നടി സാമന്തയുടെ സമര്‍പ്പണത്തെ പ്രശംസിച്ച് ഉണ്ണി മുകുന്ദന്‍

നടി സാമന്തയുടെ സമര്‍പ്പണം വളരെ പ്രശംസനീയമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. നേരത്തേ താന്‍ മയോസിറ്റിസ് എന്ന രോഗത്തിന്റെ പിടിയിലാണെന്ന് സാമന്ത സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. സാമന്തയുടെ അര്‍പ്പണബോധത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യശോദയിലെ അവരുടെ സഹതാരവും മലയാളികളുടെ പ്രിയനടനുമായ ഉണ്ണി മുകുന്ദന്‍. വളരെ മികവോടെയുള്ള വാണിജ്യ സിനിമ തിരക്കഥയാണ് യശോദയുടേതെന്നും താന്‍ ചെയ്യുന്ന കഥാപാത്രം വളരെ പ്രതീക്ഷയുള്ളതാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. സാമന്തയ്‌ക്കൊപ്പം അഭിനയിച്ചത് വളരെ മികച്ച അനുഭവമായിരുന്നെന്നും ഉണ്ണി പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ പ്രതികരണം.

ഒരുപാട് സമര്‍പ്പണമുള്ള കഠിനാധ്വാനിയായ നടിയാണ് സാമന്ത. ഫൈറ്റ് സീന്‍സ്, വൈകാരിക രംഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഈ റോളിനായി അവര്‍ വളരെ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. സെറ്റിലുള്ള മറ്റ് കലാകാരന്മാരുമായി അവര്‍ നല്ല ബന്ധം പുലര്‍ത്താറുണ്ടെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിചേര്‍ത്തു.

സാമന്ത കേന്ദ്രകഥാപാത്രമായെത്തുന്ന യശോദ ശ്രീദേവി മൂവീസ് ബാനറില്‍ ശിവലെന്‍ക കൃഷ്ണ പ്രസാദാണ് നിര്‍മ്മിക്കുന്നത്. ഹരി-ഹരീഷ് ജോഡി സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളി താരം ഉണ്ണി മുകുന്ദനും നിര്‍ണായക വേഷം ചെയ്തിട്ടുണ്ട്. ‘ജനതാ ഗാരേജ്’, ‘ഭാഗമതി’, ‘ഖിലാഡി’ എന്നിവയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ തെലുങ്ക് ചിത്രമാണ് യശോദ.

വാടക അമ്മയായ യശോദയായിട്ടാണ് സാമന്ത ചിത്രത്തില്‍ എത്തുന്നത്.
ഡോക്ടറുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍. നവംബര്‍ 11ന് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും സിനിമ ലോകമെമ്പാടും റിലീസ് ചെയ്യും. സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

 

Share news
error: Content is protected !!
Scroll to Top