
മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാന കര കയറി. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രാത്രി പത്തോടെയാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറിയത്. തുടര്‍ന്ന് ആന തോട്ടത്തിലേക്ക് കയറിപോയി.വനം വകുപ്പിന്റെ രാത്രി ദൗത്യമാണ് ഫലം കണ്ടത്. ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആനയെ കാടു കയറ്റാനായി വനം വകുപ്പിന്റെ 60 അംഗ സംഘമാണ് ദൗത്യത്തില്‍ പങ്കാളികളായത്. പടക്കം പൊട്ടിച്ചും മറ്റും ആനയെ ഉള്‍വനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. വനംവകുപ്പ് ഉദ്ദേശിച്ച സ്ഥലത്തുകൂടെയാണ് ആന പോകുന്നത്. 20 മണിക്കൂറോളം കിണറ്റില്‍ കുടുങ്ങിയശേഷമാണ് രാത്രി പത്തോടെ കാട്ടാന കരയ്ക്ക് കയറിയത്.
കിണര്‍ പൊളിച്ച് കര കയറ്റി വനത്തിലേക്ക് വിടാനുള്ള ദൗത്യമാണ് വിജയിച്ചത്. കാട്ടാന അകപ്പെട്ട കിണറിന്റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം. 18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങള്‍ക്കും ശേഷം രാത്രി എട്ടോടെയാണ് കിണറ് പൊളിച്ച് ആനയെ പുറത്തെത്തിക്കാന്‍ തീരുമാനമുണ്ടായത്. തുടര്‍ന്ന് കിണറിന്റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തുകയായിരുന്നു.
ഇതിലൂടെ പലവട്ടം ആന കയറാന്‍ ശ്രമിച്ചെങ്കിലും പിന്‍കാലുകള്‍ കിണറ്റില്‍ നിന്ന് ഉയര്‍ത്താനാകാതെ കാട്ടാന പ്രയാസപ്പെട്ടു. ഇതിനിടയില്‍ ആനയ്ക്ക് പനംപട്ട ഉള്‍പ്പെടെ ഇട്ടു നല്‍കിയിരുന്നു. പലതവണ ആന വനംവകുപ്പ് ഒരുക്കി വഴിയിലൂടെ കയറാന്‍ ശ്രമിച്ചെങ്കിലും കിണറ്റിലേക്ക് വീണു. പിന്നീട് ഏറ്റവും ഒടുവിലായി രാത്രി പത്തോടെ നടത്തിയ ശ്രമത്തില്‍ ആന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറുകയായിരുന്നു. അക്രമങ്ങളൊന്നും കാണിക്കാതെ തന്നെ ആന സ്ഥലത്ത് നിന്ന് പോയി. റബ്ബര്‍ തോട്ടത്തിലേക്കാണ് ആന പോയത്. കാഴ്ചയില്‍ ആനയ്ക്ക് കാര്യമായ പരിക്ക് പ്രകടമല്ലെങ്കിലും ക്ഷീണിതനാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. രാവിലെ മുതല്‍ കിണറ്റില്‍ തന്നെ കിടന്നതിനാല്‍ കാട്ടാനയുടെ ആരോഗ്യസ്ഥിതി മോശമാണെന്നാണ് നേരത്തെ ഡിഎഫ്ഒ വ്യക്തമാക്കിയിരുന്നത്.
കിണറിന്റെ ഒരു ഭാഗം പൊളിച്ചതിനാല്‍ പുതിയൊരു കിണര്‍ നിര്‍മിക്കുന്നതിന് വേണ്ടിയാണ് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി സ്ഥലത്തിന്റെ ഉടമസ്ഥന്‍ സണ്ണിക്ക് നല്‍കും. പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കുന്നത് വരെ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തുണ്ടാകുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. വനത്തിലേക്ക് കയറിപോകുന്ന ആന സ്വാഭാവികമായും വനാതിര്‍ത്തികളിലായിരിക്കും നിലയുറപ്പിക്കു. ആനയെ വനത്തിനകത്തേക്ക് തുരത്താന്‍ കുങ്കിയാനകളെ എത്തിക്കും. കാര്‍ഷകരായ പ്രദേശവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുട നേതൃത്വത്തില്‍ രാവിലെ 9 മണിക്ക് ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്.
ആനയെ കിണറ്റില്‍ വെച്ച് തന്നെ മയക്കുവെടി വെച്ച് ഉള്‍ക്കാട്ടിലേക്ക് കൊണ്ടുവിടണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. അതിന്റെ പ്രായോഗിക ബുദ്ധിമുട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തുകയായിരുന്നു. സ്ഥലത്തെ ഇടവക വികാരി ഉള്‍പ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് കാര്യങ്ങള്‍ ധാരണയായിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



