HIGHLIGHTS : Unforgettable; The joy of giving yellow cards
മഞ്ഞ റേഷന്‍ കാര്‍ഡ് കൈയില്‍ വാങ്ങുമ്പോള്‍ തവനൂര്‍ മേപ്പറമ്പില്‍ അമ്മാളുവിന്റെ കണ്ണുകള്‍ നിറഞ്ഞു. മന്ത്രിമാരായ വി. അബ്ദുറഹ്‌മാനും അഡ്വ. പി.എ. മുഹമ്മദ് റിയാസും ആ അമ്മയെ ചേര്‍ത്തുപിടിച്ചു. ഏതു കാര്യത്തിനും താങ്ങായും തണലായും സര്‍ക്കാര്‍ കൂടെയുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയപ്പോള്‍ 74 വയസ്സുള്ള അമ്മാളു ആശ്വാസത്തോടെ കൈകൂപ്പി. ഭര്‍ത്താവ് മരിച്ചതോടെ ഒറ്റയ്ക്കാണ് താമസം. ഇനി റേഷന്‍ വിഹിതം കൂടുതല്‍ കിട്ടുമെന്നു മാത്രമല്ല, ചികിത്സയ്ക്കടക്കം ആശ്വാസം കിട്ടുമെന്നതും അമ്മാളുവിനെ സന്തോഷിപ്പിക്കുന്നു.
ഉദിനിക്കര കട്ടത്ത് പടിക്കല്‍ ചന്ദ്രികയ്ക്കും ഒറ്റപ്പെട്ട ജീവിതത്തിനിടയില്‍ ലഭിച്ച എ.എ.വൈ. റേഷന്‍ കാര്‍ഡ് സര്‍ക്കാര്‍ കരുതലിന്റെ അടയാളമായി. ഒന്നര വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു. മക്കളില്ല. പിന്നീട് ഒറ്റയ്ക്കാണ് ജീവിതം. കാര്യമായ വരുമാനമില്ല. അതിനിടയില്‍ റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലാക്കിക്കിട്ടിയാല്‍ ആശ്വാസമാകുമല്ലോ എന്ന് കരുതിയാണ് അപേക്ഷ നല്‍കിയത്. ഏറ്റവും പരിഗണന അര്‍ഹിക്കുന്ന അന്ത്യോദയാ അന്ന യോജന കാര്‍ഡ് ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ചന്ദ്രിക.
എടപ്പാള്‍ ഉദിനിക്കര കുമ്പളാവില്‍ അമ്മുക്കുട്ടി എന്ന 73 കാരിക്കും മഞ്ഞക്കാര്‍ഡ് കിട്ടിയത് ചെറുതല്ലാത്ത ആശ്വാസമാണ് നല്‍കുന്നത്. ഹൃദ്രോഗിയായ ഇവര്‍ എടപ്പാള്‍ പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം.
32 പേര്‍ക്കാണ് പൊന്നാനിയില്‍ നടന്ന താലൂക്കുതല അദാലത്തില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കിയത്. ഇതില്‍ 19 എണ്ണവും അന്ത്യോദയ അന്നയോജന കാര്‍ഡുകളാണ്.