പൊന്നാനി : ഭാരതപ്പുഴയില്‍ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് മുതല്‍ പൊന്നാനി അഴിമുഖം വരെയുള്ള ഭാഗത്തു നിന്ന് മണല്‍ വാരുന്നത് കലക്ടര്‍ നിരോധിച്ചു. നിളയുടെ ഇരു കരകളിലുമുള്ള പൊന്നാനി, തിരൂര്‍ താലൂക്കുളില്‍ ഉള്‍പ്പെടുന്ന കടവുകളില്‍ നിന്നുള്ള മണലെടുപ്പിനാണ് പൂര്‍ണ നിരോധം.
കഴിഞ്ഞ മാസം കലക്ടര്‍ മണലെടുപ്പ് നിരോധിച്ചിരുന്നു. പൊന്നാനി ഭാഗത്തെ നിരോധം ഉത്തരവില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ ഉത്തരവില്‍ പൊന്നാനി താലൂക്കിലെ കടവുകാര്‍ക്കും നിരോധം ബാധകമാക്കി.
ഏപ്രിലില്‍ ജലവിഭവ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റേറ്റ് ലെവല്‍ മോണിറ്ററിങ് കമ്മിറ്റി ഭാരതപ്പുഴയിലെ അനിയന്ത്രിത മണല്‍ഖനനം ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിലനില്‍പ്പിന് ഭീണിയാണെന്ന് കണ്ടെത്തിയിരുന്നു. നിരോധം നടപ്പാക്കാന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നകുന്നതിന് ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതാണ് കലക്ടറുടെ ഉത്തരവായി പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
ചമ്രവട്ടം പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ പുഴയിലെ അടിത്തട്ട് സമുദ്രനിരപ്പിനും +1.5 മീറ്ററിനും ഉയരത്തിലാണുണ്ടായിരുന്നത്. വര്‍ദ്ധിച്ചതോതിലുള്ള മണല്‍ഖനനം കാരണം ഇത് രണ്ട് മീറ്റര്‍ വരെ താഴ്ന്നിരിക്കുന്നു. ഇത് ജലസംഭരണയിലെ വെള്ളം അടിവാരത്തേക്ക് അടിത്തട്ടിലൂടെ ഒഴുകുന്നത് തടഞ്ഞുനിര്‍ത്തുന്നതിന് നിര്‍മ്മിച്ച ആപ്രോണുകള്‍ക്ക് ഭീഷണിയായി. തുടര്‍ന്ന് സംഭരണിയുടെ മധ്യഭാഗത്തുള്ള ആപ്രോണിന്റെ അടിഭാഗത്തേക്ക് ചോര്‍ച്ചയുമുണ്ടായി. ബ്ലോക്ക് ആപ്രോണുകള്‍ പലഭാഗത്തും താഴ്ന്നു.
കോടികണക്കിന് രൂപയുടെ മണലാണ് ഭാരതപ്പുഴയില്‍ നിന്ന് വാരിയിട്ടുള്ളത്. പൊന്നാനി, തിരൂര്‍ താലൂക്കുകളില്‍ ഭാരതപ്പുഴയുടെ ഇരുവശങ്ങളിലുമായി തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും സൊസൈറ്റി കടവുകള്‍ക്കുമായി തുറമുഖവകുപ്പ് അമ്പതോളം മണല്‍ക്കടവുകള്‍ അനുവദിച്ച് മണല്‍ വാരല്‍ നടത്തിയിരുന്നു.




