീഡി തൊഴിലാളികള്‍ രംഗത്തിറങ്ങി. അക്കൂട്ടത്തില്‍ കോണ്‍ഗ്രസ്‌കാരും, സോഷ്യലിസ്റ്റുകളും, ലീഗുകാരുമെല്ലാം ഉണ്ടായിരുന്നെങ്കിലും അവകാശങ്ങള്‍ക്ക് വേണ്ടി ഒന്നിച്ച് നില്‍ക്കാനും, കുടിയിറക്ക് ഭീഷണിക്കെതിരെ ഒരുമിച്ച് പൊരുതാനും വായന അവരെ പ്രാപ്തമാക്കിയിരുന്നെന്ന് സി. പി. എം. മുന്‍ ജില്ല കമ്മറ്റി അംഗം കൂടിയായ അക്കാലത്തെ വിപ്ലവ കൗമാരം സി .കെ . ബാലന്‍ എണ്‍പതിന്റെ നിറവിലും പച്ചയായി ഓര്‍ക്കുന്നു.
നിരക്ഷരതയുടെ നിര്‍ഭാഗ്യങ്ങള്‍ക്കിടയിലും കേള്‍വിയുടെ വായന ബീഡി തൊഴിലാളികള്‍ക്കിടയില്‍ സമ്മാനിച്ച പ്രബുദ്ധതയും സാമൂഹ്യ ബോധവും സമാനതകളില്ലാത്ത വിപ്ലവമാണ് തീര്‍ത്തതെന്ന് പഴമക്കാര്‍ പറയുന്നു.

പരപ്പനങ്ങാടി യില്‍ പ്രായം നൂറു കവിഞ വായനാശാലകളായ മുഹമ്മദ് സ്മാരക വായന ശാല, നെടുവ വായനശാല, നവജീവന്‍ വായനശാല തുടങ്ങി അക്ഷര പട്ടങ്ങള്‍ പൊട്ടാതെ നിന്നതിന്റെ പിറകിലെ ശക്തിയും, കരുത്തും തൊഴിലാളി സമൂഹം കേട്ടു വായിച്ചു രചിച്ച അക്ഷര വിപ്ലവത്തിന്റെ പൈതൃക നാള്‍വഴി കൊണ്ടു കൂടിയാവണം.

Share news
error: Content is protected !!
Scroll to Top