Section

malabari-logo-mobile

സര്‍വ്വകലാശാലകള്‍ സമൂഹത്തിന്റെ കണ്ണും കാതുമാകണം  – ഗവര്‍ണര്‍

HIGHLIGHTS : സുവര്‍ണ്ണജൂബിലി ആഘോഷപരിപാടികള്‍ക്ക് സമാപനമായി സാമൂഹികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചക്കായി സര്‍വ്വകലാശാലകള്‍ സമൂഹത്തിന്റെ കണ്ണും കാതുമാകണമെന്ന് ഗവ...

സുവര്‍ണ്ണജൂബിലി ആഘോഷപരിപാടികള്‍ക്ക് സമാപനമായി
സാമൂഹികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചക്കായി സര്‍വ്വകലാശാലകള്‍ സമൂഹത്തിന്റെ കണ്ണും കാതുമാകണമെന്ന് ഗവര്‍ണര്‍ പി സദാശിവം. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സുവര്‍ണജൂബിലി ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍വ്വകലാശാലകളിലെ ഗവേഷണങ്ങളുടെ ഗുണഫലങ്ങള്‍ സമൂഹത്തിന് കൂടി ഉപകാരപ്പെടുന്നതാകണം. സമൂഹത്തിന് ഉപരിക്കുന്ന  നവീനമായ അറിവുകളാണ് സര്‍വ്വകലാശാലകള്‍ ഉല്‍പ്പാദിപ്പിക്കേണ്ടത്. നിലവാരമുള്ള വിദ്യാഭ്യാസം സമൂഹത്തിന് നല്‍കാനാകണമെന്നും  സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വ്യക്തമാക്കി.
വരുന്ന ദശകങ്ങളിലെ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാകണം സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം. അതിനാല്‍ വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിന് വിശാലമായ കാഴ്ചപ്പാടുണ്ടാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. മലബാറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് ഇനിയും ഒരുപാട് ചെയ്യാനാകും. കഠിനാദ്ധ്വാനം കൊണ്ട് ലക്ഷ്യപ്രാപ്തിയും അംഗീകാരവും ഉറപ്പാക്കാന്‍ കഴിയും.  താന്‍ ഉയരങ്ങളിലെത്തിയതിന്റെ കഷ്ടപ്പാടുകള്‍ വിദ്യാര്‍ത്ഥികളോട് നിരന്തരം പറയുന്നത് അവരെ പ്രചോദിപ്പിക്കാനാണ്. ഡി ലിറ്റ് സ്വീകരിക്കാന്‍ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി കേരളത്തിലെത്തിയപ്പോള്‍ ഷാര്‍ജയില്‍ മലയാളികളായ അഭ്യസ്ഥവിദ്യര്‍ക്കായി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ താന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം ഷാര്‍ജ ഭരണാധികാരി ഉറപ്പുനല്‍കുകയും ചെയ്തു. കേരളത്തിന്റെയും രാജ്യത്തിന്റെയും ശാക്തീകരണത്തിന് ഇത്തരത്തില്‍ വിദേശരാജ്യങ്ങളുമായി മികച്ച ബന്ധം ആവശ്യമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലകള്‍ ഇനി പ്രൊഫഷണല്‍ കോഴ്സുകള്‍ക്കാണ് മുന്തിയ പരിഗണന നല്‍കേണ്ടത്. അക്കാദമിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനൊപ്പം ജനാധിപത്യത്തെയും ശക്തിപ്പെടുത്തണം. ഗവേഷണ മേഖലയില്‍ അനാരോഗ്യകരവും നീതിയ്ക്ക് നിരക്കാത്തതുമായ ഇടപെടലുകളുണ്ടാകരുത്. പ്രബന്ധകോപ്പിയടി പോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ശക്തമായ നടപടികളുണ്ടാകണം. മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണം. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരാതിരഹിതമായി നടത്താന്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് കഴിയണമെന്നും  ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു.
ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി ജലീല്‍ അധ്യക്ഷനായി. ഇന്ത്യന്‍ നാഷനല്‍ സയന്‍സ്  അക്കാദമി ഫെല്ലോയായി തെരഞ്ഞെടുക്കപ്പെട്ട സര്‍വ്വകലാശാല ബോട്ടണി പഠനവിഭാഗം പ്രൊഫസര്‍ ഡോ: എം സാബുവിനെ ഗവര്‍ണര്‍ പൊന്നാട അണിയിച്ച് അനുമോദിച്ചു. സിന്‍ഡിക്കേറ്റ് അംഗം കെ.കെ ഹനീഫ സുവര്‍ണജൂബിലി ആഘോഷകാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രോ വൈസ് ചാന്‍സലര്‍ ഡോ: പി മോഹന്‍, സിന്‍ഡിക്കേറ്റംഗം പ്രൊഫ: ആര്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു. വൈസ് ചാന്‍സലര്‍ ഡോ: കെ മുഹമ്മദ് ബഷീര്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ: ടി.എ അബ്ദുല്‍മജീദ് നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!