ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ പെണ്‍കുട്ടിയെ സഹോദരിക്ക് മുന്നില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാരെ പിരിച്ചുവിട്ടു. തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സുരേഷ് രാജ്, സുന്ദര്‍ എന്നീ കോണ്‍സ്റ്റബിള്‍മാരെയാണ് പിരിച്ചുവിട്ടത്. തിങ്കളാഴ്ച രാത്രിയാണ് ആന്ധ്രപ്രദേശ് സ്വദേശിയായ 19കാരിയെ ഇരുവരും ബലാത്സംഗം ചെയ്തത്.
സഹോദരങ്ങള്‍ അവരുടെ കൃഷിയിടത്തിലുണ്ടായ പഴം വില്‍ക്കാനായി തിരുവണ്ണാമലയിലേക്ക് വാനില്‍ പോവുകയായിരുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ എന്താള്‍ ബൈപ്പാസില്‍ വാഹന പരിശോധനയ്ക്കായി പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ വാന്‍ തടയുകയും ഡ്രൈവറെ ചോദ്യം ചെയ്ത കോണ്‍സ്റ്റബിള്‍മാര്‍ സഹോദരിമാരോട് വാനില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും സഹോദരികളെ അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോവുകയും മൂത്ത സഹോദരിക്ക് മുന്നില്‍ വെച്ച് ഇളയ സഹോദരിയെ പീഡിപ്പിക്കുകയുമായിരുന്നു. സഹോദരങ്ങളെ പുലര്‍ച്ചെയോടെ റോഡരികില്‍ ഉപേക്ഷിച്ച് ഇരുവരും കടന്നുകളയുകയുമായിരുന്നു. റോഡരികില്‍ യുവതികളെ കണ്ട അടുത്തുള്ള ഇഷ്ടിക ചൂള യൂണിറ്റിലെ തൊഴിലാളികള്‍ അവശരായ ഇവരെ തിരുവണ്ണാമല സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ഒരാള്‍ ലൈംഗിക പീഡനത്തിനിരയായതായി വ്യക്തമാവുകയുമായിരുന്നു. ഇതെതുടര്‍ന്ന് പരിശോധിച്ച ഡോക്ടര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ തിരുവണ്ണാമല വനിതാ പൊലീസ് സ്റ്റേഷനിലെ പോലീസുകാര്‍ ഇവരുടെ മൊഴിയെടുക്കുകായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുകോണ്‍സ്റ്റബിള്‍മാരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.



