‘സാര്‍വത്രിക പാലിയേറ്റീവ് കെയര്‍’ ആരോഗ്യ രംഗത്ത് കേരളത്തിന്റെ പുതിയ മാതൃക : മുഖ്യമന്ത്രി

HIGHLIGHTS : 'Universal Palliative Care' is Kerala's new model in the health sector, says CM

സാര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കളമശ്ശേരി രാജഗിരി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. എല്ലാ കിടപ്പുരോഗികള്‍ക്കും ചികിത്സാ സേവനങ്ങള്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സാര്‍വത്രിക പാലിയേറ്റീവ് കെയര്‍ സംവിധാനം ആരോഗ്യ രംഗത്ത് കേരളത്തിന്റെ പുതിയൊരു മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.ആരോഗ്യ മേഖലയില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം. ദീര്‍ഘകാല രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും കിടപ്പുരോഗികള്‍ക്കും സാന്ത്വനം പകരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ സര്‍ക്കാര്‍ ഇതര സംഘടനകളെ ഏകോപിപ്പിച്ച് ശക്തമായ ഒരു പാലിയേറ്റീവ് കെയര്‍ സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹോം കെയര്‍ യൂണിറ്റുകളും, 1142 പ്രാഥമിക പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളും സജീവമാണ്. ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും ആഭിമുഖ്യത്തിലും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ 500ലധികം ഹോം കെയര്‍ യൂണിറ്റുകളും വീടുകളില്‍ എത്തി മെഡിക്കല്‍ കെയറും നഴ്‌സിംഗ് പരിചരണവും രോഗികള്‍ക്ക് ഉറപ്പാക്കുന്നു.

പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് മാനസികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്ന 1000-ല്‍ അധികം ചാരിറ്റബിള്‍, സോഷ്യല്‍ സംഘടനകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം ഒരു കുടക്കീഴിയില്‍ കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.സാര്‍വത്രിക പാലിയേറ്റീവ് കെയര്‍ സംവിധാനം വഴി കിടപ്പിലായ ഓരോ രോഗിയെയും അവരുടെ തൊട്ടടുത്തുള്ള പാലിയേറ്റീവ് പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുമായി ബന്ധിപ്പിക്കും. ഓരോ വാര്‍ഡിലും സേവനത്തിനായി ആശാപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ടീം രൂപീകരിക്കും. ഓരോ ജനകീയ ആരോഗ്യ കേന്ദ്രങ്ങളും കിടപ്പിലല്ലാത്ത എന്നാല്‍ ദീര്‍ഘകാലമായി ഗുരുതര രോഗബാധിതരായ രോഗികളെ പരിശോധിച്ച് തുടര്‍ ചികിത്സ ഉറപ്പാക്കണം. ഇതിനായി നഴ്‌സുമാര്‍ക്ക് പരിശീലനം നല്‍കും.

തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ കമ്മ്യൂണിറ്റി നേഴ്‌സുമാരുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് ഹോം കെയര്‍ ടീമുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി കിടപ്പിലായ എല്ലാ രോഗികളുടെയും വീട്ടില്‍ കൃത്യമായി ഇടവേളകളില്‍ സന്ദര്‍ശിച്ച് ആവശ്യമായ പിന്തുണ ഉറപ്പ് വരുത്തുന്നുണ്ട് . ആരോഗ്യവകുപ്പ് ഭാരതീയ ചികിത്സ വകുപ്പ് ഹോമിയോ വകുപ്പ് എന്നിവയുടെ ഡയറക്ടര്‍മാര്‍ എല്ലാ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും പ്രധാന ആശുപത്രികളിലും സെക്കന്‍ഡറി സ്‌പെഷ്യലൈസ്ഡ് പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമുകളും പരിശീലനം ലഭിച്ച നഴ്‌സും മെഡിക്കല്‍ ഓഫീസറും ഉണ്ടെന്ന് ഉറപ്പുവരുത്തണം. ആഴ്ചയില്‍ ഒരിക്കല്‍ ഡോക്ടര്‍മാര്‍ രോഗികളെ വീട്ടിലെത്തി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജുകളിലും കാന്‍സര്‍ സെന്ററുകളിലുമുള്ള പ്രത്യേക പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ശാക്തീകരിക്കും. സ്വകാര്യ മേഖലയിലേത് ഉള്‍പ്പെടെയുള്ള എല്ലാ മെഡിക്കല്‍ കോളേജുകളിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ആരംഭിച്ച്, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസമയത്ത് തന്നെ പാലിയേറ്റീവ് പരിശീലനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളെയും പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമാക്കും.എല്ലാ ജില്ലകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പാലിയേറ്റീവ് പരിശീലനം നല്‍കുന്ന സര്‍ക്കാര്‍ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സന്നദ്ധ മേഖലയിലും 6 പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം മുഖേന പ്രത്യേക പരിശീലനം നല്‍കും.

അരക്ക് കീഴ്‌പ്പോട്ട് ചലനശേഷി നഷ്ടപ്പെട്ട രോഗികള്‍ക്ക് തൊഴില്‍പരമായ പിന്തുണ നല്‍കുന്നതിന് കുടുംബശ്രീയുമായി സഹകരിച്ച് എറണാകുളം, മലപ്പുറം ജില്ലകളില്‍ പദ്ധതി ആരംഭിക്കും. മറ്റു ജില്ലകളിലും പദ്ധതി വ്യാപിക്കും . പാലിയേറ്റീവ് സേവനങ്ങള്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ‘ കേരള കെയര്‍” പാലിയേറ്റീവ് ഗ്രിഡില്‍ ഇത് വരെ പാലിയേറ്റീവ് പരിചരണം നല്‍കുന്ന 1362 സര്‍ക്കാര്‍ സ്ഥാപനങ്ങളും 1085 സന്നദ്ധ സംഘടനകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1,58,100-ഓളം കിടപ്പിലായ രോഗികളുടെ വിവരങ്ങള്‍ ഗ്രിഡില്‍ ഇപ്പോള്‍ ലഭ്യമാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പതിനായിരത്തോളം പുതിയ സന്നദ്ധ പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.ഇവര്‍ക്ക് പാലിയേറ്റീവ് കെയര്‍ ഗ്രിഡ് വഴി രോഗികള്‍ക്കാവശ്യമുള്ള പരിചരണം ഏകോപിപ്പിക്കുന്നത് സംബന്ധിച്ച് മൂന്നു ദിവസത്തെ പരിശീലനം നല്‍കി ഗ്രിഡിന്റെ ഭാഗമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.നിലവില്‍ പാലിയേറ്റീവ് കെയര്‍ രംഗത്ത് ഒരു ലക്ഷത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ സേവനം ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. അവരെല്ലാവരും പരിശീലനമെടുത്ത് ഗ്രിഡിന്റെ ഭാഗമാകണം. പാലിയേറ്റീവ് കെയര്‍ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് എന്ന പൊതുബോധം ഉയര്‍ന്നു വരുന്നതിനായി എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പാലിയേറ്റീവ് കെയര്‍ ഗ്രിഡ് പ്രവര്‍ത്തന മാര്‍ഗരേഖ പ്രകാശനം ചെയ്തു. ഓപ്പണ്‍ ഹെല്‍ത്ത് കെയര്‍ നെറ്റ്വര്‍ക്ക് ടീമിനുള്ള ഉപഹാര സമര്‍പ്പണം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും ചേര്‍ന്നു നല്‍കി . വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, പി വി ശ്രീനിജന്‍ എം എല്‍ എ, ഹൈബി ഈഡന്‍ എം പി, ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍,ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ രാജന്‍ എന്‍ ഖോബ്രഗേഡ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ എസ് ചിത്ര എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!