മതനിരപേക്ഷ മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതിയ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പല സര്‍വകലാശാലകളും പാഠ്യപദ്ധതികളില്‍ മതവര്‍ഗീയവത്കരണവും ചരിത്രത്തെ തമസ്‌കരിക്കലുമെല്ലാം നടത്തി കലാപങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നു. എന്നാല്‍ കാലിക്കറ്റ് ഉള്‍പ്പെടെ കേരളത്തിലെ സര്‍വകലാശാലകളെല്ലാം ഇത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുകയാണ്. വസ്തുതകളെ തമസ്‌കരിച്ച് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ വക്രീകരിക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാഭവന്‍ സേവനങ്ങള്‍ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുന്നതിനായി സജ്ജമാക്കിയ സ്റ്റുഡന്റ് സര്‍വീസ് ഹബ്, നൂതന സാങ്കേതിക സംഭരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ടി.ബി.ഐ.-ഐ.ഇ.ടി. (ടെക്നോളജി ബിസിനസ്സ് ഇന്‍ക്യൂബേറ്റര്‍ – ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്നോളജി), വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും നൂതനാശയങ്ങള്‍ക്കും സംരഭങ്ങള്‍ക്കും വേദി ഒരുക്കുന്ന സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്റ് എന്റര്‍പ്രൂണര്‍ഷിപ്പ് (സി.ഐ.ഇ.) എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ മാറ്റത്തിനുള്ള സ്റ്റാർട്ടപ്പ് തുടങ്ങിയ വിദ്യാർത്ഥി സംരംഭകൻ കെ.ടി. ഉവൈസിനെ ചടങ്ങിൽ അഭിനന്ദിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, യൂണിവേഴ്‌സിറ്റി എഞ്ചിനീയര്‍ ജയന്‍ പാടശ്ശേരി സെനറ്റംഗങ്ങളായ ഡോ. ബി.എസ്. ഹരികുമാരന്‍ തമ്പി, ഡോ. കെ. മുഹമ്മദ് ഹനീഫ, ഡോ. പി.എ. ബേബി ഷാരി, വി.എസ്. നിഖില്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ടി. സ്‌നേഹ, ഡി.എസ്.യു. ചെയര്‍മാന്‍ കെ. ജ്യോബിഷ്, എസ്. വിപിന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



