Section

malabari-logo-mobile

കേരളത്തിലെ വാണിജ്യ വാഹനങ്ങള്‍ക്കായി യൂബര്‍ മോഡല്‍ സംവിധാനം; നവംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ശിവന്‍കുട്ടി

HIGHLIGHTS : Uber Model System for Commercial Vehicles in Kerala; Minister Sivankutty said that it will be inaugurated on November 1

തിരുവനന്തപുരം: കേരളത്തിലെ വാണിജ്യ വാഹനങ്ങള്‍ക്കായി യൂബര്‍, ഓല മോഡലില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി ഓട്ടോ സമ്പ്രദായത്തിന്റെ ഉദ്ഘാടനം നവംബര്‍ 1ന് . തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗതാഗതം, ഐ.റ്റി, പോലിസ്, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി ഓട്ടോ സമ്പ്രദായത്തിന്റെ നിയന്ത്രണം ലേബര്‍ കമ്മീഷണറേറ്റിനാണ്.

ഓണ്‍ലൈന്‍ ടാക്‌സി ഓട്ടോ സംവിധാനം നടപ്പിലാക്കുന്നത് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന ആയിരിക്കണം. ഇതിനുള്ള സാഹചര്യങ്ങളും ബോര്‍ഡ് ഒരുക്കും.

sameeksha-malabarinews

ഓണ്‍ലൈന്‍ ടാക്‌സി ഓട്ടോ സംവിധാനത്തിന്റെ നടത്തിപ്പിലേക്കായി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ഫണ്ട് ചെലവഴിക്കില്ല. എന്നാല്‍ ഓണ്‍ലൈന്‍ ടാക്‌സി ഓട്ടോ സംവിധാനത്തിന്റെ പരസ്യചെലവിന് ആവശ്യമായ തുക കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അഡ്വാന്‍സ് ചെയ്യും. ഈ തുക പദ്ധതി നടപ്പാക്കുമ്പോള്‍ സര്‍ക്കാരിന് ലഭിക്കുന്ന തുകയില്‍ നിന്ന് തിരികെ ലഭ്യമാക്കും.

നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതിയില്‍ അംഗങ്ങള്‍ ആകുന്ന വാഹനങ്ങള്‍ക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ല. പകരം സ്മാര്‍ട്ട് ഫോണ്‍ ജിപിഎസ് നാവിഗേഷനായി ഉപയോഗിക്കാവുന്നതാണ്.

പൈലറ്റ് പ്രൊജക്ട് തിരുവനന്തപുരം ജില്ലയിലാണ് നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി ട്രയല്‍ റണ്‍ നടത്തും. ലേബര്‍ കമ്മിഷണറേയും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനേയും ഐ ടി ഐ ലിമിറ്റഡിനേയും ഓണ്‍ലൈന്‍ ടാക്‌സി ഓട്ടോ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ചുമതലപ്പെടുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!