ആര്യന്‍ കേസില്‍ വന്‍ ട്വിസ്റ്റ്; ‘ഷാരൂഖില്‍ നിന്ന് കോടികള്‍ തട്ടാന്‍ ശ്രമം, പിന്നില്‍ സമീര്‍ വാങ്കഡെ’

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസില്‍ വെളിപ്പെടുത്തലുമായി സാക്ഷിയായ പ്രഭാകര്‍ സെയില്‍. കോടികളുടെ ഇടപാടാണ് മയക്കുമരുന്ന് കേസില്‍ മറവില്‍ നടക്കുന്നതെന്നും എന്‍സിബി സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെ അടക്കം ചിലര്‍ ഷാരൂഖ് ഖാനില്‍ നിന്ന് 18 കോടിയോളം രൂപ തട്ടിയൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രഭാകര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

കേസിലെ മറ്റൊരു സാക്ഷിയായ കെപി ഗോസാവിയും സാം ഡിസൂസ എന്നയാളുമായി ചേര്‍ന്ന് 18 കോടിയുടെ ഡീല്‍ നടന്നുവെന്നാണ് പ്രഭാകര്‍ വെളിപ്പെടുത്തിയത്. ഇതില്‍ എട്ടു കോടി സമീറിന് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ ആരോപിച്ചു.

സത്യവാങ്മൂലത്തില്‍ പറയുന്നത്: ”നിങ്ങള്‍ 25 കോടിയുടെ ബോംബിട്ടു. നമുക്കിത് 18 കോടിയില്‍ ഒതുക്കിത്തീര്‍ക്കാം. എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കാം.’ ഒക്ടോബര്‍ മൂന്നിന് സാം ഡിസൂസ എന്നയാളും ഗോസാവിയും ഇക്കാര്യമാണ് സംസാരിച്ചത്.” തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ജീവന് ഭീഷണിയുള്ളതിനാലാണ് ഇങ്ങനെയൊരു സത്യവാങ്മൂലം ഫയല്‍ ചെയതതെന്നും പ്രഭാകര്‍ പറയുന്നു.

അതേസമയം, പ്രഭാകര്‍ സെയിലിന്റെ ആരോപണം തള്ളി എന്‍സിബി രംഗത്തെത്തി. പ്രഭാകര്‍ സെയില്‍ കേസിലെ സ്വതന്ത്ര സാക്ഷിയാണ്. കേസിലെ ചില സാക്ഷികള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട ചില ആരോപണങ്ങളുണ്ട്. അതു സംബന്ധിച്ചാണ് പ്രഭാകര്‍ ഒളിച്ചുകേട്ടത്. പ്രഭാകര്‍ സെയില്‍ ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും സമീര്‍ വാങ്കഡെ ശക്തമായി നിഷേധിച്ചതായും എന്‍സിബി വൃത്തങ്ങള്‍ വ്യക്തമാക്കി. കേസിലെ സാക്ഷികളുടെ സത്യവാങ്മൂലം എന്‍സിബി ഡയറക്ടര്‍ ജനറലിന് സമര്‍പ്പിച്ചതായും എന്‍സിബി വ്യക്തമാക്കി.

ഇതിനിടെ കേസിലെ സാക്ഷിയെ ഒഴിഞ്ഞ പേപ്പറില്‍ എന്‍സിബി ഒപ്പിടുവിച്ചു എന്ന ആരോപണത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. മയക്കുമരുന്ന് കേസില്‍ സാക്ഷിയെ ബ്ലാങ്ക് പേപ്പറില്‍ എന്‍സിബി ഒപ്പുവെപ്പിച്ചുവെന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. മയക്കുമരുന്ന് കേസില്‍ വന്‍ തുക എന്‍സിബി ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട് വരുന്നുണ്ടെന്നും സഞ്ജയ് റാവത്ത് ചൂണ്ടിക്കാണിച്ചു. കേസ് മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടിരുന്നു. അത് ശരിവെക്കുന്നതാണ് പുതിയ ആരോപണമെന്നും പൊലീസ് സ്വമേധയാ കേസെടുക്കണമെന്നും സജ്ജയ് റാവത്ത് വ്യക്തമാക്കി.

 

 

 

 

Share news
error: Content is protected !!
Scroll to Top