ഇന്ന് ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പ്; രാവിലെ ആര്‍ജെഡി നേതാക്കളുടെ വീടുകളില്‍ സിബിഐ റെയ്ഡ്

പാറ്റ്‌ന: ബിഹാറില്‍ ബിജെപി ബന്ധം അവസാനിച്ച് നിതീഷ് കുമാര്‍ രൂപീകരിച്ച മഹാസഖ്യ സര്‍ക്കാര്‍ നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ട്. വിശ്വാസവോട്ട് നടക്കാനിരിക്കെ ഇന്ന് രാവിലെ രാഷ്ട്രീയ ജനതാദള്‍ നേതാക്കളുടെ വീടുകളില്‍ സിബിഐ റെയ്ഡ്. യുപിഎ കാലത്ത് ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്തെ റെയില്‍വേ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് പരിശോധന എന്നാണ് കേന്ദ്ര ഏജന്‍സി വൃത്തങ്ങള്‍ അറിയിക്കുന്നത്.

ആര്‍.ജെ.ഡി നേതാവും മുനിസിപ്പല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ സുനില്‍ സിങ്ങ്, ആര്‍.ജെ.ഡി രാജ്യസഭാ എം.പി അഹമ്മദ് അഷ്ഫാഖ് എന്നിവരുടെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ റെയ്ഡ് ആരംഭിച്ചത്. ഈ റെയ്ഡിലൂടെ ബിജെപിയുടെ ഭയം വെളിവായെന്നും, റെയ്ഡ് പ്രത്യേക ലക്ഷ്യം വെച്ചുള്ളതാണെന്നും സുനില്‍ സിങ്ങ് പ്രതികരിച്ചു.

ഇപ്പോള്‍ റെയ്ഡ് നടക്കാന്‍ ആസ്പദമായ കേസ് ഈ വര്‍ഷം മേയിലാണ് സിബിഐ എടുത്തത്. മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ്, ഭാര്യ റാബ്‌റി ദേവി, രണ്ട് പെണ്‍മക്കള്‍, മറ്റ് 12 പേര്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top