ട്രംപിന് തിരിച്ചടി, ‘ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് ഭരണഘടനാ ലംഘനം’; കോടതി

HIGHLIGHTS : Trump gets a blow, 'Ending birthright citizenship violates the Constitution'; Court rules

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് ഉത്തരവിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് നഗ്‌നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോണ്‍ കോഗ്‌നോര്‍ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നടപടി.

നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ പൗരത്വത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അമേരിക്കയിലുള്ള വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്ന ഈ ഉത്തരവ് ഫെബ്രുവരി 20നാണ് പ്രാബല്യത്തില്‍ വരാനിരുന്നത്.

sameeksha-malabarinews

പുതിയ ഉത്തരവ് പ്രകാരം അമേരിക്കന്‍ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കള്‍ക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. വര്‍ഷം രണ്ടര ലക്ഷത്തോളം കുട്ടികളെ ഇത് ബാധിക്കുമെന്നായിരുന്നു കണക്ക്. ട്രംപിന്റെ ഉത്തരവിനെതിരെ നിരവധി അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിനോടകം നിയമ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാണിച്ച് വിവിധ വ്യക്തികളും സംഘനടകളും കോടതികളെ സമീപിക്കുകയായിരുന്നു. അതേസമയം വ്യാഴാഴ്ച പുറത്തുവന്ന സ്റ്റേ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!