
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പുണ്ടാക്കി 3.25 കോടി രൂപ തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അരീക്കോട് പുത്തലം മണ്ണിങ്ങച്ചാലി അഫ്‌ലാഹ് ഷാദില്‍ (25), അരീക്കോട് ചെമ്രക്കാട്ടൂര്‍ പുളംകുണ്ടില്‍ മുഹമ്മദ് ഷാഫി (34) എന്നിവരെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റു ചെയ്തത്.
വ്യാജ ആപ്പില്‍ പണം നിക്ഷേപിച്ച് ലാഭവിഹിതം വെര്‍ച്വലായി കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്ന് വ്യത്യസ്ത സമയങ്ങളിലായി പ്രതികള്‍ ഉപയോഗിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുത്തു. ഇതിന്റെ ലാഭവിഹിതം കാണിക്കുന്ന ആപ്ലിക്കേഷന്‍ പരാതിക്കാരന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചു. പിന്നീട് പണവും ലാഭവിഹിതവും തിരികെ ചോദിച്ചപ്പോള്‍ പിന്‍വലിക്കാന്‍ ടാക്‌സ് അടയ്ക്കണമെന്നും കൂടുതല്‍ തുക ആവശ്യമാണെന്നും അറിയിച്ചു. ഇതോടെയാണ് തട്ടിപ്പ് മനസ്സിലാവുന്നത്.
തുടര്‍ന്ന് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തില്‍ പരാതിക്കാരന്‍ അയച്ച പണത്തിന്റെ ഒരുഭാഗം മറ്റൊരു അക്കൗണ്ട് വഴി കൊണ്ടോട്ടിയിലെ ബാങ്കില്‍നിന്ന് പിന്‍വലിച്ചതായി കണ്ടെത്തി. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സൈബര്‍ ക്രൈം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഐ സി ചിത്തരഞ്ജന്‍, ലത്തീഫ്, നജ്മുദീന്‍, റിയാസ് ബാബു, അനീഷ് കുമാര്‍, റിജില്‍, റാഷിനുല്‍ ഹസ്സന്‍, കൃഷ്ണന്ദു എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.




