Section

malabari-logo-mobile

ഒരു പ്രണയദിന കുറിപ്പ്;മുറിവുകൾ പൂക്കളാക്കിയ ഒരുവൾ

HIGHLIGHTS : കലോത്സവം കഴിഞ്ഞു വീട്ടിലെത്തിയിട്ടും ആ മുഖം കൂടെത്തന്നെയുണ്ടായിരുന്നു,

എഴുത്ത്; ഷിജു.ആർ

ഷിജു ആര്‍
ഷിജു ആര്‍

എട്ടാംക്ലാസിലെ സ്കൂൾ യുവജനോത്സവ വേദിയിലാണ് സംഘനൃത്തത്തിന്റെ ലീഡിംഗ് പൊസിഷനിലെ (അതോ ഒപ്പനയുടെ മണവാട്ടിയായോ ?) ഇരട്ടക്കണ്ണുകൾ കർട്ടൻ വീണിട്ടും മായാതെ കൂടെപ്പോന്നത് . കലോത്സവം കഴിഞ്ഞു വീട്ടിലെത്തിയിട്ടും ആ മുഖം കൂടെത്തന്നെയുണ്ടായിരുന്നു, ദിവസങ്ങളോളം.. കളിസ്ഥലങ്ങളിലും കൂട്ടുചേർന്നു നിൽക്കുന്നിടത്തുമെല്ലാമുള്ള ബഹളങ്ങളിൽ വാക്കുകൾ വറ്റിച്ച് നിശ്ശബ്ദനാക്കി . ഭക്ഷണവൈവിദ്ധ്യങ്ങളിൽ മടുപ്പിന്റെ ഒറ്റ രുചി നിറച്ചു. ‘ഇവനിതെന്തു പറ്റി ?’ എന്ന് എന്റെ മൗനത്തിനും മടുപ്പിനും നേരെ കൂട്ടുകാരും വീട്ടുകാരും നെറ്റിചുളിച്ചു. ഒറ്റയ്ക്കിരിക്കുന്ന നേരങ്ങൾ മുഴുവൻ അവളെ ആദ്യമായ് കാണുന്നതും പരിചയപ്പെടുന്നതും സങ്കല്പിച്ച് തിരക്കഥകളുണ്ടാക്കി. അവ മനസ്സിലെ കടലാസിലെഴുതി പലതവണ കീറിയെറിഞ്ഞു. അവളുടെ അടുത്തെത്തുമ്പോൾ എന്തെന്നറിയാത്ത പേടിയുടെ കയത്തിൽ നിലയില്ലാതെ വീണു. ഉള്ളിലെ രഹസ്യമീ ലോകത്തിന് മുഴുവൻ മനസ്സിലായതു പോലെ തോന്നി. പിടിക്കപ്പെട്ട കള്ളനെപ്പോലെ വിറച്ചുപോയി . അവൾ മാത്രമൊന്നുമറിയാതെ , എപ്പോഴും കൂട്ടുകാരാൽ ചുറ്റപ്പെട്ട് , പൂമ്പാറ്റച്ചിറകനങ്ങുന്ന കണ്ണുകളുമായി കടന്നുപോയി . ആ കുപ്പിവളക്കിലുക്കവും കൊലുസനക്കവും ചിരിയും ഒരു മനസ്സിൽ തീർക്കുന്ന അഗ്നിപർവ്വതങ്ങളെക്കുറിച്ചൊന്നുമറിയാതെ .

sameeksha-malabarinews

തോറ്റു പഠിക്കുന്നവരും ഉയരമുള്ളവരുമായ കൂട്ടുകാരിൽ ധീരന്മാർ അവരുടെ പ്രണയം തുറന്നു പറഞ്ഞു. സ്വന്തം കൂട്ടുകാരോടു മാത്രമല്ല , അവർ നോട്ടമിട്ട പെൺകുട്ടികളോടും . ചോക്കു തുണ്ടുകളുമായി ജനൽപ്പടി ചവിട്ടി വലിഞ്ഞു കയറി ഓടിനടിയിലെ പട്ടികയിലും ഉത്തരത്തിലും സ്വന്തം പേരിന്റയും ഇഷ്ടപ്പെട്ട പെൺകുട്ടിയുടേയും പേരിന്റെ ആദ്യാക്ഷരങ്ങൾ സങ്കലന ചിഹ്നം ചേർത്തെഴുതി താജ്മഹല്ലുകൾ പണിഞ്ഞു. മറ്റൊന്നിനുമുപരിക്കാത്ത നോട്ടുപുസ്തകത്തിലെ താളുകൾ താമരയിലകളായി . കയ്യിൽ കിട്ടിയ സന്ദേശങ്ങളോട് പലരും പലതരത്തിൽ പ്രതികരിച്ചു . ചിലരത് കീറിയെറിഞ്ഞു . ചിലർ ഡസ്കിൽ തലചേർത്തു കരഞ്ഞു . ചിലതൊക്കെ സ്റ്റാഫ് റൂമിലെത്തി . അവ പരസ്യ വിചാരണ നേരിട്ടു. തല്ലു വാങ്ങിയും പുറത്താക്കപ്പെട്ടും അതിജീവിച്ചു വന്നവർ കൂടുതൽ ധീരന്മാരായി . അവരുടെ വീരകഥകൾ വർണ്ണിച്ചും പൊലിപ്പിച്ചും ഞങ്ങൾ ഭീരുക്കൾ കാലം കഴിച്ചു . ആ വന്മരങ്ങളുടെ നിഴലിൽ ഞങ്ങളുടെ പ്രണയമോഹങ്ങൾ കിളിരം വയ്ക്കാതെ മുരടിച്ചു. ക്രീംകളർ ഷർട്ടും മെറൂൺ ഹാഫ് പാവാടയുമായിരുന്നു സ്കൂളിലെ പെൺകുട്ടികളുടെ യൂണിഫോം . ആ വേഷത്തിലൊരുവൾ ആദ്യമായ് മനസ്സിൽ കയറിയതുകൊണ്ടാവണം അത് ധരിച്ചവരോളം സുന്ദരികളെ ഞാനിതുവരെ കണ്ടിട്ടില്ല.

കലോത്സവങ്ങളിൽ സജീവമായിരുന്നതുകൊണ്ട് ഇടയ്ക്ക് തൊണ്ടവരണ്ടെങ്കിലും ഒന്നുരണ്ടു വാചകങ്ങൾ പറയുന്ന , കണ്ടാൽ ചിരിക്കുന്ന വിധത്തിലേക്ക് വളർന്നു പരസ്പരം . ഒരു ക്ലാസിൽ നിന്ന് മറ്റൊരു ക്ലാസിൽ കയറുന്നത് അന്നും ആചാരലംഘനം തന്നെ . പാഠ്യേതര പരിപാടികളിൽ സജീവമായതു കൊണ്ട് ഇടയ്ക്കിടെ ലീവാവുന്ന ദിവസത്തെ നോട്ടുകൾ അവളുടെ കയ്യിൽ നിന്നു വാങ്ങാൻ തുടങ്ങി . നോട്ട് വാങ്ങാൻ തുടങ്ങുമ്പോഴേ മനസ്സിൽ അതിൽ മടക്കി വയ്ക്കാൻ ഒരു കടലാസുതുണ്ട് എഴുതി നിറയ്ക്കാൻ തുടങ്ങി . ചിലതെല്ലാം ശരിക്കും കടലാസിൽ പകർത്തി . പക്ഷേ ഒന്നു പോലും ആ പുസ്തകങ്ങളിൽ വച്ചില്ല . ഭയത്തേക്കാൾ അപകർഷതാ ബോധമായിരുന്നു അതിൽ നിന്നും തടഞ്ഞത് . അവളുടെ ചിരിയുടെ വെൺമയിൽ സ്വയം ഒന്നു കൂടി ഇരുണ്ടു. അങ്ങനെ ഒരിക്കൽ പോലും മറുകരയറിയാതെ നിശ്ശബ്ദമായ പ്രണയത്തിന്റെ മൂന്നാണ്ടുകൾ കടന്നു പോയി.

പത്താം ക്ലാസിന്റെ പടിയിറങ്ങുമ്പോൾ ഓട്ടോഗ്രാഫിൽ അവളൊന്നും ആവശ്യപ്പെട്ടില്ല. ഞാനും . രണ്ടു പേരും രണ്ട് ക്ലാസിലായിരുന്നല്ലോ ? വീടുകളിൽ ലാൻറ് ഫോൺ പോലും ദുർലഭമായ കാലത്ത് ഓട്ടോഗ്രാഫിൽ കുറിക്കുന്ന വിലാസങ്ങളല്ലാതെ മറ്റൊരു വിനിമയ മാർഗങ്ങളുമില്ലായിരുന്നു. . സ്വന്തം ക്ലാസിന് പുറത്തുള്ള കുട്ടികളും ഓട്ടോഗ്രാഫ് ചോദിക്കാവുന്ന വിധം പൊതുവിലറിയപ്പെടുന്നവരായിരുന്നു ഞങ്ങൾ രണ്ടുപേരും . എന്നിട്ടും അത് ചോദിക്കാൻ തോന്നിയില്ല , പരസ്പരം .

പ്രീഡിഗ്രിക്ക് ചേരുമ്പോഴേക്കും അച്ഛന്റെ ജോലി ട്രാൻസ്ഫറായി അവൾ കുറച്ച് ദൂരേക്ക് മാറി. പിന്നെ കണ്ടിട്ടേയില്ല, ദീർഘകാലം . എന്റേതു മാത്രമായ ചില നേരങ്ങളിൽ ആ ഓർമ്മകൾ സുഖമുള്ള മഞ്ഞുവീഴ്ചയായ് മനസ്സിൽ . ഈയടുത്ത് യാദൃച്ഛികമായി ഒരു യാത്രാമദ്ധ്യേയാണ് തമ്മിൽ കണ്ടത് . നീണ്ട താടിക്കും നരച്ച തലയ്ക്കും മുഖത്തെ ചുളിവുകൾക്കുമിടയിൽ നിന്ന് അവളെന്നെ വീണ്ടെടുത്തു. ഞാനവളെയും . ഇത്തിരി നേരം സംസാരിച്ചു. നമ്പറുകൾ കൈമാറി യാത്ര പറഞ്ഞു. ഇടയ്ക്ക് മിണ്ടുന്നുണ്ട്. ഇതുവരെ ഇക്കാര്യം പറഞ്ഞിട്ടില്ല. അവളമ്പരക്കുന്നുണ്ടാവും ഇതു വായിച്ച് . പ്രിയ കൂട്ടുകാരി നീ ഭയക്കണ്ട , അന്നത്തെ നമ്മളല്ല ഇന്നു നാം . ഇന്നാലോചിക്കുമ്പോൾ നഷ്ടബോധമൊന്നുമില്ല. ധന്യതയല്ലാതെ ..

പ്രണയമെന്നത് സ്വന്തമാക്കി അഭിമാനിക്കലിന്റെ ഉടമസ്ഥതാ ബോധമല്ലെന്നും അത് സ്വതന്ത്രമാകലിന്റെ സർഗ്ഗാത്മക സന്തോഷമാണെന്നും ഇന്നെനിക്കറിയാം . ആത്മാവിലേറ്റ അനേകം ബന്ധങ്ങളിൽ പടർന്നു കിടക്കുന്നുണ്ട് പ്രണയത്തിന്റെ അമ്ലസാന്നിദ്ധ്യം . ജീവിതത്തിലെ വിവേകങ്ങൾക്കു പലതിനും പിറകിൽ പലകാലങ്ങളിലെ ആഴവും ആത്മാർത്ഥതയുമുള്ള പെൺകൂട്ടുകൾക്ക് വലിയ പങ്കുണ്ട്. പെണ്ണെന്നാൽ ഉടലല്ല എന്ന് പഠിപ്പിച്ചവർ , കണ്ണിൽ നോക്കി സംസാരിക്കാൻ ശീലിപ്പിച്ചവർ , വ്യക്തി ജീവിതത്തിലെ മുറിവുകളിൽ നിന്ന് , ലോകത്തിന്റെ മുറിവുകളിലൂതാനുള്ള ഊർജ്ജവും സന്നദ്ധതയും പകർന്നു തന്നവർ. ഈ പ്രണയദിനം ഞാനവർക്ക് സമർപ്പിക്കുന്നു .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!