*മൃണാള്‍ സെന്‍ : ഭദ്ര ലോകത്തിനപ്പുറത്ത് …..*

എഴുത്ത് : സായി കിഷോര്‍

ഇന്ത്യന്‍ സിനിമയിലേക്ക് രാഷ്ട്രീയ നിയലപാടുകളുടെ കടും നിറങ്ങള്‍ സംക്രമിപ്പിച്ച ചലച്ചിത്രകാരനായിരുന്നു മൃണാള്‍ സെന്‍ . ബംഗാളി ചലച്ചിത്രകാര ത്രയത്തിലെ സത്യജിത് റായിയുടെ നിയോ റിയാലിസ്റ്റ് ധാരകളോടായിരുന്നില്ല പകരം ഋഥ്വിക് ഘട്ടക്കിന്റെ രാഷ്ട്രീയ നിലപാടുകള്‍ പ്രകടമാക്കുന്ന ചലച്ചിത്ര രീതികളോടായിരുന്നു മൃണാള്‍ സെന്‍ കൂടുതല്‍ താദാത്മ്യപെട്ടത്. ഒരുപക്ഷെ ഘട്ടക്ക് സിനിമകളേക്കാള്‍ രാഷ്ട്രീയം കൂടുതല്‍ വാചികമായിരുന്നു മൃണാള്‍ സെന്‍ സിനിമകളില്‍. തന്റെ ആശയങ്ങളെ, നിലപാടുകളെ ജനങ്ങളുമായി പങ്കുവെയ്ക്കുക എന്നുള്ളതായിരുന്നു ചലച്ചിത്രകാരനെന്ന നിലയില്‍ മൃണാള്‍ സെന്നിന്റെ പ്രഥമ പരിഗണന, അതുകൊണ്ടുതന്നെ ഈ ആവശ്യത്തിലേക്കായി താന്‍ തിരഞ്ഞെടുത്ത ഒരു മാര്‍ഗ്ഗം മാത്രമായിരുന്നു മൃണാള്‍ സെന്നിന് തന്റെ സിനിമകള്‍. ബഹുഭൂരിഭാഗം ചലച്ചിത്രകാരന്‍മാരില്‍നിന്നും വ്യത്യസ്തനായി ഒരു നിശ്ചിത ചലച്ചിത്ര മാതൃകയെ അദ്ദേഹം ഒരിക്കലും തുടര്‍ച്ചയായി പിന്തുടര്‍ന്നില്ല. . തന്റെ മുന്‍ സിനിമകളുമായി അദ്ദേഹം ഒരു തത്തിലുമുള്ള വൈകാരിക ബന്ധങ്ങളും സൂക്ഷിച്ചില്ലെന്ന് മാത്രമല്ല അവയുടെ തീക്ഷ്ണ വിമര്‍ശകനായി അദ്ദേഹം മാറുകയും ചെയ്തു. ഓരോ പുതിയ സിനിമയിലും അദ്ദേഹം തന്റെ മുന്‍ സിനിമകളെ, അതിന്റെ ആഖ്യാന രീതികളെ വീണ്ടും വീണ്ടും അപനിര്‍മ്മിച്ചുകൊണ്ടിരുന്നു
കല്‍ക്കത്ത ചലച്ചിത്ര ത്രയം എന്നറിയപ്പെടുന്ന ഇന്റര്‍വ്യൂ, കല്‍ക്കത്ത 71, പദാഥിക് എന്നീ സിനിമകള്‍ നിര്‍മ്മിച്ച ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ് മൃണാള്‍ സെന്‍ ചലചിത്രങ്ങള്‍ കൂടുതല്‍ രാഷ്ട്രീയമായി തീവ്രമാകുന്നത്. ഇക്കാലത്ത് ബംഗാളില്‍ നവ ഇടതുപക്ഷം രാഷ്ട്രീയ രംഗത്തും സാംസ്‌കാരിക രംഗത്തും സാധ്യമാക്കിയ ഊര്‍ജ്ജ പ്രവാഹമായിരുന്നു മൃണാള്‍ സെന്‍ സിനിമകളുടെ ശക്തി. പലപ്പോഴും സാമ്പ്രദായിക ഇടതുപക്ഷത്തോട് ഇടഞ്ഞുകൊണ്ടുതന്നെ ആ ഊര്‍ജ്ജത്തെ അദ്ദേഹം തന്റെ സിനിമകളിലേക്ക് ശക്തിയായി ആവാഹിച്ചു. ഏക് ദിന്‍ പ്രതി ദിന്‍, അകാലെര്‍ സന്ധാനെ തുടങ്ങിയ ചലച്ചിത്രങ്ങള്‍ ഈ കാലഘട്ടത്തിന്റെ രചനകളാണ്.
ശക്തമായിരുന്ന ഈ രാഷ്ട്രീയ ധാരയുടെ പിന്മാറ്റം പ്രകടമായ ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ എത്തുമ്പോള്‍ മൃണാള്‍ സെന്‍ സിനിമകളും ആത്മ പരിശോധനാപരമായ ഒരു തലത്തിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെടുന്നുണ്ട്. കാണ്ഡഹാര്‍, ഏക് ദിന്‍ അചാനക് എന്നിവ ഈ തലത്തില്‍ രചിക്കപ്പെട്ട സിനിമകളാണ്.
തന്റെ പ്രേക്ഷകരെക്കുറിച്ച് തികഞ്ഞ ആത്മ വിശ്വാസം മൃണാള്‍ സെന്‍ എല്ലാ കാലത്തും വെച്ചുപുലര്‍ത്തിയിരുന്നു. താന്‍ ഓരോ സിനിമയിലും സാക്ഷാത്ക്കരിക്കാന്‍ ശ്രമിക്കുന്ന ആശയങ്ങളും നിലപാടുകളും അവരിലേക്ക് കൃത്യമായി സംക്രമിപ്പിക്കപ്പെടുന്നുണ്ടെന്നും അതുകൊണ്ടുതന്നെ വ്യവസ്ഥാപിതമോ നിയതമോ ആയ ഒരു അവസാനമില്ലെങ്കിലും തന്റെ ചലചിത്രങ്ങളുടെ പരിണാമം അവ സംക്രമിപ്പിച്ച നിലപാടുകളെക്കൊണ്ട് പൂര്‍ത്തിയാക്കാന്‍ തന്റെ പ്രേക്ഷകന് കഴിയുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അരികുകളിലേക്ക് നിരന്തരം തള്ളിമാറ്റപ്പെട്ടുക്കൊണ്ടിരിക്കുന്ന മനുഷ്യരിലുള്ള ഈ വിശ്വാസം മരണംവരേയും മൃണാള്‍ സെന്‍ കൈവിട്ടിരുന്നില്ല…

Related Articles