ഇറ്റലി കുതിച്ചു ; തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു

റോം: യൂറോ കപ്പ് ഫുട്ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു. മാനുവല്‍ ലൊക്കട്ടെല്ലി ഇരട്ട ഗോളുമായി തിളങ്ങി. സിറൊ ഇമ്മൊബീല്‍ പട്ടിക പൂര്‍ത്തിയാക്കി.കളിയുടെ പൂര്‍ണ നിയന്ത്രണം ഇറ്റലിക്കായിരുന്നു. തുടക്കത്തില്‍ ക്യാപ്റ്റന്‍ ജോര്‍ജിയോ കില്ലിനി പന്ത് വലയിലാക്കിയെങ്കിലും ‘വാര്‍’ പരിശോധനയില്‍ ഹാന്‍ഡ്‌ബോളെന്ന് തെളിഞ്ഞു. വൈകാതെ ക്യാപ്റ്റന്‍ പരിക്കേറ്റ് മടങ്ങി.

വിജയത്തിലൂടെ റഷ്യ ജീവന്‍ നിലനിര്‍ത്തി. ഫിന്‍ലന്‍ഡിനെ ഒറ്റഗോളിന് വീഴ്ത്തി. ആദ്യ മത്സരത്തില്‍ ബല്‍ജിയത്തോട് തോറ്റ റഷ്യക്ക് ജയം അനിവാര്യമായിരുന്നു. കന്നി യൂറോയ്ക്കെത്തിയ ഫിന്‍ലന്‍ഡിനാകട്ടെ ജയിച്ചാല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാമായിരുന്നു. അലെക്സി മിറാന്‍ചുക്കിന്റെ ഗോളിലാണ് റഷ്യ കടന്നത്. 2012നുശേഷം യൂറോയില്‍ റഷ്യയുടെ ആദ്യ ജയമാണിത്. ഇടവേളയ്ക്ക് പിരിയുംമുമ്പായിരുന്നു റഷ്യ ആശിച്ച നിമിഷം പിറന്നത്. ബോക്സില്‍ നാല് പ്രതിരോധക്കാര്‍ക്കിടയിലൂടെ മിറാന്‍ചുക്ക് ഇടംകാല്‍കൊണ്ട് ഗോളിലേക്ക് പന്തയച്ചു.

മറ്റൊരു മത്സരത്തില്‍ വെയ്ല്‍സ് തുര്‍ക്കിയെ രണ്ട് ഗോളിന് വീഴ്ത്തി. ആരോണ്‍ റാംസിയും കൊണോര്‍ റോബര്‍ട്ട്സും ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ ഗാരെത് ബെയ്ല്‍ വെയ്ല്‍സിനായി പെനല്‍റ്റി പാഴാക്കി. ജയത്തോടെ വെയ്ല്‍സ് പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. കളിച്ച രണ്ടിലും തോറ്റ തുര്‍ക്കിക്ക് പ്രതീക്ഷകള്‍ മങ്ങി.

Share news
error: Content is protected !!
Scroll to Top