Section

malabari-logo-mobile

വള്ളിക്കുന്ന് കൃഷിഭവന്‍ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു

HIGHLIGHTS : Vallikunnu Krishi Bhavan was inaugurated by Minister P. Prasad

വള്ളിക്കുന്ന് കൃഷിഭവന് പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക് അനുവദിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. പരുത്തിക്കാടില്‍ സ്ഥിതി ചെയ്യുന്ന വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ ആദ്യത്തെ ഹൈടെക് കൃഷിഭവനായ വള്ളിക്കുന്ന് കൃഷിഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹവും സര്‍ക്കാറും ഒരുപോലെ കൃഷിയെയും കര്‍ഷകരെയും പരിഗണിക്കണം. ഭക്ഷണമില്ലാത്ത അവസ്ഥ ലോകമഹായുദ്ധത്തേക്കാള്‍ ഭയാനകമായിരിക്കും. കേരളീയ ജനത ഉല്‍പാദന മേഖലയില്‍ നിന്നു മാറി ഉപഭോഗ സംസ്‌കാരത്തിലേക്ക് മാറിയിരിക്കുന്നു. 35 മുതല്‍ 40 ശതമാനം വരെ മലയാളികള്‍ക്കും ക്യാന്‍സറിന് കാരണം ഭക്ഷണ സംസ്‌കാരത്തിലെ ഈ മാറ്റമാണെന്നും മന്ത്രി പറഞ്ഞു.

ഒഴിഞ്ഞു കിടക്കുന്ന ഇടങ്ങള്‍ ഉപയോഗപ്പെടുത്തി കൃഷി ചെയ്യേണ്ടതുണ്ട്. പഴം, പച്ചക്കറി, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ ഉല്‍പാദിപ്പിച്ച് സ്വയം പര്യാപ്തത നേടണം. സംസ്ഥാന സര്‍ക്കാര്‍ ‘ഞങ്ങള്‍ കൃഷിയിലേക്ക് ‘ എന്ന പദ്ധതി ആവിഷ്‌കരിച്ചത് ഇതിന്റെ ഭാഗമായാണ്. കൃഷിഭവന്റെ നേതൃത്വത്തില്‍ കൃഷിക്കൂട്ടങ്ങളും ആരംഭിക്കേണ്ടതുണ്ട്. നമ്മുടെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ നാട്ടിലും മറുനാട്ടിലും കച്ചവടം ചെയ്യാന്‍ സംവിധാനം ഉണ്ടങ്കില്‍ മാത്രമേ കാര്‍ഷകന് ആദായം ഉണ്ടാകൂ. ഇതിനായി കാര്‍ഷിക വകുപ്പ്, ജലസേചന വകുപ്പ്, ധനകാര്യവകുപ്പ്, വ്യവസായ വകുപ്പ് തുടങ്ങിയ 10 മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന 11 വകുപ്പുകള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞമാസം ഒരു മിഷന്‍ രൂപീകരിച്ചിട്ടുണ്ടെന്നും കാര്‍ഷിക മേഖലാ വികസനത്തിനായി ലോക ബാങ്കിന്റെ 1400 കോടി രൂപ അനുവദിച്ചു കിട്ടിയതായും അദ്ദേഹം പറഞ്ഞു.

‘കേരള അഗ്രോ ബിസിനസ് കമ്പനി’ എന്ന പേരില്‍ കര്‍ഷകര്‍ക്ക് കൂടി പങ്കാളിത്തമുള്ള ഒരു കമ്പനി അടുത്തവര്‍ഷം ജനുവരിയില്‍ രൂപീകരിക്കും. ഇതുവഴി ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള സംവിധാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. പരപ്പില്‍ മാധവ മേനോന്‍ സംഭാവനയായി നല്‍കിയ സ്ഥലത്ത് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് കൃഷിഭവന്‍ സ്ഥാപിച്ചിട്ടുളളത്. മലപ്പുറം എല്‍എസ്ജിഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ചടങ്ങില്‍ പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സെറീന ഹസീബ്, മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.പി സൈബുന്നിസ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എ.കെ രാധ, ഗ്രാമപഞ്ചായത്തംഗങ്ങളായ നിസാര്‍ കുന്നുമ്മല്‍, തങ്കപ്രഭ ടീച്ചര്‍, പരപ്പനങ്ങാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.സംഗീത, വള്ളിക്കുന്ന് കൃഷിഭവന്‍ ഓഫീസര്‍ കെ.എസ് അമൃത പി.എം രാധാകൃഷ്ണന്‍, സി.സന്തോഷ്, ബിന്ദു പുഴക്കല്‍, കായംമ്പടം വേലായുധന്‍, കെ.പി മുഹമ്മദ് മാസ്റ്റര്‍, എ.പി സുധീശന്‍, സി.ഉണ്ണിമൊയ്തു, എം.കാരിക്കുട്ടി, ബാബു പള്ളിക്കര, ബീരാന്‍ കോയ എന്നിവര്‍ പങ്കെടുത്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News