വി എസ് വിടവാങ്ങി

തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. 101 വയസായിരുന്നു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.

വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ അഥവാ വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20 ന് ജനിച്ചത്.

ഏറ്റവും കൂടിയ പ്രായത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ്.അച്യുതാനന്ദന്‍ 2006 മെയ് 18-ന് കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വി.എസിന് 83 വയസായിരുന്നു. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ ഒട്ടേറെ ജനക്ഷേമ പരിപാടികള്‍ക്ക് വി.എസ്. തുടക്കമിട്ടു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി.എസ്. നടത്തിയ ഓപ്പറേഷന്‍ മൂന്നാര്‍ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം നിലപാടുകളില്‍നിന്ന് അണുവിട മാറാതെ നിന്നു കൊണ്ടുള്ള ഭരണ നിര്‍വഹണം അദ്ദേഹത്തെ കേരളത്തിലെ ഒരു ജനപ്രിയ ഭരണാധികാരിയാക്കി മാറ്റി. വിവാദം സൃഷ്ടിച്ച സ്മാര്‍ട്ട് സിറ്റി കരാര്‍ പരിഷ്‌കരിച്ച് ഒപ്പുവെയ്ക്കാനും വി.എസ്.അച്യുതാനന്ദന് കഴിഞ്ഞു. അഴിമതിക്കാരെയും കുറ്റവാളികളെയും തിരഞ്ഞു പിടിച്ച് നിയമത്തിന് മുന്നിലെത്തിക്കാന്‍ നടത്തിയ പോരാട്ടങ്ങള്‍ കേരളത്തിന് പുറത്തും അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തു.

. 2006-2011-ലെ പന്ത്രണ്ടാം കേരള നിയമസഭയില്‍ കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദന്‍. 1986 മുതല്‍ 2009 വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയിലും 1964 മുതല്‍ 2015 വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം കേരള നിയമസഭയിലെ മുഖ്യമന്ത്രി എന്നീ നിലകളില്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായാണ് വിലയിരുത്തപ്പെടുന്നത്. 2015 വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്ന വി.എസ്. അച്യുതാനന്ദന്‍ 2015-ല്‍ ആലപ്പുഴയില്‍ നടന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നത് കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചു. പ്രതിനിധി സമ്മേളനത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി.എസ്.അച്യുതാനന്ദനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെയായിരുന്നു വിവാദം സൃഷ്ടിച്ച ഇറങ്ങിപ്പോക്ക്. 2019 വരെ ജനകീയ പ്രശ്‌നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിര്‍ഭയം പ്രതികരിച്ചിരുന്ന വി എസ് അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞു.

. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങള്‍ ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അച്യുതാനന്ദന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി രാജിവച്ച് 2020 ജനുവരിയില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദന്‍ നിലവില്‍ തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമ ജീവിതത്തിലാണ്. മാധ്യമ പ്രവര്‍ത്തകനായ പി.കെ. പ്രകാശ് എഴുതിയ സമരം തന്നെ ജീവിതം എന്ന പുസ്തകം വി.എസ്.അച്യുതാനന്ദന്റെ ജീവചരിത്രമാണ്. 2005-ലെ മാധ്യമം വാര്‍ഷിക പതിപ്പിലാണ് അച്യുതാനന്ദന്റെ ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 2006-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതില്‍ പതിനൊന്നാം കേരള നിയമസഭയിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വര്‍ഷക്കാലത്തെ തിളക്കമാര്‍ന്ന പ്രവര്‍ത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്

നാലു വയസ്സുള്ളപ്പോള്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതിനെത്തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളര്‍ത്തിയത്. ഗംഗാധരന്‍, പുരുഷോത്തമന്‍ എന്നിവര്‍ അച്യുതാനന്ദന്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്. അച്ഛന്‍ മരിച്ചതോടെ ഏഴാം ക്‌ളാസ്സില്‍ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ ജോലി നോക്കി. തുടര്‍ന്നു കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു. നിവര്‍ത്തനപ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അച്യുതാനന്ദന്‍ 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.

അച്യുതാനന്ദനില്‍ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്താനായി അച്യുതാനന്ദനെ അദ്ദേഹം കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയിലേക്ക് വിട്ടു. അവിടെ നിന്നും അച്യുതാനന്ദന്‍ വളര്‍ന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കായിരുന്നു. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവില്‍ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടര്‍ന്ന് ലോക്കപ്പില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായി. പിന്നീട് നാലു വര്‍ഷക്കാലം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു.

1952-ല്‍ വി.എസ്.അച്യുതാനന്ദന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അംഗമായ വി.എസ് 1956-ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഖിലേന്ത്യാടിസ്ഥാനത്തില്‍ രണ്ടായി പിളര്‍ന്നതോടെ സി.പി.എം. കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതല്‍ 1970 വരെ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് വഴിവച്ച 1964-ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴുനേതാക്കളില്‍ ഒരാളാണ് വി.എസ്.അച്യുതാനന്ദന്‍.

1980 മുതല്‍ 1991 വരെ മൂന്നു തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതല്‍ 2009 വരെ 23 വര്‍ഷം പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്‍ അംഗം. 1965 മുതല്‍ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. ഒടുവില്‍ മത്സരിച്ച 2016-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിലടക്കം മൊത്തം ഏഴു തവണ വിജയിക്കുകയും ചെയ്തു. 1992-1996, 2001-2006, 2011-2016 എന്നീ കേരള നിയമസഭകളില്‍ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതല്‍ 2001 വരെ ഇടതുമുന്നണിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചു.

1980 മുതല്‍ 1991 വരെ മൂന്നു തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതല്‍ 2009 വരെ 23 വര്‍ഷം പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്‍ അംഗം. 1965 മുതല്‍ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. ഒടുവില്‍ മത്സരിച്ച 2016-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിലടക്കം മൊത്തം ഏഴു തവണ വിജയിക്കുകയും ചെയ്തു. 1992-1996, 2001-2006, 2011-2016 എന്നീ കേരള നിയമസഭകളില്‍ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതല്‍ 2001 വരെ ഇടതുമുന്നണിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചു.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

 

 

Share news
error: Content is protected !!
Scroll to Top