ഞാന്‍ പ്രകാശന്‍: കുപ്പിയും മാറുന്നില്ല, വീര്യവും കൂടുന്നില്ല

 

സിനിമാ റിവ്യു – അഷ്ടമൂര്‍ത്തി

ലോകസിനിമാ രംഗത്ത് ആവര്‍ത്തനം എന്നത് പലപ്പോഴും വിരസമായല്ല കാണപ്പെടുന്നത്. ബെര്‍ഗ്മാന്‍, സത്യജിത് റായ്, കുറസോവ, ഫോര്‍മന്‍, ഹാനെകെ തുടങ്ങി എല്ലാ വിശ്വവിഖ്യാതരും തന്റെ ഇഷ്ടങ്ങളോടും ആശയങ്ങളോടും കലാകാരന്മാരോടും ചേര്‍ന്നു നിന്നാണ് സിനിമ എന്ന കലയെ നോക്കിക്കണ്ടിട്ടുള്ളത്. അതെല്ലാം അവരുടെ മുഖമുദ്രയായി അറിയപ്പെടുകയും ചെയ്തു. നില നിന്നിടത്തോളം കാലം വിശ്വപ്രസിദ്ധ സിനിമകള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്. ഇവിടെ വിഷയം ആവര്‍ത്തനവിരസത അല്ല. സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ ഒരുവിധം സാമാന്യ മലയാളി യുക്തിബോധത്തിന്റെ പര്യായസൃഷ്ടികളായി വാഴ്ത്തപ്പെടുന്നുണ്ട്. എന്നാല്‍ ആ സൃഷ്ടികളില്‍ പ്രത്യക്ഷപ്പെടുന്ന തനി നാടന്‍ കഥാപാത്രങ്ങള്‍ കേവലബോധത്തിനു നിരക്കാത്തതായി ഒരു കുറ്റവും ചെയ്യാത്ത നിരൂപദ്രവകാരികള്‍ ആയാണോ നില്‍ക്കുന്നത് എന്നത് ഒരു ചോദ്യം ആണ്.

ഒരു മാറ്റവും ഇല്ലാതെ റോയിയും(വീണ്ടും ചില വീട്ടുകാര്യങ്ങള്‍ 1999) ജോമോനും(ജോമോന്റെ സുവിശേഷങ്ങള്‍ 2017) നമ്മുടെ മുന്നില്‍ അവതരിക്കുന്നു എന്ന നിലയ്ക്ക് നോക്കുമ്പോള്‍ യാതൊരു മാറ്റവും മലയാളി ജനതക്ക് ഈ കാലയളവില്‍ സംഭവിച്ചിട്ടില്ല എന്നാണോ കരുതേണ്ടത് എന്ന സംശയം ഉയര്‍ന്നുവരുന്നുണ്ട്. സത്യന്‍ അന്തിക്കാട് കഴിഞ്ഞ 20 വര്‍ഷമായി ഏകദേശം എല്ലാ വര്‍ഷവും ഒന്ന് എന്ന നിലയ്ക്ക് സിനിമ ചെയ്യുന്നുണ്ട്. ഇതില്‍ എല്ലാ കഥകളിലും ഒരേ അച്ചില്‍ ഇട്ടു വാര്‍ത്തെടുത്ത പോലെയുള്ള കഥാപാത്രങ്ങളെ അങ്ങുമിങ്ങും വാരി വിതറുന്നുണ്ട് സത്യന്‍. ഭാവന വളരുന്നു, പിന്നീട് അത് വേറൊരു പടത്തില്‍ ഗൗരി(മനസ്സിനക്കരെ)യായോ വൈദേഹി(ജോമോന്റെ സുവിശേഷങ്ങള്‍)യായോ താമര(പുതിയ തീരങ്ങള്‍)യായോ ശ്രുതി(ഞാന്‍ പ്രകാശന്‍)യായോ പ്രത്യക്ഷപ്പെടുന്നു. റോയിക്ക് കൈവന്ന അതേ മാനസാന്തരം ഇങ്ങ് ജോമോനും കൈവരിക്കുന്നുണ്ട്. വിനോദും(വിനോദയാത്ര) ബെന്നിയും(ഭാഗ്യദേവത) സിദ്ധാര്‍ത്ഥനും(ഒരു ഇന്ത്യന്‍ പ്രണയകഥ) മാനസാന്തരം വന്നു പടത്തിന്റെ അവസാനം സമൂഹത്തിനു വേണ്ടപ്പെട്ടവര്‍ ആയി തീരുന്നു.

ഈ കഥകളിലെ നായകന്‍ ഒരിക്കലും ജീവിതത്തെ നമ്മള്‍ എങ്ങനെ കാണണം എന്ന് ആഗ്രഹിക്കുന്ന പോലെ നോക്കി കാണുന്നവര്‍ അല്ല. ഒന്നുകില്‍ മടിയന്‍, തൊഴില്‍ രഹിതന്‍, യാഥാര്‍ഥ്യബോധമില്ലാത്തവന്‍ പിന്നെ നിഷ്‌കളങ്കന്‍ ആയി ഒക്കെ വരും. അല്ലെങ്കില്‍ അവന്‍ അദ്ധ്വാനി ആയിരിക്കും, പണമോ പവറോ ആയിരിക്കും ലക്ഷ്യം. അനാഥത്വം അവന്റെ ഒരു മുഖമുദ്ര ആണ്. പിന്നെ ലേശം അപകര്‍ഷതാബോധവും. അയാള്‍ വീട്ടുകാരുമായി വഴക്കിട്ടൊ അല്ലാതെയോ വീട്ടില്‍ നിന്നും മാറി നില്‍ക്കുകയോ നാടുവിട്ടുപോകുകയോ ചെയ്യുന്നതായിരിക്കും. റോയിയും റെജിയും പ്രേമചന്ദ്രനും(രസതന്ത്രം) അച്ഛനുമായി ”ഡാ പോടാ” ബന്ധം ആണ്. അങ്ങനെ ഒരു ബന്ധം പടത്തില്‍ ഒരു സീനിയര്‍ സിറ്റിസനുമായി ഉണ്ടാവണം. അച്ചുവിന്റെ അമ്മയില്‍ നായകനെ തന്നെ ഒഴിവാക്കി അച്ചുവും പിന്നെ വനജയും ഇതേപോലെ പ്രത്യക്ഷരാവുന്നുണ്ട് (അവന്മാര്‍ക് change വേണമത്രെ). നായികയ്‌ക്കോ നായകനോ ഏറ്റെടുക്കാനോ സന്തോഷിപ്പിച്ചു കണ്ണില്‍ വെള്ളം നിറപ്പിക്കാനോ തത്വത്തില്‍ അനാഥ/അനാഥന്‍ അല്ലെങ്കില്‍ രോഗി ഒക്കെ ആയി ഒരാള്‍ ഉണ്ടാകും. നായകനെ ഉപദേശിക്കാന്‍ സാധാരണ ഒരു മധ്യവയസ്‌കന്‍ ഉണ്ടാവും. മിക്കവാറും ഇന്നസെന്റിനാ ണ് ആ ചുമതല. നായകന്‍ ഏറ്റെടുത്തു നടത്തുന്ന വേറൊരാളുടെ ബിസിനസ്സ് എന്നതും റോയിയിലും ജോമോനിലും നമുക്ക് കാണാന്‍ കഴിയും.

നായിക എന്നും ഓട്ടമാണ്. ജീവിതത്തിന്റെ പല കണ്ണികള്‍ കൂട്ടിമുട്ടിക്കാന്‍. അവള്‍ വളരെ യുക്തിബോധം ഉള്ളവളും സമര്‍ത്ഥയും സര്‍വ്വോപരി അദ്ധ്വാനിയുമായിരിക്കും. നായികയ്ക്ക് അച്ഛനോ അമ്മയോ ഇല്ലെങ്കില്‍ അതാണ് ഏറ്റവും യോഗ്യത. ചിലപ്പോ ആര്‍ക്കെങ്കിലും അസുഖമുണ്ടാവും, ഒരു അനിയന്‍ മിനിമം വേണം. വേണ്ടപ്പെട്ട ഒരാളുടെ മരണമാണ് പിന്നെ കാതല്‍ ആയൊരു ഭാഗം. ഭാവനയും(വീണ്ടും ചില വീട്ടുകാര്യങ്ങള്‍) ഞാന്‍ പ്രകാശനിലെ ശ്രുതിയും വീട്ടില്‍ ഒരു സുഖമില്ലാത്ത ആള്‍ ഉള്ളവരും പല പണികള്‍ ചെയ്തു കുടുംബം പുലര്‍ത്തുന്നവരും ആണ്. പ്രതികരണശേഷി കൂടും ഇവര്‍ക്ക്. വിനോദിനിയും(നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക) ദീപയും(എന്നും എപ്പോഴും) ഒക്കെ പ്രതികരിക്കുന്നവര്‍ ആണ്. ഏറ്റവും കൂടുതല്‍ തത്വങ്ങള്‍ മണ്ടനായ നായകന് ഉപദേശിക്കുന്നതിന്റെ ഭീകരമായ ഉത്തരവാദിത്തം ഉണ്ട് ഈ നായികയ്ക്ക്. ഈയിടെ ഉണ്ടായ ഒരു കഥാപാത്രം നായകനെ തള്ളിപ്പറയുന്ന ആദ്യ കാമുകി (തേപ്പ് കഥാപാത്രം എന്ന് ഭാവിയില്‍ അറിയപ്പെട്ടു) ആണ്. ആ കാമുകിയ്ക്ക് ഇത്തിരി അധികം സൗന്ദര്യം ആവാം. മനസ്സിനക്കരെയിലെ ക്ലാര രൂപം കൈവരിച്ചു പ്രണയകഥയിലെ ദിവ്യ, പ്രകാശന്റെ സലോമി ഒക്കെ ആയി വരുന്നു.

തകര്‍ന്ന ദാമ്പത്യം ഒരു വിശേഷപ്രശ്‌നമാണ് കഥകളില്‍. പൊട്ടിത്തകര്‍ന്ന എല്ലാ ബന്ധവും ഏറ്റെടുത്തു കുടുംബം എന്ന വിശുദ്ധമായ യൂണിറ്റിലേക്ക് നായകന്‍ നായികയുടെ സഹായത്തോട് കൂടെ എത്തിക്കുമ്പോള്‍ ആണ് നായികയ്ക്ക് പ്രേമം വരുന്നത്(നായകനല്ല).

രാഷ്ട്രീയനേതാക്കളെ കാര്‍ട്ടൂണുകള്‍ ആക്കി മാറ്റേണ്ട അടിസ്ഥാന രാഷ്ട്രീയബോധം ഈ സിനിമകളില്‍ കാണുന്ന ഒരു ‘ഇടപെടല്‍’ ആണ്. അവര്‍ക്ക് ഒരു പത്തില്‍ കുറയാത്തത്ര വിഡ്ഡിത്ത/ വീമ്പു സംഭാഷണങ്ങള്‍ കൊടുത്താലേ കയ്യടി വരൂ. ഭരണം മാറുന്നതിനു അനുസരിച്ചു കൊടിയിലെ ചിഹ്നവും മാറും . ഒരു അന്യസംസ്ഥാന തൊഴിലാളി അല്ലെങ്കില്‍ അവര്‍ ഇവിടെ വന്നിട്ട് സാംസ്‌കാരിക കേരളത്തിന് സംഭവിച്ച ഇടിവിനെ പറ്റി അറഞ്ചംപുറഞ്ചം കൊമഡികള്‍ ഇറക്കിവിടുന്നത് ടിയാന്റെ ഒരു ഏര്‍പ്പാട് ആണ്. അത് തമിഴനോ അല്ലെങ്കില്‍ ബംഗാളിയോ ആയിരിക്കും.

ഇത്തരത്തില്‍ നീങ്ങുന്ന കഥയിലെ നായകന്‍ നായിക ബന്ധം വിശുദ്ധമാണ്. അവര്‍ ഒന്നുകില്‍ നല്ല ചങ്ക്സ് ആയിരിക്കും ആദ്യം അല്ലെങ്കില്‍ ചെറിയൊരു അടി. പിന്നീട് നായികയുടെ കഴിവിന് മുന്‍പില്‍ നായകന്‍ സാഷ്ടാംഗം നമസ്‌കരിക്കുകയും വിരോധാഭാസം എന്നു പറയട്ടെ, പടത്തിന്റെ അവസാനം അവളുടെ രക്ഷകര്തൃത്വം അവന്‍ ഏറ്റെടുക്കുകയും ചെയ്യും. അങ്ങനെ അനാഥത്വം എന്ന ആദ്യ പ്രശ്‌നം സനാഥത്വം ആയി ഒരു പ്രശ്‌നം പരിഹരിക്കപ്പെടുന്നു. ‘കഥ തുടരുന്നു’വില്‍ പ്രേമന്‍ കാത്തിരിക്കുകയാണ്, വിദ്യ വരാന്‍ വേണ്ടി. ഞാന്‍ പ്രകാശനിലെ പ്രകാശന്‍ പോകുന്നതിനു മുന്‍പ് നായികയോട് ഇഷ്ടം ബുക്ക് ചെയ്തിടുകയും പിന്നീട് അവള്‍ വന്നു അത് ഏറ്റെടുക്കുകയും ചെയ്യുന്നു. കുടുംബം ആയി മാത്രമേ നാട്ടില്‍ നിലനില്‍ക്കാന്‍ പറ്റൂ എന്ന കുഞ്ഞൊരു ഈര്‍ക്കിലി അതില്‍ കുത്തിത്തിരുകുന്നുണ്ട് അദ്ദേഹം.

നായകനോ നായികയ്‌ക്കോ എവിടെയെങ്കിലും വെച്ചു ബന്ധങ്ങളിലൂടെ വരുന്ന അതിഭീമമായ അപമാനത്തിന് നമ്മള്‍ സാക്ഷ്യം വഹിക്കുന്നുണ്ട് ചിലയിടത്ത്. ആ അപകടം തരണം ചെയ്ത് നായകന്‍ നായിക, ഏറ്റെടുത്ത അബല/അബലന്‍ എന്നിവരെയും കൊണ്ട് വേറൊരു ജീവിതം ആരംഭിക്കട്ടെ.

ഇങ്ങനെ കഥാപാത്രങ്ങളിലും ഒരു പരിധിവരെ കഥകളിലും പ്രത്യേകിച്ചു വ്യത്യസ്തത(അവര്‍ ഉണ്ടെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും) ഇല്ലാതിരുന്നിട്ടും കാലത്തിനൊപ്പം നീങ്ങുന്ന കഥകള്‍ ആയി സത്യന്‍ സിനിമകള്‍ അവതരിക്കുന്നു. കുടുംബം, രാഷ്ട്രീയം, സ്ത്രീ സ്വത്വം എല്ലാറ്റിനുമുപരി കേരളത്തിലെ പുരുഷസമൂഹം എന്നിങ്ങനെ എല്ലാത്തിനോടും അദ്ദേഹത്തിനുള്ള കാഴ്ചപ്പാട് വര്‍ഷങ്ങളായുള്ള ഏതൊക്കെയോ മുന്‍വിധികളില്‍ നിക്ഷിപ്തമാണ്. കലാകാരന്മാര്‍ പോലും മാറുന്നില്ല എന്നതും ഒരുതരം യാഥാസ്ഥിതിക ബോധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നു പറയാതെ തരമില്ല. കുപ്പിയും മാറുന്നില്ല, വീഞ്ഞും വീര്യം കൂടുന്നില്ല.

”നമുക്ക് ആ പഴഞ്ചന്‍ ഏര്‍പ്പാടുകള്‍ ഒക്കെ കൊണ്ടുവരണം ബാലാ, അതൊക്കെ അല്ലെ നമ്മുടെ സംസ്‌കാരം, നമ്മുടെ കാറ്റ്, നമ്മുടെ വെള്ളം..” അങ്ങനെ പോകുന്ന സ്‌നേഹവീടിലെ അജയന്റെ സംഭാഷണശകലം ഇതോടൊപ്പം ഓര്‍ക്കുമ്പോള്‍ ആണ് എന്തുകൊണ്ട് സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ വിരസമാകുന്നു എന്നത് മനസ്സിലാകുന്നത്. മലയാളിയുടെ സാമാന്യപൊതുബോധത്തെ മുറിവേല്പിക്കാതെയും എന്നാല്‍ ഇത്തിരി പഴമ നെഞ്ചില്‍ ‘നൊസ്റ്റാള്‍ജിയ’ എന്ന പേരില്‍ നട്ടുനനച്ചും ആണ് ആ ചിത്രങ്ങള്‍ ജീവിക്കുന്നത്. വളരെ വ്യക്തമായി ഏതെങ്കിലും ഒരു സാമൂഹ്യപ്രശ്‌നം അവതരിപ്പിക്കാനോ ജനങ്ങളില്‍ ജീവിച്ചു അവരുടെ പ്രശ്‌നങ്ങളെ കേവലയുക്തിയോടെ അല്ലാതെ വിലയിരുത്താനോ ഉള്ള സംവിധായകന്റെ വിമുഖത ആണ് സത്യന്‍ സിനിമകളെ നല്ല സിനിമകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതെന്നു നിസ്സംശയം പറയാം.

NB: സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ അ(വസര)രാഷ്ട്രീയത പണ്ടേ മലയാളികള്‍ക്ക് ഒരു വീക്‌നെസ് ആണ്. ”അപ്പൊ രാഷ്ട്രീയം എന്നു വെച്ചാല്‍ കൊല്ലും കൊലയും ആണോ” എന്ന് ഒരു മണ്ടന്‍ നായകനോട് ഒരു മണ്ടന്‍ അച്ഛന്‍ ചോദിക്കുകയും ”ഇപ്പൊ അവിടെ ഭരണം മാറിയില്ലേ ബംഗാളികളെ ഒന്നും കിട്ടാനില്ല” എന്നൊരു ഡയലോഗ് നമുക്ക് കേള്‍ക്കേണ്ടി വരികയും ചെയ്യുന്നതങ്ങനെ ആണ്.
സിനിമാ റിവ്യു
REVIEW

Related Articles