വള്ളിക്കുന്ന് ദേവീവിലാസം സ്‌കൂള്‍ പ്രധാനാധ്യാപികയെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

വള്ളിക്കുന്ന്: അരിയല്ലൂര്‍ ദേവീവിലാസം എയുപിഎസ് പ്രധാനധ്യാപിക കെ എന്‍ റീനയെ സ്‌കൂള്‍ മാനേജര്‍ അകാരണമായി സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ അധ്യാപികയെ ഉടന്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. 2012 ജൂണില്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ധാക്കിയാണ് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി കെ എന്‍ സുജാത ഉത്തരവിറക്കിയത്. സംഭവത്തില്‍ മാനേജര്‍ക്കെതിരെ വകുപ്പുതല നടപടിയും ആരംഭിച്ചിട്ടുണ്ട്.

2010-11 വര്‍ഷത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരിശോധനയില്‍ സ്‌കൂളില്‍ 125 വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചതായി കണ്ടെത്തിയിരുന്നു. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതോടെ അന്നത്തെ പ്രധാനാധ്യാപകന്‍ അവധിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് റീന ചുമതലയേറ്റു. അനധീകൃതമായി നിയമിച്ച അധ്യാപകര്‍ക്ക് ശമ്പളവും ആനുകൂല്യവും നല്‍കിയെന്ന കാരണം പറഞ്ഞാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.

അനേ്വഷണത്തില്‍ മാനേജരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയ എഇഒ അധ്യാപികയെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടു. ക്രമക്കേട് നടന്ന കാലയളവില്‍ ഇവര്‍ പ്രധാനധ്യാപകയായിരുന്നില്ലെന്നും എഇഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അത് മാനേജര്‍ അംഗീകരിച്ചില്ല. തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദേശവും മാനേജര്‍ പാലിച്ചില്ല. തുടര്‍ന്ന് റീനയെ സര്‍വ്വീസില്‍ തിരിച്ചെടുത്തതായി കണക്കാക്കി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും ഉത്തരവിട്ടു. ഈ തുക മാനേജരില്‍ നിന്ന് ഈടാക്കാനും നിര്‍ദേശിച്ചു.
ഇതിനെ ചോദ്യം ചെയ്ത് മാനേജര്‍ പുനഃപരിശോധനക്ക് ഹര്‍ജി നല്‍കി. പരാതിക്കാര്‍ക്ക് പുറമെ ഡിഡി, ഡിഇഒ, എഇഒ, എന്നിവരെയും തിരുവനന്തപുരത്തു വിളിച്ചു വരുത്തി വിശദമായ വാദം കേട്ട ശേഷമാണ് അധ്യാപികയെ തിരിച്ചെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്.

 

Share news
error: Content is protected !!
Scroll to Top