
റവന്യൂ വകുപ്പ് തയ്യാറാക്കാനുദ്ദേശിക്കുന്ന ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ് പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ അനുവദിച്ചു. നിയമസഭയില്‍ റവന്യൂ മന്ത്രി കെ രാജന്റെ ധനാഭ്യര്‍ത്ഥന പരിഗണിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡിന് തുക വകയിരുത്തിയതായി പ്രഖ്യാപിച്ചത്.
റവന്യൂ വകുപ്പിന്റെയും സര്‍ക്കാരിന്റെയും ജനകീയ പദ്ധതിയാണ് ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉള്‍പ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ്. 2026 ജനുവരിയോടെ മുഴുവന്‍ ഭൂവുടമകള്‍ക്കും കാര്‍ഡ് ഉറപ്പാക്കാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. അധികമായി പട്ടയ മിഷന് കൂടുതല്‍ തുകയും വകയിരുത്തിയിട്ടുണ്ട്. നിലവില്‍ 3 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ഇതിന് പുറമേ 2 കോടി രൂപയാണ് അധികമായി അനുവദിക്കുന്നതെന്ന് ധനമന്ത്രി പ്രഖ്യാപനത്തില്‍ പറഞ്ഞു.
ഡിജിറ്റല്‍ സര്‍വ്വേ പ്രവര്‍ത്തനത്തില്‍ കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. നാഷണല്‍ കോണ്‍ക്ലേവ് ഓണ്‍ ഡിജിറ്റല്‍ സര്‍വ്വേ ആന്റ് ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കാന്‍ 25 ലക്ഷം രൂപ വകയിരുത്തുന്നതായും ധനമന്ത്രി പ്രഖ്യാപിച്ചു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തു നിന്നുമുള്ള റവന്യൂ, സര്‍വ്വേ വകുപ്പ് മന്ത്രിമാരും പങ്കെടുക്കുന്നതാണ് ഡിജിറ്റല്‍ സര്‍വ്വേ കോണ്‍ക്ലേവ്.റവന്യൂ വകുപ്പ് നല്‍കിവരുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തുന്നതിനായി ഒരു ഇ-സാക്ഷരതാ ക്യാമ്പയിന് തുടക്കം കുറിക്കുന്നതിന് ഉദ്ദേശിക്കുന്നു. ഇതിനായി ഒരു കോടി രൂപയും ബജറ്റില്‍ വകയിരുത്തുന്നതായും ധനമന്ത്രി പ്രഖ്യാപിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



