പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ കളത്തിലിറക്കി യുഡിഎഫ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര് പ്രഖ്യാപിച്ചത്. എഐസിസിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ ചാണ്ടിയുമായി സംസാരിച്ചു.

ചാണ്ടി ഉമ്മന്‍ നാളെ മുതല്‍ സജീവമായി മത്സര രംഗത്തിറങ്ങുമെന്ന് കെ.സുധാകരന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കായി കെ.പി.സി.സി പ്രത്യേക ചുമതല നല്‍കി കൊണ്ട് വലിയ ടീമിനെ നാളെ പ്രഖ്യാപിക്കുമെന്നും സുധാകരന്‍ അറിയിച്ചു.

27 ദിവസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സെപ്തംബര്‍ അഞ്ചിന് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കും. സെപ്തംബര്‍ എട്ടിന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലും നടക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് സാക്ഷിയാകും.

‘വലിയ ഒരു ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. എന്നെ കൊണ്ട് ചെയ്യാവുന്ന രീതിയില്‍ ആ ഉത്തരവാദിത്വം പൂര്‍ണമായും നിര്‍വഹിക്കും. 53 വര്‍ഷകാലം പിതാവ് ഈ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. അതിനോട് ഉയര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന് പറയുന്നത് വലിയ വെല്ലുവിളിയാണ്. ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ജാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണ്
പുതുപ്പള്ളിയിലും തെരഞ്ഞെടുപ്പ് നടക്കുക. ജാര്‍ഖണ്ഡിലെ ധൂമി, ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പൂര്‍ മണ്ഡലങ്ങള്‍, പശ്ചിമ ബംഗാളിലെ ധൂപ്ഗുരി, ഉത്തര്‍പ്രദേശിലെ ഗോസി, ഉത്തരാഖണ്ഡിലെ ഭാഗേശ്വര്‍ എന്നിവിടങ്ങളിലാണ് സെപ്തംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കുക.

ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയ നേതാവിന്റെ ഓര്‍മ്മകളും ജനകീയതയും വൈകാരികമായ നിലയില്‍ തുണയ്ക്കുമെന്നും വന്‍ ഭൂരിപക്ഷത്തോടെ ജയിക്കാനാവുമെന്നുമുള്ള പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. അതേസമയം, 53 വര്‍ഷം തുടര്‍ച്ചയായി ഉമ്മന്‍ ചാണ്ടി നിലനിര്‍ത്തിയ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഭൂരിപക്ഷം കുത്തനെ താഴ്ത്താനായതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് നീങ്ങി കഴിഞ്ഞു. 11 ന് തുടങ്ങുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ തീരുമാനം ഉണ്ടാകും എന്നാണ് വിവരം. റെജി സഖറിയ, ജെയ്ക് സി.തോമസ്, കെ എം രാധാകൃഷ്ണന്‍ എന്നിവരാണ് പരിഗണനയിലുള്ളത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top