സ്ത്രീവിരുദ്ധ ആള്‍ക്കൂട്ടത്തെ ഇനിയും വളര്‍ത്തരുത്

ശബരിമലയിൽ യുവതീ പ്രവേശനത്തിനുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പ്രഖ്യാപനം ഉണ്ടായ സാഹചര്യത്തിൽ കേരളത്തിൽ ഉയർന്നു വന്ന ഗുണപരവും, അതേ പോലെ പ്രതിലോമകരവുമായ ചർച്ചകൾ സൃഷ്ടിച്ച സാമൂഹ്യ സാഹചര്യത്തിൽ തങ്ങളുടെ നിലപാടുകൾ  വ്യകതമാക്കുകയാണ്  സാമൂഹ്യ – സാംസ്കാരിക രംഗത്തെ വിവിധ തുറകളിലെ പെൺസാനിധ്യങ്ങൾ. വനിതാ മതിലിന്റ പ്രസക്തിയും ചർച്ച ചെയ്യപ്പെടുന്നു

മാധ്യമപ്രവര്‍ത്തകയായ നിലീന അത്തോളി പറയുന്നു

ജനറല്‍ കംപാര്‍ട്‌മെന്റില്‍ ഈ പെണ്ണുങ്ങളെന്തിനാണ് കയറിയിരിക്കുന്നത്. ഇവര്‍ക്കായി അവിടെ ലേഡീസ് കംപാര്‍ട്‌മെന്റില്ലേ അവിടെയിരുന്നാല്‍ പോരെ. ബോംബെയിലെ മെട്രോ തീവണ്ടിയില്‍ നിന്നുയര്‍ന്ന ചോദ്യം ഇടിത്തീ പോലെയാണ് അന്ന് എന്റെ മേല്‍ വന്നുപതിച്ചത്. നൂറുകണക്കിന് ആളുകളുള്ള ജനറല്‍ കംപാര്‍ട്‌മെന്റില്‍ ഞങ്ങള്‍ ഏതാനും പെണ്ണുങ്ങള്‍ മാത്രമേ ഉള്ളൂ എന്ന സത്യം അപ്പോഴാണ് തിരിച്ചറിയുന്നത്. ഞങ്ങള്‍ പെണ്‍ മുഖങ്ങള്‍ക്ക എതിരേയുള്ള ചോദ്യത്തെ അനുകൂലിക്കുവരായിരുന്നു അവരില്‍ ഭൂരിപക്ഷമെന്ന് അവരുടെ ശരീര ഭാഷയില്‍ നിന്നു മനസ്സിലാക്കി. ചോദിച്ചത് ഉദ്യോഗസ്ഥരായ പുരുഷന്‍മാരാണ്.

ജനറല്‍ കംപാര്‍ട്‌മെന്റ് എന്നത് പുരുഷന്‍മാര്‍ക്ക് മാത്രമുള്ളതാണൊണ് അവരുടെയെല്ലാം ധാരണ. പൊതുയിടം പുരുഷനുള്ളത്. സ്ത്രീകളുടേതായ ഇടം അതുമാത്രം സ്ത്രീക്കുള്ളത്. ഇതാണ് ഒച്ചവെച്ചവരുടെ ധാരണ. ഞങ്ങള്‍ ഇറങ്ങും വരെ അയാള്‍ സ്ത്രീകളുടെ ജനറല്‍ കംപാര്‍ട്‌മെന്റ് പ്രവേശനത്തെ എതിര്‍ത്തു കൊണ്ടിരുന്നു. ഇത്രനാളും അവിടത്തെ സ്ത്രീകള്‍ മുഴുവനുമെന്തേ ഈ ചോദ്യത്തെ നേരിടാന്‍ ജനറല്‍ കംപാര്‍ട്‌മെന്റില്‍ യാത്രചെയ്തില്ല. ആ സ്ത്രീകകളില്‍ ഭൂരിഭാഗവും ചോദ്യം ചെയ്യപ്പെടാത്ത ലേഡീസ് കംപാര്‍ട്‌മെന്റ് ഇടത്തില്‍ സ്വയം ചുരുങ്ങിയോ?.അറിയില്ല.

മൂന്ന് വര്‍ഷം മുമ്പ് മുംബൈയെ പരിഹസിച്ച ഞാന്‍ കേരളത്തില്‍ നിന്നും സമാനമായ സാഹചര്യം നേരിടേണ്ടി വരുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല. സുപ്രീം കോടതി വിധിയെപ്പോലും തള്ളിപ്പറഞ്ഞ് ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനംവരെ അണിചേരുന്ന അവസ്ഥയില്‍ കേരളം എത്തി. അത്രയ്ക്കുണ്ട് പൊതുബോധം പേറന്നു സ്ത്രീ വിരുദ്ധത. അത് തിരുത്തപ്പെടുക തന്നെ വേണം. ഭക്തരെ സന്തോഷിപ്പിക്കാന്‍ നിങ്ങള്‍ ചരിത്രത്തിന്റെ ഒറ്റുകാരാവുകയാണ് അവിടെ എന്ന് നമ്മള്‍ അവരെ ബോധ്യപ്പെടുത്തണം. അതിനുള്ള ഏറ്റവും മികച്ച അവസരമാണ് വനിതാമതില്‍.

ബ്രാഹ്മണനായ രാഹുല്‍ ഈശ്വര്‍, നായരായ ദീപയെ സംബന്ധം ആണോ ചെയ്തത് അതോ വിവാഹമാണോ എന്ന് ചാനല്‍ ചര്‍ച്ചക്കിടയില്‍ ഒരു ചോദ്യം ഉയരുന്നുണ്ട്. ബ്രാഹ്മണ തന്ത്രവിധി പ്രകാരം ബ്രാഹ്മണന് നായര്‍ സ്ത്രീയെ വിവാഹം ചെയ്യാനാവില്ല. അത് സംബന്ധം മാത്രമേ ആവൂ. മറ്റൊരു ചാനല്‍ ചര്‍ച്ചയില്‍ ദീപയുടെ വീ്ട്ടില്‍ ആര്‍ത്തവ ദിവസം പെണ്ണുങ്ങള്‍ക്ക് തീണ്ടാരിയ്യുണ്ടോ, മാറികിടക്കലുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. തീണ്ടാരിയില്ല പക്ഷെ ക്ഷേത്രത്തില്‍ ആ ദിവസം പോകാറില്ല എന്നാണ് ദീപയുടെ മറുപടി. അത്തരം എക്‌സ്ട്രീം സ്‌റ്റെപിലേക്ക് പോയിട്ടില്ല എന്നും ദീപ കൂട്ടിച്ചേര്‍ത്തു. അതായത് ആചാരങ്ങളൊന്നും അവര്‍ ഇപ്പോഴും തൊണ്ടതൊടാതെ വിഴുങ്ങുന്നില്ലെ്ന്ന് സാരം. ഇത്തരം തീണ്ടാരി ആചാരങ്ങളില്‍ നിന്ന് കേരളത്തിലെ വീടുകളില്‍ പലതും മാറിനിന്നത് അവരോട് ദൈവം നേരിട്ട് ചെന്ന് അരുളിയതു കൊണ്ടല്ല. മറിച്ച് പുരോഗമന ബോധമുള്ള സമൂഹത്തിന്റെ ഭാഗമാവാന്‍ ഭാഗ്യം സിദ്ധിച്ച തലമുറയായതു കൊണ്ടാണ്.

വിദ്യാഭ്യാസം, രാഷ്ട്രീയ ബോധം, നവ്വോത്ഥാന പോരാട്ടങ്ങള്‍ എന്നിവ വളക്കൂറായുള്ള മണ്ണില്‍ നിന്നു കൊണ്ടാണ് നാം ഈ പുരോഗതി നേടിയത്. പലപ്പോഴും ദീപയ്ക്ക് മറുപടി നല്‍കേണ്ടി വരുന്നത് അവര്‍ കൂടെക്കൂട്ടുന്നത് അരാഷ്ട്രീയരായ ഒരുപറ്റം ആളുകളെയും സ്ത്രീകളെയുമാണെന്നതാണ്. ഇവര്‍ അടങ്ങിയ അരാഷ്ട്രീയ സമൂഹത്തിന് സാമൂഹികവും രാഷ്ട്രീയവും ആയ വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യമാണ്. ആ അനിവാര്യ ഘട്ടത്തിലാണ് വനിതാ മതിലിന്റെ പ്രസക്തി.

നിരവധി നവ്വോത്ഥാന പോരാട്ടങ്ങളിലൂടെയാണ് കേരളം ഇന്നീ കാണുന്ന ദൈവത്തിന്റെ സ്വന്തം നാടായി പരിണമിച്ചത്. ഘോഷ ബഹിഷ്‌കരണം, കല്ലുമാല സമരം, മാറുമറയ്ക്കല്‍ സമരം തുടങ്ങിയ നിരവധി പോരാട്ടങ്ങളിലൂടെയാണ് കേരള സ്ത്രീകള്‍ ഇന്നീ കാണുന്ന സ്വാഭിമാനവും, വിദ്യാഭ്യാസവും, സ്വയം തൊഴിലും, സാക്ഷരതയുമെല്ലാം നേടിയെടുത്ത്. പക്ഷെ മുലയറുത്ത നങ്ങേലിയേയോ, ആദ്യമായി ഘോഷ ധരിച്ച പാര്‍വ്വതി മനഴിയെയോ എത്ര സ്ത്രീകള്‍ക്കറിവുണ്ടാവും. നമ്മള്‍ പഠിച്ചു പോയ പാഠ്യപദ്ധതിയിലുടനീളം ഇത്തരം സ്ത്രീ മുന്നേറ്റങ്ങളുടെ തമസ്‌കരണമുണ്ട്. ആ മാഞ്ഞു പോയ പാഠങ്ങളിലേക്ക് ഒരു പറ്റം സ്ത്രീകളെ തിരിച്ചെത്തിക്കുതിനുള്ള ശ്രമത്തിന്റെ പ്രതീകാത്മക പ്രാതിനിധ്യമാണ് വനിതാ മതില്‍്.

ആര്‍ത്തവമുള്ള സ്ത്രീ അയിത്തമുള്ളവളാണെന്നും ആണിന്റെ (അത് ദൈവത്തിന്റേയോ ആരുടേതുമോ ആവട്ടെ) ബ്രഹ്മചര്യം കാത്തു സൂക്ഷിക്കാനുള്ള ബാധ്യത സ്ത്രീകള്‍ക്കാണെന്ന് ഒരു കൂട്ടം വിശ്വസിക്കുകയാണ്. മറ്റുചിലര്‍ വിശ്വസിക്കുന്നില്ലെങ്കിലും സ്വയം വളരാനുള്ള മണ്ണായി സ്ത്രീ വിരുദ്ധ ചിന്താഗതിയെ കണ്ട് അതിന് വളം നല്‍കുകയാണ്. ഭക്ത വികാരമെന്ന് പറഞ്ഞ്, പ്രതികരിക്കാന്‍ തുനിഞ്ഞ ഹിന്ദുമതേതരവിശ്വാസികളുടെ വായഅടപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. സംഘപരിവാറുകാര്‍ ശബരിമലയെ രക്ഷാ കവചമാക്കി കേരളത്തില്‍ ഉയര്‍ത്തി വിട്ട സ്ത്രീ വിരുദ്ധതയോടും കലാപാന്തരീക്ഷത്തോടും നവ്വോത്ഥാന ചരിത്രം മാപ്പു നല്‍കില്ല. പക്ഷെ ഈ ‘ആള്‍ക്കൂട്ടആര്‍പ്പുവിളികളെ’ ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കാനുള്ള ശക്തമായ ശ്രമമാണ് വനിതാമതില്‍.

കേരളത്തിലെ 99% ഹിന്ദു സ്ത്രീകളും ശബരിമല വിധിയെ അനുകൂലിക്കുന്നില്ല എന്ന് ശശികല ടീച്ചര്‍ ഉയര്‍ത്തിവിട്ട നുണപ്രചാരണങ്ങളോട് മറ്റേത് രീതിയിലാണ് മറുപടി പറയാനാവുക.

അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ഭൂരിഭാഗം പെണ്ണുങ്ങളെ പോലെ വീട്ടിലെ ആണുങ്ങള്‍ തെളിച്ചുകൊണ്ടുവരുന്നവരാകരുത് വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍. രാഷ്ട്രീയ ബോധമുള്ള സ്ത്രീകളെയാണ് മതിലിന് വേണ്ടത്. ആ സ്ത്രീകളെയാണ് വിഭാവനം ചെയ്യേണ്ടത്. രാഷ്ട്രീയ ബോധമുള്ള സ്ത്രീകളെ ഉത്പാദിപ്പിക്കാന്‍ മതിലിലൂടെ കഴിയണം. എാന്നാലേ പ്രതീകാത്മകയ്ക്കപ്പുറത്ത് വനിതാമതില്‍ ഒരു നവ്വോത്ഥാന മുന്നേറ്റമാകൂ.

ഇനി മതിലിനെതിരേ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍. ശബരിമല വിഷയവുമായി മതിലിന് ബന്ധമുണ്ടോ എന്ന് ചെന്നിത്തല ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ശബരിമല വിഷയമാണ് വനിതാമതിലിന്റെ അടിസ്ഥാനമെന്നും എന്നാല്‍ അത് മാത്രമല്ല പകരം സ്ത്രീകള്‍ പുതിയ കാലത്ത് നേരിടുന്ന എല്ലാതരത്തിലുമുള്ള വിവേചനങ്ങളോടുള്ള പ്രതിരോധമാണ് വനിതാമതില്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നയം വ്യക്തമാക്കി കഴിഞ്ഞു.

ഹിന്ദുക്കളെല്ലാം ഒന്നാണ്, ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിനെതിരേ ഒറ്റക്കെട്ടായി നില്‍ക്കണം എന്ന് പറഞ്ഞ ബിജെപിക്കാര്‍ അവരുടെ പാര്‍ട്ടിയുടെ മുഖപത്രത്തില്‍ മുഖ്യമന്ത്രിയെ തെങ്ങ് കയറ്റക്കാരന്‍ കോരന്റെ മകന്‍ എന്ന് വിളിച്ച് ജാതീയമായി ആക്ഷേപിച്ചതും, മുഖ്യമന്ത്രിയെ ചോവനെന്ന് വിളിച്ച കുലസ്ത്രീകളുടെ ജാതിബോധത്തെയും കാണാതെ പോവരുത്.

‘ഞങ്ങള്‍ സംഘപരിവാറിന് വളം വെക്കും. അവരുടെ വളര്‍ച്ചയെ സഹായിക്കും. യുവതികളെ ശബരിമലയില്‍ കയറ്റുന്നതിനും ഞങ്ങള്‍ എതിരാണ്. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന കലാപകാരികളെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കും. പക്ഷെ എന്നിട്ടും ഒരു നാണവുമില്ലാതെ ആ കലാപകാരികള്‍ പെണ്ണുങ്ങളെ തുരത്തിയപ്പോള്‍ കേരള പോലീസ് എവിടെയായിരുന്നു എന്ന് ഞാന്‍ ചോദിക്കും. അതാണ് വിടി. ഭട്ടതിരിപ്പാടല്ല. ആ പേരിന്റെ പരിസരത്ത് പോലും വരാന്‍ പാടില്ലാത്ത വിടി ബല്‍റാം. പിസി ജോര്‍ജ്ജും സുകുമാരന്‍ നായരുമെല്ലാം സ്ത്രീ പ്രവേശനത്തെ എതിര്‍ക്കും. പക്ഷെ അവര്‍ സ്ത്രീ വിരുദ്ധരാണെ മിനിമം ബോധ്യം കേരളീയര്‍ക്കുണ്ട്. പക്ഷെ പുരോഗമന, സ്ത്രീസമത്വ, സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുവരെന്ന് അവകാശപ്പെടുന്ന വിടി ബല്‍റാമിനെപ്പോളുള്ളവരോട് മറുപടി പറയേണ്ടി വരുന്നത് ഇതിനാലാണ്.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കും, കാരണം കാലത്തെ തടയാന്‍ നമുക്കാര്‍ക്കുമാവില്ല. എന്നാല്‍ അതുവരെയുള്ള സമയം നിഷ്‌ക്രിയമാകാതെ സംവാദങ്ങളുയര്‍ത്തി സ്ത്രീസമത്വം എന്ന ലക്ഷ്യത്തെ കേരളീയ പൊതുമണ്ഡലത്തിന്റെ ഓരോ ചെറിയ കോണിലേക്കും എത്തിക്കാനാണ് ജനാധിപത്യ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. സ്ത്രീ സമത്വത്തിലും സ്ത്രീ ശാക്തീകരണത്തിലുന്നിയുമുള്ള സംവാദങ്ങളിലേക്കുള്ള ശ്രദ്ധ എത്തിക്കലാണ് വനിതാമതില്‍. അത് നിലപാട് പ്രഖ്യാപനം കൂടിയാണ്. അതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നതും. അങ്ങനെ അദ്ദേഹം നവ്വോത്ഥാന നായകനാവുകയാണ്. ചരിത്രം കൈക്കുമ്പിളില്‍ കൊണ്ടുവന്ന അപൂര്‍വ്വാവസരത്തെ താത്ക്കാലിക ലാഭത്തിനു വേണ്ടി ഒറ്റുകൊടുത്ത കോണ്‍ഗ്രസ്സും പ്രതിപക്ഷ നേതാവും നവ്വോത്ഥാന മുന്നേറ്റത്തെ ഒറ്റുകൊടുത്തവരുടെ പട്ടികയിലേക്ക് വഴിമാറുകയാണ്.

മനീതികള്‍ക്ക് പിന്നാലെ ആള്‍ക്കൂട്ടം ഓടിയടുത്ത ആ ദൃശ്യമുണ്ടല്ലോ. അത് നവ്വോത്ഥാന കേരളത്തിന്റെ മുഖത്തേറ്റ ഏറ്റവും വലിയ പ്രഹരമാണ്. ആ അടിക്ക് നാം തിരിച്ചടിക്കേണ്ട. പകരം ജനാധിപത്യ രീതിയില്‍ പ്രതികരിക്കണം. അതിനായുള്ള അവസരം നഷ്ടപ്പെടുത്തരുത്.

Related Articles